ചെന്നൈ: പ്രമുഖ സംവിധായകനും കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു. 67 വയസ്സായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചുവരികയായിരുന്നു.ഭൗതികശരീരം ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തിക്കും. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത്.വേനല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. മീനമാസത്തിലെ സൂര്യന്‍, സ്വാതിതിരുനാള്‍ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
1981 മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. ആദ്യമായി സംവിധാനം ചെയ്തത് വേനല്‍ എന്ന സിനിമ ആയിരുന്നു. പിഎ ബക്കറിന്റെ സഹായിയായിട്ടായിരുന്നു സിനിമയിലെ തുടക്കം. എന്നും ഇടതുപക്ഷത്തോടൊപ്പം നിലയുയര്‍പ്പിച്ച വ്യക്തിയായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. പഠനകാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. തുടര്‍ന്നും സിപിഎമ്മുമായും ഇടതുപക്ഷവുമായും സഹകരിച്ചായിരുന്നു മുന്നോട്ടുള്ള ജീവിതം. രണ്ട് തവണ ഒറ്റപ്പാലം മണ്ഡലത്തിൽ നിന്ന് ഇടത് സ്ഥാനാർത്ഥിയായി ലോക്സഭയിലേക്ക് മത്സരിച്ചു. വേനല്‍, ചില്ല, പ്രേംനസീറിനെ കാണ്‍മാനില്ല, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, പുരാവൃത്തം, വചനം, ദൈവത്തിന്റെ വികൃതികള്‍, കുലം, മഴ, അന്യര്‍, രാത്രി മഴ, മകര മഞ്ഞ്, ഇടവപ്പാതി എന്നിവയാണ് ലെനിന്‍ രാജേന്ദ്രന്റെ സിനിമകള്‍.
സ്വാതി തിരുനാളിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും, ദൈവത്തിന്റെ വികൃതികള്‍ക്ക് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും കുലത്തിന് മികച്ച ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരവും രാത്രി മഞ്ഞിന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും മകരമഞ്ഞിന് മികച്ച രണ്ടാമത്തതെ സിനിമയ്ക്കുളള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മകരമഞ്ഞിന് ഐഎഫ്എഫ്‌കെ ഫിപ്രസി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മാധവിക്കുട്ടിയുടെ കൃതിയെ അടിസ്ഥാനമാക്കി ‘ബാല്യകാല സ്മരണകള്‍’ എന്ന പേരില്‍ ടെലിവിഷന്‍ സീരിയല്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഇതിന് സംസ്ഥാന ടിവി അവാര്‍ഡും ലഭിച്ചിരുന്നു. കവിയൂര്‍ രേവമ്മയെ കുറിച്ചുള്ള ഡോക്യുമെന്‌ററിയ്ക്കും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഡോ രമണിയാണ് ഭാര്യ, മകള്‍: ഡോ. പാര്‍വതി, മകന്‍: ഗൗതമന്‍