കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ നടി ലീന മരിയ പോള്‍ പൊലീസിന് മൊഴി നല്‍കി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ലീന പറഞ്ഞു. അധോലോക നേതാവ് രവിപൂജാരിയുടെ പേരിലാണ് ഭീഷണിയെന്നും മൊഴിയില്‍ പറയുന്നു. തൃക്കാക്കര കമ്മിഷണര്‍ ഷംസിനു മുമ്പില്‍ ഹാജരായാണ് ലീന മരിയ മൊഴി നല്‍കിയത്. കൊച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ വച്ചായിരുന്നു മൊഴിയെടുപ്പ്.
എന്നാല്‍ ലീന പോളിനെ പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. വിവിധ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള അവരുടെ പശ്ചാത്തലം പോലീസ് അന്വേഷിച്ച് വരികയാണ്. ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള സലൂണിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പ്രമുഖ ഹിന്ദി നടി കരീഷ്മാ കപൂറാണ്. ലീനയുടെ സ്ഥാപനമായ നെയില്‍ ആര്‍ട്ടിസ്ട്രിയുടെ പരസ്യ വിപണനത്തിനു മാത്രം കോടികളാണു ചെലവഴിച്ചിട്ടുള്ളതെന്നാണു വിവരം.
കോടികള്‍ ചെലവിട്ട് പരസ്യം ചെയ്യുന്നതിനുള്ള വരുമാനമൊന്നും കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറില്‍ നിന്നും ലഭിക്കുന്നില്ല. കള്ളപ്പണം വെളുപ്പിക്കാന്‍ സ്ഥാപനത്തെ ഉപയോഗിച്ചിരുന്നോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ബിസിനസിന്റെ പിന്നില്‍ നടക്കുന്ന കള്ളപ്പണ ഇടപാടുകളെപ്പറ്റിയും പോലീസിനു സംശയമുണ്ട്.
ഒരു പോളിഷിങ്ങിന് 8,000 രൂപ മുതലാണു നിരക്ക്. സെലിബ്രിറ്റികളാണ് ഇടപാടുകാര്‍. ഇടപാടുകാരുടെ പാര്‍ട്ടികള്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഘടിപ്പിക്കുന്നത്. ഇതില്‍ കരിഷ്മയും പങ്കെടുത്തിട്ടുണ്ട്. ഇതിനൊക്കെ ലക്ഷങ്ങളാണു ചെലവഴിച്ചിരുന്നതെന്നാണു വിവരം. വിദേശ ബ്രാന്‍ഡായ നെയില്‍ ആര്‍ട്ടിസ്ട്രിക്കു രാജ്യത്തു പല ശാഖകളുണ്ടെങ്കിലും കൊച്ചി ശാഖയുടെ നടത്തിപ്പാണു ലീനയ്ക്കുള്ളത്.
കൊച്ചി പനമ്പിള്ളി നഗറിലുള്ള നെയില്‍ ആര്‍ട്ടിസ്ട്രി സലൂണില്‍ എത്തി എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തവരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും വൈരാഗ്യമാണോ ഇതിന്റെ പിന്നിലെന്നും അന്വേഷണം നടത്തിയേക്കും. ലീനയുടെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ സുകേഷ് ചന്ദ്രശേഖര്‍ ജയിലിലാണ്.
തട്ടിപ്പുകേസില്‍ ഇരുവരും പങ്കാളികളായിരുന്നെങ്കിലും ലീന പുറത്തിറങ്ങി ബിസിനസില്‍ സജീവമായതിലെ ഇഷ്ടക്കേടാണോ വെടിവയ്പ്പിനു പിന്നിലെന്ന സംശയവുമുണ്ട്. തന്റെ ബിസിനസ് തകര്‍ക്കാനും അപായപ്പെടുത്താനും സുകേഷ് ശ്രമിക്കുന്നുണ്ടെന്നു ലീന പരാതിപ്പെട്ടിരുന്നു.