ലക്ഷ്മി നായര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് സര്‍വ്വകലാശാല ഉപസമിതി; ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് തെളിവുണ്ടെന്നും വിദ്യാര്‍ത്ഥികളുടെ ആരോപണങ്ങള്‍ തള്ളാനാവില്ലെന്നും റിപ്പോര്‍ട്ട്

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ഉപസമിതി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തനും പരീക്ഷാ ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്താനും സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. സര്‍വ്വകലാശാല നിയമങ്ങള്‍ ലംഘിച്ചിതടക്കം ഗുരുതരമായ കുറ്റങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉപസമിതി കര്‍ശന നടപടികള്‍ ശ്വീകരിക്കാനുള്ള ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

ലക്ഷ്മി നായര്‍ സ്വജനപക്ഷപാതം കാട്ടിയെന്നും അധികാര ദുര്‍വിനേയോഗം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് കൂട്ടി നല്‍കിയതായാണ് മറ്റൊരു കണ്ടെത്തല്‍. പലരുടേയും ഇന്റേണല്‍ മാര്‍ക്ക് പൂജ്യത്തില്‍ നിന്ന് 10 വരെയായി. ഭാവി മരുമകള്‍ അനുരാധനായര്‍ക്ക് ഇല്ലാത്ത ഹാജരും ഇന്റേണല്‍ മാര്‍ക്കും നല്‍കിയെന്നും 50 ശതമാനം പോലും ഹാജരില്ലാതിരുന്നിട്ടും പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അനുരാധയുടെ പരീക്ഷാ ഫലം റദ്ദു ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഈ റിപ്പോര്‍ട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ചര്‍ച്ച ചെയ്യുകയാണ്. സിന്‍ഡിക്കേറ്റാണ് എന്ത് നടപടിയെടുക്കണമെന്ന് തീരുമാനിക്കേണ്ടത്. ലക്ഷ്മി നായര്‍ക്കെതിരെ സിന്‍ഡിക്കേറ്റില്‍ കടുത്ത നിലപാട് എടുക്കാന്‍ സിപിഐ(എം) സംസ്ഥാന നേതൃത്വം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ലോഅക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് കഴിഞ്ഞ ദിവസം സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ വിലയിരുത്തിയിരുന്നു. ഇന്റേണല്‍ മാര്‍ക്കും ഹാജറും നല്‍കുന്നതില്‍ ക്രമക്കേടുണ്ട്, വിദ്യാര്‍ത്ഥികളുടെ സ്വകാര്യത ഹനിക്കുംവിധം ക്യാമറകള്‍െവച്ചിട്ടുണ്ട്, കുട്ടികളെ കാന്റീന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ജോലിക്ക് നിയോഗിച്ചെന്ന പരാതിയും വിശ്വസിക്കാമെന്നാണ് വിലയിരുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രമക്കേട് ബോധ്യപ്പെട്ടതിനാല്‍ കോളേജിന്റെ അഫിലിയേഷന്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കും. അതിനിടെ ലക്ഷ്മി നായരോട് വിട്ടുവീഴ്ച വേണ്ടെന്ന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളോട് സിപിഐഎം നിര്‍ദ്ദേശിച്ചു. സിന്‍ഡിക്കേറ്റ് ഉപസമിതിയിലുള്ള പാര്‍ട്ടി അംഗങ്ങളോടാണ് ലക്ഷ്മി നായര്‍ക്കെതിരെ നിലപാട് കടുപ്പിക്കാന്‍ സിപിഐഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. ലോ അക്കാദമിയില്‍ ഗുരുതര നിയമലംഘനം നടന്നതായി അന്വേഷണം നടത്തിയ സിന്‍ഡിക്കേറ്റ് ഉപസമിതി കണ്ടെത്തിയിരുന്നു. ഉപസസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റിന് കൈമാറി.

വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതോടെ പ്രിന്‍സിപ്പളിന്റെ അധികാരം വെട്ടിക്കുറച്ചുള്ള ഒത്തുതീര്‍പ്പ് നിര്‍ദ്ദേശവുമായി ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള രംഗത്തെത്തി. ലോ അക്കാദമി പ്രിന്‍സിപ്പളിന്റെ അധികാരം വെട്ടിക്കുറയ്ക്കാമെന്നും ഇന്റേണല്‍ മാര്‍ക്കിലടക്കം വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിക്കുന്ന കാര്യങ്ങളില്‍ പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരുടെ അധികാരം വെട്ടിക്കുറയ്ക്കാമെന്നും അയ്യപ്പന്‍ പിള്ള നിര്‍ദ്ദേശിച്ചു. ഗവേണിങ് ബോഡിയോഗത്തില്‍ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥി സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ബിജെപി നേതാവ് വി മുരളീധരന്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സുരേഷ് ഗോപി എംപിയും എത്തി. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. വിദ്യാര്‍ത്ഥികളുടെ പരാതി സംബന്ധിച്ച് പൊലീസ് അന്വേഷണം വേണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് ജെ ബി കോശി അധ്യക്ഷനായ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം.

Top