വെള്ളാപ്പള്ളിക്കെതിരെ വിഎം സുധീരന്‍..!! സിപിഎം ബിജെപി ബന്ധത്തിന്റെ കണ്ണികളാണെന്നും വിമര്‍ശനം

ആലപ്പുഴ: എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. സുധീരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സുധീരന്‍ ആഞ്ഞടിച്ചത്. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് മുന്‍ എംഎല്‍എ ഡി സുഗതന്‍ വര്‍ത്താ സമ്മേളനത്തില്‍നിന്നും ഇറങ്ങിപ്പോയി.

വെള്ളാപ്പള്ളിയെ കുറ്റം പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വെള്ളാപ്പള്ളിയെ ചീത്ത വിളിക്കുന്നിടത്തു താന്‍ ഇരിക്കേണ്ട കാര്യമില്ലെന്നു സുഗതന്‍ പറഞ്ഞു. എസ്എന്‍ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗമാണു സുഗതന്‍. എന്നാല്‍ വാര്‍ത്താസമ്മേളനത്തിനു പിന്നാലെ നടന്ന ഡിസിസി യോഗത്തില്‍ സുധീരന്‍ പൊട്ടിത്തെറിച്ചു. പാര്‍ട്ടിയില്‍ യൂദാസുകളുണ്ടെന്നും പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്ന ഇവരെ ഒഴിവാക്കണമെന്നും സുധീരന്‍ പറഞ്ഞു. സിപിഎമ്മിനെയും ബിജെപിയെയും സഹായിക്കുന്നവരാണ് ഇക്കൂട്ടരെന്നും അദ്ദേഹം പറഞ്ഞെന്നാണു വിവരം.

എപ്പോഴും അഭിപ്രായം മാറ്റി വിശ്വാസ്യത നഷ്ടപ്പെടുത്തുന്നയാളാണ് വെള്ളാപ്പള്ളി എന്നാണ് സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വ്യക്തിപരമായി ആരോടും വിദ്വേഷമില്ല. വെള്ളാപ്പള്ളിയുടെ നിലപാടുകളോടാണു വിയോജിപ്പ്. മഹാരഥന്മാര്‍ ഇരുന്ന സ്ഥാനത്തിരിക്കുന്നയാളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നത് വേദനാജനകമാണ്. വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗത്തെ തെറ്റായ ദിശയില്‍ കൊണ്ടുപോകുന്നു- സുധീരന്‍ ആരോപിച്ചു.

മകന്‍ ബിജെപിക്കൊപ്പവും അച്ഛന്‍ സിപിഎമ്മിനൊപ്പവുമാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍നിന്നു തങ്ങള്‍ക്കു പ്രശ്‌നമൊന്നും വരാതിരിക്കാനാണ് ഇതിലൂടെ നോക്കുന്നത്. സിപിഎം- ബിജെപി ബന്ധത്തിന്റെ കണ്ണിയായി വെള്ളാപ്പള്ളിയും മകനും മാറി- സുധീരന്‍ പറഞ്ഞു.

Top