ലോ അക്കാദമി:റവന്യൂ സെക്രട്ടറി ഇന്നു പരിശോധന നടത്തും.ഭൂമി പിടിച്ചെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിനായി സര്‍ക്കാര്‍ അനുവദിച്ച ഭൂമി വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ വിനിയോഗിച്ചെന്ന പരാതിയില്‍ റവന്യൂ സെക്രട്ടറി പി എച്ച് കുര്യന്‍ ഇന്നു അക്കാദമിയിലെത്തി പരിശോധന നടത്തും. ലോ അക്കാദമി ഭൂവിനിയോഗത്തില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്നാണ് റവന്യൂവകുപ്പിന്റെ റിപോര്‍ട്ട്. ലോ അക്കാദമിക്ക് കൈമാറിയ 11 ഏക്കറില്‍ കോളജ് പ്രവര്‍ത്തിക്കുന്നത് ഒന്നര ഏക്കറില്‍ മാത്രമാണെന്ന് അന്വേഷണം നടത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ കലക്ടര്‍ക്ക് കൈമാറിയ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബാങ്കിന് വാടകയ്ക്ക് കെട്ടിടം നല്‍കിയത് ചട്ടലംഘനമാണ്. കാന്റീന്‍ എന്ന പേരില്‍ റസ്‌റ്റോറന്റ് നടത്തുന്നുവെന്നും അധികഭൂമി തിരിച്ചുപിടിക്കണമെന്നും റിപോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. റവന്യൂ മന്ത്രിയുടെ നിര്‍ദേശാനുസരണം നടത്തിയ പരിശോധനയിലാണ് ഗുരുതര ചട്ടലംഘനം നടന്നതായി കണ്ടെത്തിയത്. അതേസമയം, അന്വേഷണ റിപോര്‍ട്ട് കലക്ടര്‍ കൈമാറിയതായി റവന്യൂ സെക്രട്ടറി പി എച്ച് കുര്യന്‍ വ്യക്തമാക്കി. റിപോര്‍ട്ട് പരിശോധിച്ചുവരുകയാണ്. സര്‍ക്കാര്‍ ലോ അക്കാദമിക്ക് വ്യവസ്ഥകളോടെ പതിച്ചുനല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് എല്ലാവശവും പരിശോധിച്ച ശേഷമാവും അന്തിമ റിപോര്‍ട്ട് നല്‍കുകയെന്നും റവന്യൂ സെക്രട്ടറി അറിയിച്ചു. ടോട്ടല്‍ സ്‌റ്റേഷന്‍ സങ്കേതികവിദ്യ ഉപയോഗിച്ച് സാറ്റലൈറ്റ് മാപ്പിങ് സംവിധാനത്തില്‍ സര്‍വേ നടത്തിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. ഭൂമിയുടെ രേഖകളും പ്ലാനും കലക്ടറുടെ റിപോര്‍ട്ടിലുണ്ട്. അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമിയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായ ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോ അക്കാദമിയുടെ ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാരോ മുന്‍സര്‍ക്കാരോ കണ്ടുകെട്ടിയ ഭൂമിയല്ലിത്. സി.പി. രാമസ്വാമി അയ്യര്‍ കണ്ടുകെട്ടിയ ഭൂമിയാണ്. പിന്നീട് പണം വാങ്ങി പതിച്ചു നല്‍കിയ ഭൂമി തിരിച്ചെടുക്കാനാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരണാകരന്‍ മുഖ്യമന്ത്രിയായ കാലത്താണ് ഭൂമി പതിച്ചു നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.low1
