തിരുവനന്തപുരം :ഹാരിസണ്‍, ടാറ്റ ഉള്‍പ്പടെയുള്ള വന്‍കിടക്കാര്‍ നിയമവിരുദ്ധമായി കയ്യേറിയ ഭൂമി ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് ഭരണഘടനാ വിരുദ്ധമാണെന്നും അത് നിലനില്‍ക്കില്ലെന്നും പറയുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിയമവകുപ്പ് സെക്രട്ടറിയുടെ വിചിത്രമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കയ്യോടെ തള്ളിക്കളയണം.വി.എം. സുധീരന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആണ് ഇങ്ങനെ ആവശ്യപ്പെട്ടത് .
ടാറ്റ, ഹാരിസണ്‍ തുടങ്ങിയവരുടെ കയ്യേറ്റങ്ങള്‍ അനധികൃതമായി കാണാനാകില്ലെന്നും അവരുടെ കൈവശമുള്ള ഭുമി കൈവശഭൂമിയായി മാത്രമേ കണക്കാക്കാനാകൂ എന്നുമുള്ള നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നത് സംസ്ഥാന സര്‍ക്കാരിലെ നിക്ഷിപ്ത താല്പര്യക്കാരുടെ കരുനീക്കങ്ങളാണ്.
വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ സര്‍ക്കാരിന് അനുകൂലമായി ഹൈക്കോടതിയുടെ വിധി ഉണ്ടായിട്ടും തുടര്‍നടപടികള്‍ മുന്നോട്ട് നീക്കുന്നതിലും കേസ്സുകള്‍ ഫലപ്രദമായി നടത്തുന്നതിലും സര്‍ക്കാരിന്റെ ഭാഗത്ത് പ്രകടമായ വീഴ്ചകളെക്കുറിച്ച് ബഹു. മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയില്‍ പെടുത്തുന്നതിന് ഞാന്‍ തന്നെ കത്തുകളയച്ചിരുന്നു. എന്നിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായ തണുപ്പന്‍ പ്രതികരണം വന്‍കിടക്കാരുടെ താല്‍പര്യം സംരക്ഷിക്കാനുള്ള ഗൂഢലക്ഷ്യത്തെയാണ് വ്യക്തമാക്കുന്നത്. ഇതിന്റെയെല്ലാം ഭാഗമാണോ നിയമ സെക്രട്ടറിയുടെ റിപ്പോര്‍ട്ടെന്ന് സംശയിക്കാവുന്ന സാഹചര്യമാണ് വന്നിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ നിയമവകുപ്പ് സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് പകരം വന്‍കിട കയ്യേറ്റക്കാരുടെ വക്കാലത്ത് ഏറ്റെടുത്ത വക്കീലിനെ പോലെ നിയമ സെക്രട്ടറി പ്രവര്‍ത്തിക്കുന്നതായിട്ടാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് കണ്ടാല്‍ ആര്‍ക്കും തോന്നുക. ഹൈക്കോടതി തള്ളിക്കളഞ്ഞ വന്‍കിടക്കാരുടെ വാദങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നത്.
വന്‍കിട കയ്യേറ്റക്കാരെ രക്ഷിച്ചെടുക്കുന്നതിനുള്ള വന്‍ ഗൂഢാലോചനയുടെ ഫലമാണ് നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.
സംസ്ഥാന സര്‍ക്കാര്‍ നേരത്തെ മുതല്‍ സ്വീകരിച്ചിട്ടുള്ള നയങ്ങള്‍ക്കും നിലപാടുകള്‍ക്കും സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്‍പര്യത്തിനും വിരുദ്ധമായ നിയമവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയാന്‍ ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തയ്യാറാകണം.
സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി വിധിക്കും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലങ്ങള്‍ക്കും തെല്ലും വില കല്‍പ്പിക്കാതെ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടിന് രൂപം കൊടുത്ത നിയമ സെക്രട്ടറിയുടെ നടപടിയെക്കുറിച്ച് സമഗ്രമായ അന്വേഷണം സര്‍ക്കാര്‍ നടത്തേണ്ടതാണ്.