കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്ത തന്റെ ആളുകളെ മിടുക്കുണ്ടെങ്കില്‍ പൊലീസ് കണ്ടുപിടിക്കട്ടെയെന്ന് മുംബൈ അധോലോക നായകന്‍ രവി പൂജാരി. ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിന് പിന്നില്‍ രവി പൂജാരി തന്നെയെന്ന് കൊച്ചി സിറ്റി പൊലീസ് സ്ഥീരീകരിച്ചതിന് പിന്നാലെയാണ് രവി പൂജാരിയുടെ വെല്ലുവിളി.
നടി ലീന മരിയാ പോളിനോട് 25 കോടി രൂപ ആവശ്യപ്പെട്ടതിന്റെ കാരണം കൊച്ചി സിറ്റി പൊലീസിന് അറിയാമെന്നും വൈകാതെ അക്കാര്യം താന്‍ വെളിപ്പെടുത്തുമെന്നും രവി പൂജാരി പറഞ്ഞു. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിന് പിന്നില്‍ താനാണെന്ന് കഴിഞ്ഞ 19നാണ് രവി പൂജാരി വെളിപ്പെടുത്തിയത്. മംഗലാപുരത്തും ബംഗലൂരുവിലും നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയാണ് കൃത്യത്തിന് പിന്നിലെന്ന് കൊച്ചി പൊലീസ് സ്ഥിരീകരിച്ചത്.
എന്നാല്‍ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്ത രണ്ടംഗസംഘത്തെ തിരിച്ചറിയാന്‍പോലും പൊലീസിന് ഇതേവരെ കഴിഞ്ഞില്ല. മിടുക്കന്‍മാരാണെങ്കില്‍ കൊച്ചി സിറ്റി പൊലീസ് ഇവരെ കണ്ടെത്തട്ടെയെന്നാണ് രവി പൂജാരി പറയുന്നത്. നടി ലീന മരിയ പോളിനോട് 25 കോടി രൂപ ആവശ്യപ്പെടാന്‍ ചില കാരണങ്ങളുണ്ട്.അത് എന്താണെന്ന് പൊലീസിന് അറിയാമെന്ന് രവി പൂജാരി പറയുന്നു.
ലീന മരിയ പോളല്ല തന്റെ ലക്ഷ്യം. 25 കോടി വാങ്ങി മറ്റുചിലര്‍ക്ക് കൊടുക്കുമെന്നും രവി പൂജാരി പറഞ്ഞു. ലീന മരിയയും കൂട്ടരും തട്ടിയെടുത്ത പണമാണ് താന്‍ ആവശ്യപ്പെട്ടതെന്നും രവി പൂജാരി പറഞ്ഞു. ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസിന്റെ മൂക്കിന്‍ തുമ്പത്ത് കൂടി രക്ഷപ്പെട്ട പ്രതികളാരെന്ന് പോലും കണ്ടെത്താന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് പൊലീസിനെത്തന്നെ വെല്ലുവിളിച്ച് രവി പൂജാരി രംഗത്തെത്തിയിരിക്കുന്നത്.