കോണ്‍ഗ്രസ്‌കാരനായ ആര്‍.ശങ്കറിനെ കാവി പുതപ്പിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്: ഡീന്‍ കുര്യാക്കോസ്‌

കേരളത്തില്‍ സാമൂഹിക മാറ്റത്തിന് നേതൃത്വം നല്‍കിയ ധീരനായ കോണ്‍ഗ്രസ്‌ നേതാവായിരുന്ന ആര്‍. ശങ്കറിനെ കാവി പുതപ്പിക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം അപലപനീയമാണ് എന്ന് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസ്‌.

മുഖ്യമന്ത്രിയെ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള അദ്ദേഹത്തിന്‍റെ ശ്രമം ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. ആര്‍. ശങ്കറെ ആര്‍.എസ്.എസ്. കാര്യാലയത്തില്‍ പ്രതിഷ്ടിക്കാമെന്ന് വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. ശിവഗിരി മഠത്തില്‍ പ്രധാനമന്ത്രിയെ ക്ഷണിക്കാത്തത്തിലുള്ള ബി.ജെ.പി.യുടെ അസഹിഷ്ണുതയാണ് ഫെഡറല്‍ സംവിധാനത്തില്‍ , പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നും മുഖ്യമന്ത്രി പങ്കെടുക്കണമെന്ന കീഴ്വഴക്കം അട്ടിമറിക്കാന്‍ കാരണമായിട്ടുള്ളത്. ഒരു സംസ്ഥാനത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉണ്ടായിരിക്കണമെന്നത് കീഴ്വഴക്കമാണ്. മുന്‍പൊരിക്കലും അത് ലംഘിക്കപ്പെട്ടിട്ടില്ല. ബി.ജെ.പി.യുടെ കേന്ദ്ര നേതൃത്വത്തിന്റെ തീട്ടൂരമനുസരിച്ച് വെള്ളാപ്പള്ളി തീവ്ര വര്‍ഗീയ വിഷം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നിലപാട് ഉടലെടുത്തിട്ടുള്ളത്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നരേന്ദ്രമോദി നിര്‍മ്മിച്ചത്കൊണ്ട് പട്ടേല്‍ കോണ്‍ഗ്രസ്‌കാരന്‍ അല്ലാതാവുന്നതില്ല എന്നതുപോലെ ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദനത്തില്‍ നിന്നും മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തിയാല്‍ അദ്ദേഹം കോണ്‍ഗ്രസ്‌കാരനല്ലാതായി മാറുന്നില്ല എന്നും ഇക്കൂട്ടര്‍ തിരിച്ചറിയണം എന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top