തിരുവനന്തപുരം: ലോ അക്കാദമിയില്‍ സമരം ശക്തമാകുമെന്ന മുന്നറിയിപ്പിനിടിയില്‍ അക്കാദമി അനിശ്ചിതാകാലത്തേയ്ക്ക് അടച്ചു. നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് നേരത്തെ മാനേജ്‌മെന്റ് അറിയിച്ചിരുന്നെങ്കിലും സംഘര്‍ഷത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് കണ്ടതോടെയാണ് കോളേജ് അടച്ചിടാന്‍ തീുമാനമായത്. രാജിയില്‍ കുറഞ്ഞൊരു കാര്യവും അംഗീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികളും രാജിവയ്ക്കില്ലെന്ന് ലക്ഷ്മിനായരും പിടിവാശിയിലായതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. എസ് എഫ് ഐ സമരത്തില്‍ നിന്ന് പിന്മാറിയ സാഹചര്യത്തില്‍ ഭൂരിപക്ഷം കുട്ടികളും ക്ലാസിലെത്തുമെന്നായിരുന്നു മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ക്ലാസ് തുടങ്ങിയാല്‍ ശക്തമായി നേരിടുമെന്ന് കെ മുരളീധരനും മാര്‍ച്ച് നടത്തുമെന്ന് എബിവിപ്പിയും പ്രഖ്യാപിച്ചതോടെ കണക്കുകൂട്ടലുകള്‍ തെറ്റി.
ഇരുപത്തിയാറ് ദിവസം പിന്നിടുന്ന സമരത്തിന് പിന്തുണയുമായി കൂടുതല്‍ രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തുന്നതിന്റെ ആവേശത്തിലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍.ഇതിനിടെ വിദ്യാര്‍ത്ഥി സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് നിരാഹാര സമരം നടത്തുന്ന കെ. മുരളീധരന്‍ എംഎല്‍എയെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി സന്ദര്‍ശിച്ചു.
ലോ അക്കാദമിയിലെ സമരം കേരളത്തില്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമാണെന്ന് ആന്റണി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് മുരളീധരന്‍ നിരാഹാര സമരം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് എന്നതിനപ്പുറം പ്രദേശത്തെ ജനപ്രതിനിധികൂടിയാണ് അദ്ദേഹം. പ്രശ്‌നത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ ശ്രമിക്കാതിരുന്ന അദ്ദേഹത്തിന്റെ പക്വതയെ അഭിനന്ദിക്കുന്നു. വിദ്യാര്‍ത്ഥികളുടെ സമരവും ഉപവാസ സമരവും പൂര്‍ണമായും വിജയിക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും എ.കെ ആന്റണി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് വി എം. സുധീരനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അടക്കമുള്ള നേതാക്കള്‍ നേരത്തേ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അനാവശ്യ പരാമര്‍ശത്തില്‍ വേദനിക്കുന്ന മുന്‍ എംപി നടരാജപിള്ളയുടെ കുടുംബത്തോടും സമൂഹത്തോടും പിണറായി വിജയന്‍ മാപ്പു പറയണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. രാജ്യസ്വാതന്ത്ര്യത്തിന് വേണ്ടി ത്യാഗം സഹിച്ചയാളാണ് നടരാജപിള്ള. ദിവാന്‍ ഭരണത്തിനെതിരെ അദ്ദേഹം ശക്തമായ നിലപാടെടുത്തു. മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ലോ അക്കാദമി മാനേജ്മെന്റിനെ ന്യായീകരിക്കാനുള്ള വ്യഗ്രതയില്‍ ഉണ്ടായതാണെന്നും സുധീരന്‍ ആരോപിച്ചു.