ബെംഗളൂരു: കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വെറും നടപടിക്രമങ്ങൾ മാത്രമാണെന്നും താൻ തന്നെ മുഖ്യമന്ത്രിയാകുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. എതിർപ്പുള്ളവരും ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്നായിരുന്നു സിദ്ധരാമയ്യ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇതിന് പിന്നാലെ ദില്ലിയിലേക്ക് പോകുന്നില്ലെന്ന് ഡികെ ശിവകുമാർ തീരുമാനിച്ചു.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചയ്ക്കായി ഡികെ ശിവകുമാറിനെ ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം പോയില്ല. വയറിൽ അണുബാധയെന്ന് കാരണം പറഞ്ഞ് പിന്മാറുകയായിരുന്നു. സംസ്ഥാനത്ത് തന്‍റേതായി എംഎൽഎമാരില്ലെന്നും എല്ലാം കോൺഗ്രസിന്‍റെ എം എൽ എമാരാണെന്നും അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.
അതേസമയം കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി വിമത നീക്കം നടത്തില്ലെന്ന് പറഞ്ഞ ഡികെ, മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കിൽ അദ്ദേഹത്തിന് ആശംസകൾ നേരുന്നുവെന്നും വ്യക്തമാക്കി. തന്നെ കർണാടക പിസിസി അധ്യക്ഷനാക്കിയത് സോണിയാ ഗാന്ധിയാണ്. സംസ്ഥാനത്ത് അധികാരം പിടിച്ച് താൻ കടമ നിറവേറ്റി. പാർട്ടിയുടെ ഏത് തീരുമാനവും താൻ അംഗീകരിക്കും. എംഎൽഎമാരുടെ അഭിപ്രായത്തിന് എന്ത് രഹസ്യ സ്വഭാവമാണ് ഉള്ളതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനവിധി വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും കർണാടകത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത കോൺഗ്രസിൽ, 85 എംഎൽഎമാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെ. 45 നിയമസഭാംഗങ്ങളാണ് ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം ആറ് അംഗങ്ങൾ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കട്ടേയെന്ന നിലപാടുകാരാണെന്നും എഐസിസി നിരീക്ഷക സമിതിയുടെ റിപ്പോർട്ട്.
വിമത നീക്കത്തിനില്ലെന്ന് പറഞ്ഞ് ഡികെ ശിവകുമാർ രംഗത്ത് വന്നതോടെ ഇനി അധികം വൈകാതെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. എങ്കിലും പിസിസി അധ്യക്ഷനായ ഡികെ കടുത്ത അതൃപ്തിയിലാണെന്നാണ് വിവരം. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ ഉപമുഖ്യമന്ത്രി പദവും സുപ്രധാന വകുപ്പുകളും അദ്ദേഹത്തിന് നൽകിയേക്കുമെന്നും കരുതുന്നു.
എന്നാൽ ഈ രണ്ട് പേരുടെ കാര്യത്തിൽ സമവായം എത്തിയാൽ മാത്രം പ്രശ്നങ്ങൾ തീരില്ല. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രി പദത്തിന് മുതിർന്ന നേതാവ് എംബി പാട്ടീൽ ഉൾപ്പെടെയുള്ള നേതാക്കൾ അവകാശവാദം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. നിലവിൽ ഡികെ ശിവകുമാറിനെ അനുനയിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുന്ന കോൺഗ്രസ് നേതൃത്വത്തിന് മന്ത്രിസഭാ രൂപീകരണത്തിൽ മറ്റ് നേതാക്കളുടെ സമ്മർദ്ദത്തിനും ഉത്തരം കണ്ടെത്തേണ്ടി വരും.