കേസ് കൊടുത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറും ചെറിയാന്‍ ഫിലിപ്പ്; മാപ്പ് പറയണമെന്ന് സുധീരന്‍

തിരുവനന്തപുരം : ഫെയ്സ്ബുക്കില്‍ സ്ത്രീ വിരുദ്ധ പരാമാര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പ് മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് വി. എം സുധീരന്‍. സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന പരാമര്‍ശമാണ് ചെറിയാന്‍ ഫിലിപ്പ് നടത്തിയിരിക്കുന്നതെന്ന് സുധീരന്‍ പറഞ്ഞു.ഇത്തരമൊരു പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും കൂടുതല്‍ വിവാദമാകുന്നതിന് മുമ്പ് പോസ്റ്റ് പിന്‍വലിക്കാന്‍ ചെറിയാന്‍ ഫിലിപ്പ് തയ്യാറാകണമെന്നും സുധീരന്‍ പറഞ്ഞു. സ്ത്രീകളോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം തന്റെ നിലപാട് ആവര്‍ത്തിച്ച് ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വീണ്ടും. ബിന്ദു കൃഷ്ണ എനിക്കെതിരെ കേസ് കൊടുത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാറും. എന്നെ നുണ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. എന്റെ ഉപബോധമനസിലെ എല്ലാ സത്യങ്ങളും പുറത്തു വരും. ഞാന്‍ ബോധപൂര്‍വ്വം കള്ളം പറഞ്ഞുവെന്നു ആരും പറയില്ലല്ലോ. സ്ത്രീ വിരുദ്ധമെന്നും ആരും പറയില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്സ്ബുക്കില്‍‍ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പണ്ട് , ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നുവെന്നും ഗലീലിയോ പറഞ്ഞപ്പോള്‍ അത് തിരുത്തണമെന്ന് മതമേധാവികള്‍ പറഞ്ഞു – ഞാന്‍ തിരുത്തിയാലും പ്രപഞ്ച സത്യം ഇല്ലാതാവില്ലെന്നു ഗലീലിയോ മറുപടി നല്കി – സുധീരന്‍ പറയുന്നതുപോലെ ഞാന്‍ മാപ്പ് പറഞ്ഞാല്‍ സത്യം മരിക്കുകയില്ല – എ.കെ. ആന്റണി പ്രസിഡന്റും സുധീരന്‍ വൈസ് പ്രസിഡന്റും ആയിരുന്നപ്പോള്‍ ഞാന്‍ കെപിസിസി സെക്രട്ടറിയായിരുന്നു – മാന്യതയുടെ പേരില്‍ കോണ്‍ഗ്രസിലെ പല രഹസ്യങ്ങളും ഞാന്‍ പുറത്തു പറഞ്ഞിട്ടില്ല – ആത്മകഥയില്‍ പോലും – കോണ്‍ഗ്രസില്‍ ചില നേതാക്കള്‍ വനിതകളെ ചൂഷണം ചെയ്ത എത്രയോ കഥകള്‍ – എന്നെ സ്ത്രീ വിരുദ്ധനാക്കാന്‍ ശ്രമിച്ചാല്‍ പലതും തുറന്നു പറയേണ്ടി വരും – കോണ്‍ഗ്രസില്‍ ‘ചില’ വനിതകള്‍ എങ്ങനെ സീറ്റ് നേടിയെന്ന നാറുന്ന കഥകള്‍ – അവയെല്ലാം സുധീരനും അറിവുള്ളതാണല്ലോ – ഇവിടെയും ഞാന്‍ കുറ്റപ്പെടുത്തുന്നത് പുരുഷ നേതാക്കളെയാണ് – എന്റെ കൊച്ചനുജത്തിമാരായ ഷാനിമോള്‍, ബിന്ദു കൃഷ്ണ എന്നിവര്‍ ദയവായി എന്നെ സ്ത്രീ വിരുദ്ധനാക്കല്ലേ – അവര്‍ക്ക് കുട്ടിക്കാലം മുതല്‍ എന്നെ അടുത്തറിയാമല്ലോ

സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയിട്ടില്ലെന്നും സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് പരാമര്‍ശിച്ചതെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കിയിരുന്നു. ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാന്‍ നടത്തിയിട്ടില്ല – ഒരു സ്ത്രീയെയും ഞാന്‍ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല- സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ് – സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത് – ഈ സാംസ്കാരിക ജീര്‍ണതക്കെതിരെ ശബ്ദം ഉയര്‍ത്തേണ്ടത് സ്ത്രീ തന്നെയാണ് – സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് ഞാന്‍ പരോക്ഷമായി വിമശിച്ചതെന്നുമായിരുന്നു വിശദീകരണം.

വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയതിനെക്കുറിച്ചായിരുന്നു ചെറിയാന്‍ ഫിലിപ്പിന്റെ ആദ്യ പോസ്റ്റ്. ഇതിന്റെ ചുവടുപിടിച്ചുണ്ടായ വിമര്‍ശനങ്ങളാണ് വിശദീകരണ പോസ്റ്റുകളിലേക്ക് നശിച്ചത്. യൂത്ത് കോണ്‍ഗ്രസുകാരുടെ ഉടുപ്പഴിക്കല്‍ സമരം മാതൃകപരമായ ഒരു സമര മാര്‍ഗമാണെന്നും, ഈ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്ക് പണ്ട് സീറ്റു കിട്ടിയിട്ടുണ്ടെന്നുമാണ് ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ്.

കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയതിനെക്കുറിച്ചായിരുന്നു പരാമര്‍ശമെങ്കിലും സ്ത്രീകളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു. ഫെയ്സ്ബുക്കില്‍ അദ്ദേഹത്തിന്റെ പോസ്റ്റിനു കമന്റായി നിരവധിപ്പേരാണ് വിമര്‍ശനമുന്നയിച്ചത്.

Top