ലോ അക്കാദമി ഭൂമി തിരിച്ചെടുക്കാമെന്ന് ശുപാര്‍ശ; ക്രമക്കേടുകളും നിയമലംഘനങ്ങളും കണ്ടെത്തി റവന്യൂ വകുപ്പ് അന്വേഷണം

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സമരത്താല്‍ വിവദാത്തിലായ ലോ അക്കാദമി വീണ്ടും വെട്ടിലാകുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. റവന്യൂ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ ലോ അക്കാദമി ലോ കോളജിനു നല്‍കിയ ഭൂമിയില്‍ പത്ത് ഏക്കറോളം വിനിയോഗിച്ചിട്ടില്ലെന്നും നിയമവകുപ്പുമായി ആലോചിച്ച് ഇത് സര്‍ക്കാരിന് തിരിച്ചെടുക്കാമെന്നും ശുപാര്‍ശ ചെയ്തു. റവന്യൂ സെക്രട്ടറിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഭൂമി വിനിയോഗത്തില്‍ ക്രമക്കേടുകളും വ്യവസ്ഥാ ലംഘനങ്ങളും ഉണ്ടായിട്ടുണ്ട്. കാന്റീന്‍ പ്രവര്‍ത്തിക്കുന്നത് നിയമവിധേയമല്ല. അക്കാദമിയിലേക്കുള്ള വലിയ കവാടവും മതിലും പണിതിരിക്കുന്നത് പുറമ്പോക്കിലാണ്. കാന്റീന്‍ ഒഴിപ്പിച്ച് മതിലും കവാടവും പൊളിക്കാന്‍ ജില്ലാ കലക്ടര്‍ നടപടി സ്വീകരിക്കണം.

വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടഞ്ഞ്, ഈ കെട്ടിടം ഒഴിപ്പിച്ച്, കലക്ടറുടെ കസ്റ്റഡിയിലാക്കണം. അക്കാദമിക്ക് അവകാശമില്ലാത്ത 28 സെന്റ് ഭൂമിയിലാണ് വലിയ കവാടവും മതിലും പണിതിരിക്കുന്നത്. കാന്റീന്‍ പ്രവര്‍ത്തനവും മതില്‍ നിര്‍മിച്ചതും മാത്രമേ കരാര്‍ വ്യവസ്ഥാലംഘനത്തിന്റെ പരിധിയില്‍ വരുന്നുള്ളൂ. ഭൂമി പതിച്ചു നല്‍കുമ്പോള്‍ മൂന്നു വ്യവസ്ഥകളാണ് വച്ചിരുന്നത്. ഭൂമി അന്യാധീനപ്പെടുത്തരുത്, നിര്‍ദേശിക്കപ്പെട്ട ആവശ്യങ്ങള്‍ക്കല്ലാതെ വിനിയോഗിക്കരുത്, വ്യവസ്ഥ ലംഘിച്ചാല്‍ നഷ്ടപരിഹാരം നല്‍കാതെ തിരിച്ചെടുക്കാം എന്നിവയായിരുന്നു വ്യവസ്ഥകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൊസൈറ്റിയുടെ റജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ള നിയമവശങ്ങളും രൂപീകരണസമയത്തെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോ എന്നതും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ റജിസ്ട്രാറെ ചുമതലപ്പെടുത്തണമെന്നും പി.എച്ച്.കുര്യന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. പുന്നന്‍ റോഡില്‍ ലോ അക്കാദമി റിസര്‍ച്ച് സെന്റര്‍ നിലനില്‍ക്കുന്ന ഭൂമി സ്വകാര്യ വ്യക്തിയില്‍ നിന്ന് സൊസൈറ്റി വിലയ്ക്കു വാങ്ങിയതാണെന്നും അതിന്റെ പൂര്‍ണ അവകാശം സൊസൈറ്റിക്കാണെന്നും മന്ത്രി ഇ.ചന്ദ്രശേഖരന് നല്‍കിയ റിപ്പോര്‍ട്ടില്‍ പി.എച്ച്.കുര്യന്‍ വ്യക്തമാക്കി.

