കല്‍പ്പറ്റ: മാവോയിസ്റ്റ് നേതാക്കള്‍ക്ക് നേരെ ഏകപക്ഷിയമായ വെടിവയ്പ്പാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍. രോഗശയ്യയിലായിരുന്ന മാവോയിസ്റ്റ് നേതാക്കളെ വെടിവയ്ക്കുകയായിരുന്നെന്ന മാവോയിസ്റ്റ് വക്താവിന്റെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് പുറത്ത് വരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്.
പ്രമേഹവും രക്തസമ്മര്‍ദവും ബാധിച്ച് അവശനിലയിലായ കുപ്പു ദേവരാജനും ശസ്ത്രക്രിയയ്ക്കു വിധേയയായ അജിതയും നിലമ്പൂര്‍ കരുളായി പടുക്ക വനത്തിലെ ക്യാമ്പില്‍ വിശ്രമിക്കവേ പോലീസ് കമാന്‍ഡോകള്‍ ഏകപക്ഷീയമായി വിവേചനരഹിതമായിവെടിവച്ചുവീഴ്ത്തുകയായിരുന്നുവെന്ന് സി.പി.ഐ. മാവോയിസ്റ്റ് പ്രതിനിധി സംഘം വെളിപ്പെടുത്തിയതായി മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരുവര്‍ക്കും ചെറുത്തുനില്‍ക്കാന്‍പോയിട്ട് എണീറ്റ് ഓടാന്‍പോലും ശേഷിയുണ്ടായിരുന്നില്ല.ഇവരോടു കീഴടങ്ങാന്‍പോലും പോലീസ് ആവശ്യപ്പെട്ടില്ല. ക്യാമ്പ് വളഞ്ഞ കമാന്‍ഡോകള്‍ ഉച്ചത്തില്‍ അലറിക്കൊണ്ട് തുരുതുരാ നിറയൊഴിച്ച് പാഞ്ഞുവരുകയായിരുന്നു. സി.പി.ഐ. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമായ കുപ്പു ദേവരാജന്‍ കടുത്ത രക്തസമ്മര്‍ദവും പ്രമേഹവും ബാധിച്ച് അവശനായിരുന്നു.
വാഹനാപകടത്തില്‍ പരുക്കേറ്റ അജിതയ്ക്ക് വയറ്റില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇവര്‍ക്കു കാഴ്ചശക്തിയും കുറവായിരുന്നു. രണ്ടുപേര്‍ക്കും പരസഹായം വേണം. ഭാരം എടുക്കാനും ഓടാനും കഴിയില്ല. ഇവരെ പരിചരിക്കാന്‍ ക്യാമ്പില്‍ ആളുകളെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് മാവോയിസ്റ്റ് പ്രതിനിധി പറഞ്ഞു.
ഉച്ചയ്ക്ക് ഒരുമണിയോടെ കമാന്‍ഡോ ആക്രമണം ഉണ്ടാകുമ്പോള്‍ കുപ്പുദേവരാജനും അജിതയും അടക്കം ആറുപേരാണ് ക്യാമ്പിലുണ്ടായിരുന്നുത്. മറ്റുള്ളവര്‍ ഗ്രാമങ്ങളില്‍ പോയിരുന്നു.
കുപ്പുദേവരാജന്റെയും അജിതയുടെയും സംരക്ഷണത്തിനാണ് നാലുപേര്‍ ക്യാമ്പില്‍ കഴിഞ്ഞത്. ഇരുവരും വീണതോടെ ബാക്കിയുള്ളവര്‍ പോലീസിനു നേരെ വെടിയുതിര്‍ത്ത് പിന്‍വലിയുകയായിരുന്നുവെന്നും മാവോയിസ്റ്റ് അംഗം പറഞ്ഞു. ഇവര്‍ക്കു വേണ്ടിയുള്ള മരുന്നുകളാണ് ക്യാമ്പില്‍ ഉണ്ടായിരുന്നതെന്നും അജിതയുടെയും കുപ്പു ദേവരാജന്റെയും മൃതദേഹങ്ങള്‍ വിദഗ്ധപരിശോധനക്ക് വിധേയമാക്കിയാല്‍ അവരുടെ രോഗാവസ്ഥ മനസിലാകുമെന്നും ഇതിന് ഭരണകൂടം തയാറുണ്ടോയെന്നും സി.പി.ഐ. മാവോയിസ്റ്റ് പ്രതിനിധി വെല്ലുവിളിച്ചു.