സഭയിലെ ഭൂമി വിവാദം വീണ്ടും കത്തുന്നു: അന്വേഷണ റിപ്പോര്‍ട്ട് തള്ളി ആലഞ്ചേരി; പിഴവുകള്‍ എടുത്ത് പറഞ്ഞ റിപ്പോര്‍ട്ട് അംഗീകരിച്ചില്ല

കൊച്ചി: വന്‍ വിവാദമായ സിറോ മലബാര്‍ സഭയിലെ ഭൂമി വിവാദം വീണ്ടും കത്തുന്നു. ഭൂമി ഇടപാടിനെക്കുറിച്ചുള്ള വൈദിക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കര്‍ദിനാള്‍ ആലഞ്ചേരി അംഗീകരിച്ചില്ല. ഇന്ന് കൂടിയ വൈദിക സമിതി യോഗത്തിലാണ് കര്‍ദിനാള്‍ റിപ്പോര്‍ട്ട് തള്ളിയത്.

ഭൂമിയിടപാടില്‍ ഇടഞ്ഞു നില്‍ക്കുന്ന വൈദികരെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് കര്‍ദിനാള്‍ യോഗം വിളിച്ചുചേര്‍ത്തത്. ഈ യോഗത്തില്‍ വച്ച റിപ്പോര്‍ട്ടില്‍ ഭൂമി വില്‍പ്പനയില്‍ കര്‍ദിനാളിനടക്കം പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം.

ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കര്‍ദിനാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് യോഗം തീരുമാനാവാതെ പിരിഞ്ഞു. ഭൂമിയിടപാടിന്റെ രേഖകള്‍ പള്ളികളില്‍ സര്‍ക്കുലറായി വായിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഇക്കാര്യം കര്‍ദിനാള്‍ സമ്മതിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ സര്‍ക്കുലര്‍ തയ്യാറാവും. ഭൂമിയിടപാടിലുണ്ടായ പിഴവുകള്‍ പുറത്തുകൊണ്ടുവന്ന വൈദികര്‍ക്കെതിരെ നടപടിയുണ്ടാവില്ല എന്ന കാര്യവും സര്‍ക്കുലറില്‍ ചേര്‍ക്കണമെന്നും ആവശ്യമുയര്‍ന്നു.

സഭയുടെ ഭൂമിയിടപാട് സംബന്ധിച്ചുള്ള പരാതി കോടതിയുടെ പരിഗണനയിലുണ്ട്. തര്‍ക്കത്തില്‍ സാക്ഷികളായ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉള്‍പ്പടെ അഞ്ച് വൈദികര്‍ക്ക് കോടതി 29ന് നോട്ടീസ് നല്‍കിയിരുന്നു. 31ന് എല്ലാവരും കോടതിയില്‍ ഹാജരാവണമെന്നാണ് നോട്ടീസിലുള്ളത്.

കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ പ്രസിഡന്റ് പോളച്ചന്‍ പുതുപ്പാറയാണ് കോടതിയില്‍ ഇടപാട് സംബന്ധിച്ച് ഹര്‍ജി ഫയല്‍ ചെയ്തത്.

ഭൂമിയിടപാട് സംബന്ധിച്ച് കര്‍ദിനാളിനെയും സഹായമെത്രാന്‍മാരെയും വൈദികരെയും അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വൈദിക സമിതി യോഗം അംഗീകരിച്ച പ്രമേയം പറയുന്നു.

Top