റജിസ്‌ട്രേഷന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ ഫയല്‍ മന്ത്രി ജി.സുധാകരന് നല്‍കിയതായും കാന്റീനും കവാടവും ഒഴിപ്പിക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. ഭൂമി തിരിച്ചെടുക്കുന്നതിന്റെ സാധുത പരിശോധിക്കാന്‍ നിയമവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ പി.എച്ച്.കുര്യനെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു.

പതിനൊന്ന് ഏക്കര്‍ 49 സെന്റ് സ്ഥലമാണ് 1968 ല്‍ ലോ അക്കാദമിക്ക് പാട്ടത്തിന് നല്‍കിയത്. 1985 ല്‍ ഇതു അക്കാദമിക്കു പതിച്ചു നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ക്ലാസ് മുറികളും അധ്യാപകരുടെ മുറികളും ഓഫിസുകളും അടങ്ങുന്ന പ്രധാന കെട്ടിടം. പി.ജി ക്ലാസ് മുറികളുടെ കെട്ടിടം. 120 പെണ്‍കുട്ടികള്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റലും അനക്‌സും. 200 പേര്‍ക്ക് ഒരുമിച്ച് ഇരിക്കാവുന്ന ലൈബ്രറി , മൂട്ട്‌കോര്‍ട്ട് അടക്കം നടത്താവുന്ന രണ്ട് സെമിനാര്‍ ഹാളുകള്‍, ഒരുതുറന്ന ഓഡിറ്റോറിയം, അഞ്ച് ക്വാര്‍ട്ടേഴ്‌സുകള്‍, 120 പേര്‍ക്ക് ഇരിക്കാവുന്ന ഹോട്ടല്‍, വിവിധോദ്യേശ സ്റ്റേഡിയം എന്നിവയാണുള്ളത്. ഒന്നര ഏക്കറില്‍ താഴെ ഭൂമി മാത്രമേ നിര്‍ദേശിക്കപ്പെട്ട ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചിട്ടുള്ളൂ.

അക്കാദമിയിലെ ജീവനക്കാര്‍ക്കു മാത്രമേ ക്വാര്‍ട്ടേഴ്‌സുകള്‍ നല്‍കിയിട്ടുള്ളൂ. സീനിയര്‍ പ്രഫസറായ തുളസീമണിക്ക് അനുവദിച്ച ക്വാര്‍ട്ടേഴ്‌സില്‍ കോലിയക്കോട് കൃഷ്ണന്‍ നായരും കുടുംബവും താമസിക്കുന്നു. രണ്ടു ക്വാര്‍ട്ടേഴ്‌സുകള്‍ വനിതാ ഹോസ്റ്റലിന്റെ അനക്‌സ് ആണെങ്കിലും അവിടെ ആള്‍താമസം ഇല്ല. മറ്റു രണ്ടെണ്ണത്തില്‍ ജീവനക്കാര്‍ താമസിക്കുന്നുണ്ട്. 2001 ല്‍ പത്തുസെന്റില്‍ നിര്‍മിച്ച കെട്ടിടത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പുറത്തുനിന്നുള്ളര്‍ക്കും പ്രവേശനം അനുവദിച്ച്, ഹോട്ടല്‍ എന്ന ബോര്‍ഡും സ്ഥാപിച്ചു. ഇതു വിവാദമായപ്പോള്‍ പേരു മാറ്റി കാന്റീന്‍ എന്നു തന്നെയാക്കിയിട്ടുണ്ട്. മുകള്‍നിലയില്‍ അക്കാദമി ഗസ്റ്റ് റൂമാണ്. താഴെ ഹോട്ടലിനോട് ചേര്‍ന്ന് സംസ്ഥാന സഹകരണ ബാങ്ക് ശാഖ പ്രവര്‍ത്തിക്കുന്നു.

Top