പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ പുതിയൊരു വിവാദമാണ് ഇപ്പോൾ കോൺഗ്രസിനെ അലട്ടുന്ന പ്രധാന കാര്യം. പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെയാണ് ഡിസിസിയുടെ ഒരു കത്ത് പുറത്തുവന്നത്. പാലക്കാട് മണ്ഡലത്തിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ജില്ലാ കോൺഗ്രസ് നേതൃത്വം കൈമാറിയ കത്താണ് പുറത്ത് വന്നത്. എന്നാൽ ഈ നിർദ്ദേശത്തെ മറികടന്നു കൊണ്ടാണ് പാലക്കാടേക്ക് സംസ്ഥാന നേതൃത്വം രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവ നേതാവിനെ സ്ഥാനാർത്ഥിയായി കൊണ്ട് വന്നത്. ഇത് വലിയ ചർച്ചകൾക്ക് ഇടയാക്കുകയാണ് വീണ്ടും.
മണ്ഡലത്തിൽ രാഹുൽ കെട്ടിയിറക്കിയ സ്ഥാനാർത്ഥി ആണെന്നും വിമത നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ കാരണമുണ്ടെന്നുമുള്ള ഒരു വിഭാഗത്തിന്റെ ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണ് പുതിയ സംഭവ വികാസങ്ങൾ. വിവാദം കെ മുരളീധരൻ അനുകൂലികൾ കൂടി ഏറ്റെടുത്താൽ അത് കോൺഗ്രസിന് വലിയ ക്ഷീണമാകും. നേരത്തെ തന്നെ തൃശൂരിൽ മുരളീധരന്റെ പരാജയത്തിൽ പാർട്ടിക്കുള്ളിലെ ചില നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തുന്ന അഭിപ്രായ പ്രകടനങ്ങൾ ഉണ്ടായിരുന്നു. പിന്നീട് നേതൃത്വത്തിന് വഴങ്ങിയ മുരളീധരൻ മൗനം പാലിച്ചു. തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
എങ്കിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലോ പാലക്കാട് നിയമസഭാ മണ്ഡലത്തിലോ മത്സരിക്കാൻ പാർട്ടി നിർദ്ദേശിക്കുമെന്ന് മുരളീധര പക്ഷം കണക്ക് കൂട്ടുകയുണ്ടായി. എന്നാൽ വയനാട്ടിൽ പ്രിയങ്ക വരുമെന്ന് പെട്ടെന്ന് തന്നെ തീരുമാനമായതോടെ ശ്രദ്ധ മുഴുവൻ പാലക്കാട്ടായിരുന്നു. എന്നാൽ അവിടെയും ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശം ബൈപാസ് ചെയ്‌ത് കൊണ്ട് സംസ്ഥാന നേതൃത്വം രാഹുലിന് അനുകൂലമായ തീരുമാനം എടുത്തതോടെ ആ പ്രതീക്ഷയും മുരളീധരൻ പക്ഷത്തിന് ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.
കോൺഗ്രസിന് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത് മുതൽ പ്രതിസന്ധികൾ ഏറെയാണ്. രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായി വന്നതോടെ ജില്ലയിൽ നിന്ന് തന്നെയുള്ള വലിയൊരു വിഭാഗം എതിർപ്പറിയിച്ചിരുന്നു എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് ഡോ. പി സരിൻ ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിടുകയും എൽഡിഎഫ് സ്ഥാനാർത്ഥിയാവുകയും ചെയ്‌തു.