കൊച്ചി :കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസിൽ സ്ത്രീകൾ മൊഴി നൽകാൻ വിസമ്മതിച്ചാൽ പൊലീസ് നിയമോപദേശം തേടും. രാഹുലിനെതിരെ ഇതുവരെ ആരും നേരിട്ട് പരാതി നൽകാത്തതിനാൽ ക്രൈംബ്രാഞ്ച് അങ്ങോട്ട് ചെന്ന് രേഖപ്പെടുത്തുന്ന മൊഴികളിൽ ശക്തമായ തെളിവുകൾ ലഭിച്ചാലെ അന്വേഷണം മുന്നോട്ട് നീങ്ങു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് കൂടുതൽ കോണ്‍ഗ്രസ് നേതാക്കള്‍. രാഹുലിനെതിരെ പരാതിയില്ലെന്നും നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തുന്നതിൽ തടസ്സമില്ലെന്നും കെ മുരളീധരനും അടൂര്‍ പ്രകാശും വ്യക്തമാക്കി.ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന് പിന്തുണ നൽകുന്നത്. അതേസമയം,വിശദീകരണം പോലും ചോദിക്കാതെ സസ്പെന്‍ഡ് ചെയ്തതിലെ അതൃപ്തിയിലാണ് എ ഗ്രൂപ്പ്. ഈ മാസം പതിനഞ്ചിന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ അവധിയെടുത്ത് മാറി നിൽക്കുന്നതാണ് വിഷയത്തിൽ ഭരണപക്ഷത്തിന്‍റെ വായടിപ്പിക്കാൻ നല്ലതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ അനുകൂലിക്കുന്നവരുടെ പക്ഷം.
എന്നാൽ, സസ്പെന്‍ഷന് കൈപൊക്കിയവര്‍ പോലും സഭയിൽ നിന്ന് രാഹുലിനെ വിലക്കാനാവില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വന്നാലും സമാന ആരോപണം നേരിടുന്നവരെ ചൂണ്ടി ഭരണപക്ഷത്തെ നേരിടാമെന്നാണ് വാദം.
രാഹുലിനെതിരെ ഇതുവരെ പരാതിയില്ലെന്നും നിയമസഭയിൽ വരുന്നതിൽ തടസ്സമില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. ശരിയായ കോഴികള്‍ ഭരണപക്ഷത്തുണ്ടെന്നും കെ മുരളീധരൻ പരിഹസിച്ചു. അതേസമയം, രാഹുലിനെതിരായ ആരോപണങ്ങളെ ലഘൂകരിച്ച് കണ്ടാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പിന്തുണ ആവര്‍ത്തിക്കുന്നത്. കടുത്ത നടപടിയാണ് രാഹുലിനെതിരെ എടുത്തതെന്നും മാറ്റി നിര്‍ത്തൽ തത്കാലത്തേക്കെന്നും യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. രാഹുൽ പങ്കെടുക്കാൻ തീരുമാനിച്ചാൽ സംരക്ഷണം നൽകേണ്ടത് നിയമസഭാ സെക്രട്ടേറിയറ്റിന്‍റെയും സര്‍ക്കാരിന്‍റെയും നിയമപരമായ ബാധ്യതയാണെന്ന് മുന്‍ മന്ത്രി കെസി ജോസഫും പ്രതികരിച്ചു.
രാഹുലിനെതിരെ സാമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയ കേസ് രജിസ്റ്റർ ചെയ്തത് .ഡിവൈഎസ്പി എൽ. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.13ഓളം പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളത്. അതിൽ പത്തും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയിൽ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യംചെയ്യുക.
അതിനിടെ, ലൈംഗികാരോപണ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയാണെന്ന് സ്പീക്കറെ അറിയിക്കാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. അടുത്തയാഴ്ച നിയസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നീക്കം. ഗർഭഛിദ്ര ശബ്ദരേഖയിലെ യുവതിയെ കണ്ടെത്താൻ മാധ്യമപ്രവർത്തകരിൽ നിന്നും വിവരം ശേഖരിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയെന്ന റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. അംഗങ്ങൾക്ക് സഭയിൽ പങ്കെടുക്കുന്നതിൽ തടസമില്ല. രാഹുലിനെതിരെ പ്രതിഷേധം ഉണ്ടാവുമോ എന്ന കാര്യം തനിക്ക് പറയാനാവില്ലെന്നും എ എൻ ഷംസീർ പറഞ്ഞു.
മുകേഷിന്റെ വിഷയവും രാഹുൽ മാങ്കൂട്ടത്തിന്റെ വിഷയവും താരതമ്യം ചെയ്യാനാകില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഇന്നലെ പറഞ്ഞിരുന്നു. നിയമസഭയിൽ അതുയർത്തി കോൺഗ്രസിന് പ്രതിരോധം തീർക്കാൻ കഴിയില്ല. സഭയ്ക്കകത്തും പുറത്തും രാഹുൽ മാങ്കൂട്ടത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വി കെ സനോജ് പറഞ്ഞു.