മുന്‍മന്ത്രി പി.എസ്. നടരാജപിള്ളയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല.അദ്ദേഹത്തോട് ബഹുമാനം മാത്രമേയുള്ളൂ. നടരാജപിള്ളയുടെ പിതാവിനോടും വിരോധമില്ല. പേര് ഓര്‍മയില്‍ വരാത്തതുകൊണ്ടാണ് ഏതോ ഒരു പിള്ള എന്ന് പറഞ്ഞത്. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും പിണറായി വിശദീകരിച്ചു. രാജഭരണകാലത്താണ് നടരാജപിള്ളയുടെ ഭൂമി കണ്ടുകെട്ടിയത്. ഈ ഭൂമി തിരിച്ചെടുത്ത് നടരാജന്‍ പിള്ളയുടെ കുടുംബത്തെ ഏല്‍പ്പിക്കുക സാധ്യമല്ല. ഇക്കാര്യമാണ് താന്‍ വിശദീകരിച്ചത്. ജനങ്ങളാണ് സര്‍ക്കാരിന്റെ ശക്തി. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ, ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ഥിസമരം 26 ദിനം പിന്നിട്ടു. അക്കാദമി വിഷയം ചര്‍ച്ചചെയ്യാന്‍ കേരള സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്നുചേരും. അക്കാദമിക്കെതിരേ സിന്‍ഡിക്കേറ്റ് ഉപസമിതി സമര്‍പ്പിച്ച റിപോര്‍ട്ട് ചര്‍ച്ച ചെയ്യുകയാണ് അടിയന്തര സിന്‍ഡിക്കേറ്റിന്റെ ലക്ഷ്യം. ലോ അക്കാദമിക്കെതിരേ വിദ്യാര്‍ഥികള്‍ ആരോപണങ്ങള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് അന്വേഷിക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത്. വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ ശരിവക്കുന്നതായിരുന്നു ഉപസമിതിയുടെ റിപോര്‍ട്ട്. ഉപസമിതി റിപോര്‍ട്ടിന്‍മേല്‍ സര്‍വകലാശാലയുടെ നിബന്ധനകള്‍ക്കു വിധേയമായി നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും സിന്‍ഡിക്കേറ്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്്. ഈ പശ്ചാത്തലത്തിലാണ് അടിയന്തര സിന്‍ഡിക്കേറ്റ് ചേരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉപസമിതി റിപോര്‍ട്ട് അംഗീകരിച്ച സിന്‍ഡിക്കേറ്റ് ലക്ഷ്മിനായര്‍ക്കെതിരേ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ ചുമതലപ്പെടുത്തിയിരുന്നു. സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെയായിരുന്നു ഈ നടപടി. രൂക്ഷമായ തര്‍ക്കത്തിനൊടുവിലായിരുന്നു വോട്ടെടുപ്പിലൂടെ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍, വിദ്യാഭ്യാസ മന്ത്രിക്ക് ലഭിച്ച ഫയല്‍ അദ്ദേഹം തിരിച്ചയക്കുകയായിരുന്നു. ലക്ഷ്മി നായര്‍ക്കെതിരേ ഗുരുതരമായ കണ്ടെത്തലുകളാണ് റിപോര്‍ട്ടിലുള്ളത്. ലക്ഷ്മി നായര്‍ സ്വജനപക്ഷപാതം കാട്ടിയെന്നും വിദ്യാര്‍ഥികളുടെ ഹാജറില്‍ വരെ കൈകടത്തിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. അസൈന്‍മെന്റിന്റെ മാര്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് അറിയാന്‍ സാധിക്കുമായിരുന്നില്ല. ഇന്റേണല്‍ മാര്‍ക്ക് കോളജില്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ലക്ഷ്മിനായര്‍ക്കെതിരേ വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികളില്‍ ഏറെയും സത്യസന്ധമാണെന്നും കോളജില്‍ മെറിറ്റ് അട്ടിമറിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇന്നത്തെ സിന്‍ഡിക്കേറ്റ് സമിതി യോഗത്തില്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കാതിരിക്കാനുള്ള മാനേജ്‌മെന്റിന്റെ വിശദീകരണവും കേള്‍ക്കും. അതിനുമുമ്പ് സര്‍വകലാശാല പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അടിയന്തര യോഗവും ഇന്നുചേരും.

Top