കൊച്ചി: ലാവ്‌ലിന്‍ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെ കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന്റെ അറസ്റ്റിലേയ്ക്കു സിബിഐ നീങ്ങുന്നത് സിപിഎം വൃത്തങ്ങളെ വെട്ടിലാക്കുന്നു. ലാവ്‌ലിന്‍ കേസില്‍ പ്രാഥമിക വാദം കേട്ട കോടതി പുറപ്പെടുവിച്ച അഭിപ്രായങ്ങള്‍ സിപിഎമ്മിനും പിണറായി വിജയനും അത്ര ശുഭസൂചകമല്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട മറു തന്ത്രങ്ങള്‍ സിപിഎം ആലോചിക്കുകയാണ്.
ഹൈക്കോടതി വിധി എതിരായാല്‍ തിരഞ്ഞെടുപ്പില്‍ നിന്നു മാറി നില്‍ക്കാന്‍ താന്‍ സന്നദ്ധനാണെന്ന വിവരം പിണറായി വിജയന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് സൂചനകള്‍. തിരഞ്ഞെടുപ്പില്‍ പിണറായിയും വിഎസും ചേര്‍ന്നു നയിക്കുമെങ്കിലും മറ്റാരെങ്കിലും താല്കാലിക മുഖ്യമന്ത്രിയായി വരുമെന്ന സൂചനയാണ് ലഭിക്കുന്നത്. പിണറായി വിജയന്‍ കേസില്‍ നിന്നു മുക്തനാകും വരെയാവും ഈ മുഖ്യമന്ത്രിക്കു സ്ഥാനം. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ പേരാണ് പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത്. എം.എ ബേബിയുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും, അടുത്ത തവണ നിയമസഭയിലേയ്ക്കു മത്സരിക്കാനില്ലെന്ന നിലപാടിലാണ് ബേബി ഇപ്പോള്‍.
എന്നാല്‍, കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെ സിബിഐ പ്രതിചേര്‍ത്തതോടെയാണ് സിപിഎമ്മില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തത്.
നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) 18, 19 വകുപ്പുപ്രകാരം പ്രേരണ, ഗൂഢാലോചനാക്കുറ്റങ്ങള്‍ ചുമത്തി, 25ാം പ്രതിയായാണു ജയരാജനെ ഉള്‍പ്പെടുത്തിയത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സി.ബി.ഐ: ഡിവൈ.എസ്.പി: ഹരി ഓംപ്രകാശ് തലശേരി കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തേ ചോദ്യംചെയ്ാന്‍ വിയളിപ്പിച്ച് സി.ബി.ഐ. നോട്ടീസ് നല്‍കിയിരുന്നെങ്കിലും ജയരാജന്‍ ഹാജരായിരുന്നില്ല. പകരം തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍, കേസില്‍ പ്രതിയല്ലാത്തതിനാല്‍ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടു.
മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനേത്തുടര്‍ന്നു ദേഹാസ്വാസ്ഥ്യമുണ്ടായ ജയരാജന്‍ ഇപ്പോള്‍ കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഒരാഴ്ചത്തെ പൂര്‍ണവിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ജില്ലാ സെക്രട്ടറി ചികിത്സയിലായതിനാല്‍ ചുമതല മറ്റൊരാളെ ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നതിനിടെയാണു സി.ബി.ഐ. തീരുമാനം പുറത്തുവന്നത്. ഇതേത്തുടര്‍ന്ന്, തല്‍ക്കാലം ചുമതലമാറ്റം വേണ്ടെന്നുവച്ച് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടാന്‍ യോഗം തീരുമാനിച്ചു. ഇന്നു സെഷന്‍സ് കോടതിയില്‍ ജയരാജനുവേണ്ടി ജാമ്യഹര്‍ജി നല്‍കും. മേല്‍ക്കോടതിയെ സമീപിക്കേണ്ട കാര്യമില്ലെന്നും സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാന്‍ നിയമതടസമില്ലെന്നും ജയരാജന്റെ അഭിഭാഷകന്‍ കെ. വിശ്വന്‍ പറഞ്ഞു.
എന്നാല്‍, കേസില്‍ ഇനി കോടതി ജയരാജനു മുന്‍കൂര്‍ജാമ്യം അനുവദിച്ചാലും യു.എ.പി.എ. വകുപ്പുപ്രകാരം അറസ്റ്റ് ചെയ്യാം. ഈ വകുപ്പുപ്രകാരം, കുറ്റപത്രം നല്‍കുന്നതിനു മുമ്പ് ആറുമാസംവരെ ജാമ്യമില്ലാതെ തടവില്‍വയ്ക്കാം. കേസില്‍ നേരത്തേ അറസ്റ്റിലായവരെ ഇങ്ങനെ തടവില്‍വച്ചിരുന്നു. ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസിലും ജയരാജന്‍ പ്രതിയാണ്. മനോജ് വധക്കേസില്‍ ഇതുവരെ അറസ്റ്റിലായ മറ്റു പ്രതികള്‍ക്കുമേല്‍ ചുമത്തിയ എല്ലാ വകുപ്പുകളും ജയരാജനു ബാധകമാണ്. അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ചുമത്തപ്പെട്ടിരിക്കുന്നത്.
ജയരാജനെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യാനിടയില്ലെന്നാണു സി.ബി.ഐ. നല്‍കുന്ന സൂചന. ജാമ്യഹര്‍ജിയില്‍ കോടതിയുടെ തീര്‍പ്പിനുശേഷം സ്വമേധയാ അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകട്ടെ എന്ന നിലപാടാകും സി.ബി.ഐ. കൈക്കൊള്ളുക. എന്നാല്‍, ജയരാജന്റെ ആരോഗ്യനിലയെപ്പറ്റി ആശുപത്രി അധികൃതരോടു റിപ്പോര്‍ട്ട് തേടും.
ജയരാജന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍, മറ്റു പ്രതികളുടെ മൊഴി, തെളിവുകള്‍ എന്നിവ പരിശോധിച്ചപ്പോള്‍ ഗൂഢാലോചനയിലും പ്രതികള്‍ക്കു സംരക്ഷണമൊരുക്കുന്നതിലും അദ്ദേഹത്തിന്റെ സഹായം വ്യക്തമായെന്നു സി.ബി.ഐ. റിപ്പോര്‍ട്ടിലുള്ളതായാണു സൂചന.ചോദ്യംചെയ്തശേഷം ജയരാജനെ പ്രതിചേര്‍ക്കാനായിരുന്നു സി.ബി.ഐ. നീക്കം. എന്നാല്‍, അദ്ദേഹം ഹാജരാകാത്തതിനാല്‍ നടപടി നീണ്ടുപോകുന്ന സാഹചര്യത്തിലാണു പ്രതിചേര്‍ത്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തിരുവനന്തപുരം സി.ബി.ഐ. ഓഫീസില്‍ ഒരുതവണ ജയരാജന്‍ ചോദ്യംചെയ്യലിനു ഹാജരായെങ്കിലും മറ്റു നോട്ടീസുകള്‍ക്കെല്ലാം അനാരോഗ്യം ചൂണ്ടിക്കാട്ടി മറുപടി നല്‍കുകയായിരുന്നു. രണ്ടുതവണ മുന്‍കൂര്‍ജാമ്യത്തിനു കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല. രണ്ടാംതവണയും മുന്‍കൂര്‍ജാമ്യഹര്‍ജി തള്ളിയതിനുപിന്നാലെ സി.ബി.ഐ. പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു.
കേസില്‍ ആദ്യം 19 പേരെ പ്രതിചേര്‍ത്താണു കോടതിയില്‍ ഭാഗികകുറ്റപത്രം നല്‍കിയത്. അതിനുശേഷം അഞ്ചുപേരെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തി, ഇപ്പോള്‍ പി. ജയരാജനും. കൊല്ലപ്പെട്ട മനോജിനോടു സി.പി.എമ്മിനും ജയരാജനും വിരോധമുണ്ടായിരുന്നതായി തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. 1999 ഓഗസ്റ്റ് 25നു ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായിരുന്നു മനോജ്. സി.പി.എമ്മിനെതിരായ നിരവധി രാഷ്ട്രീയക്കേസുകളിലും അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു മനോജിനെ ഉന്മൂലനം ചെയ്യാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു. ബി.ജെ.പിയിലേക്കു പ്രവര്‍ത്തകരുടെ ഒഴുക്കു തടയാന്‍ സി.പി.എം. നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്തതാണു കൊലപാതകമെന്നും സി.ബി.ഐ. ആരോപിക്കുന്നു. മനോജ് വധക്കേസിലെ ഒന്നാംപ്രതി കെ. വിക്രമനും പി. ജയരാജനുമായി ഉറ്റബന്ധമുണ്ടെന്നതിനുള്ള തെളിവുകളും കുറ്റപത്രത്തില്‍ നിരത്തുന്നു.
നേരത്തേ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനനു വിക്രമനുമായോ മറ്റു പ്രതികളുമായോ നേരിട്ടു ബന്ധമില്ല. വിക്രമനു വേണ്ടകാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ മധുസൂദനനോടു നിര്‍ദേശിച്ചതു ജില്ലാ സെക്രട്ടറിയാണെന്നാണു സി.ബി.ഐ. നിരീക്ഷണം. പാട്യം സഹകരണ ബാങ്കില്‍ പ്യൂണായ വിക്രമന്റെ ഭാര്യ, ജയരാജന്‍ പ്രസിഡന്റായിരുന്ന പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ ക്ലര്‍ക്കാണെന്നും മൂന്നാംപ്രതി പ്രകാശന്‍ ഇതേ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍വൈരാഗ്യം കൊണ്ടാണു മനോജിനെ വധിച്ചതെന്നു കേസ് ആദ്യമന്വേഷിച്ച ക്രൈംബ്രാഞ്ചിനോടു വിക്രമന്‍ പറഞ്ഞിരുന്നെങ്കിലും പിന്നീടു സി.ബി.ഐ. ചോദ്യംചെയ്തപ്പോള്‍ മൊഴിമാറ്റി. പി. ജയരാജനെ ആക്രമിച്ചതിന്റെ വൈരാഗ്യം മൂലമാണു മനോജിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പുതിയ മൊഴി.