മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീലാ മേനോന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീലാ മേനോന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കൊച്ചിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതയായി ചികിത്സയിലായിരുന്നു.

1932 നവംബര്‍ പത്തിന് എറണാകുളം ജില്ലയിലെ വെങ്ങോലയിലാണ് ജനനം. പാലക്കോട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റെയും ജാനകിയമ്മയുടേയും മകളാണ്. വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, ഹൈദരാബാദിലെ നൈസാം കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭര്‍ത്താവ് പരേതനായ മുണ്ടിയടത്ത് മേജര്‍ ഭാസ്‌കരമേനോന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകള്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നു വരാന്‍ മടിച്ചുനിന്ന കാലഘട്ടത്തില്‍ ആ മേഖല തിരഞ്ഞെടുക്കുകയും വിജയിക്കുകയും ചെയ്ത വ്യക്തിയാണ് ലീലാ മേനോന്‍. 1978 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസിലൂടെയാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. ന്യൂഡല്‍ഹി, കോട്ടയം, കൊച്ചി എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2000-ത്തില്‍ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റായിരിക്കെ പിരിഞ്ഞു.

ഔട്ട്‌ലുക്ക്, ഹിന്ദു, വനിത, മാധ്യമം, മലയാളം തുടങ്ങിയവയില്‍ പംക്തികള്‍ കൈകാര്യം ചെയ്തു. കേരള മിഡ്ഡേ ടൈം, കോര്‍പറേറ്റ് ടുഡേ എന്നിവയില്‍ എഡിറ്ററായിരുന്നു. മാധ്യമപ്രവര്‍ത്തനരംഗത്തേക്കു കടക്കുന്നതിനു മുമ്പ് തപാല്‍ വകുപ്പില്‍ ക്ലാര്‍ക്കായും ടെലിഗ്രാഫിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. ‘നിലയ്ക്കാത്ത സിംഫണി’യാണ് ആത്മകഥ. ഹൃദയപൂര്‍വം എന്ന പേരില്‍ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നാളെ രാവിലെ 10 മുതല്‍ 12 വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്‌കാരം ഉച്ചയ്ക്ക് 1 മണിക്ക് രവിപുരം ശ്മശാനത്തില്‍.

ലീലാ മേനോന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അതിക്രമത്തിനും ചൂഷണത്തിനും ഇരയാകുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ നിരന്തരം പരിശ്രമിച്ച പത്രപ്രവര്‍ത്തകയായിരുന്നു ലീലാ മേനോനെന്ന് അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

Top