കൊച്ചി:ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സിഇഒ യു. വി ജോസ് സിബിഐക്ക് മുന്നിൽ ഹാജരായി. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയും എത്തിയിട്ടുണ്ട്. നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് യു.വി.ജോസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രസന്റുമായി സംസ്ഥാന സർക്കാരിനായി കരാറിൽ ഒപ്പിട്ടത് യു.വി.ജോസായിരുന്നു. ഈ കരാറുമായി ബന്ധപ്പെട്ട രേഖകൾ പലതും കൃത്യമല്ലെന്ന ആക്ഷേപവും വിവിധ കോണുകളില്‍നിന്ന് ഉയർന്നിരുന്നു. നാലു കോടിയിലേറെ രൂപയുടെ കമ്മിഷൻ ഇടപാട് പദ്ധതിയിൽ നടന്നതായുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.
കൊച്ചി സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി യു. വി ജോസ് ഹാജരായത്. സിബിഐ ആവശ്യപ്പെട്ട രേഖകളും യു. വി ജോസ് കരുതിയിട്ടുണ്ട്. രണ്ട് ലൈഫ് മിഷൻ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിനായി എത്തി.
ലൈഫ് മിഷൻ സിഇഒ എന്ന നിലയിൽ റെഡ് ക്രെസന്റുമായി സംസ്ഥാന സർക്കാരിന് വേണ്ടി കരാറിൽ ഒപ്പിട്ടത് യു വി ജോസായിരുന്നു. കരാറുമായി ബന്ധപ്പെട്ട രേഖകൾ പലതും കൃത്യമല്ലെന്ന ആക്ഷേപം, നാല് കോടിയിലേറെ രൂപയുടെ കമ്മീഷൻ ആരോപണം എന്നിവയിൽ യു വി ജോസിനോട് ചോദ്യങ്ങളുണ്ടാകും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട 6 പ്രധാന രേഖകൾ ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാ പത്രം, ലൈഫ് മിഷന്റെ ഭാഗമായുള്ള വടക്കാഞ്ചേരിയിലെ വീടുകളും ഹെൽത്ത് സെന്ററും സംബന്ധിച്ച മുഴുവൻ വിവരങ്ങൾ, ലൈഫ് മിഷൻ പദ്ധതിക്കായി വടക്കാഞ്ചേരിയിലെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ, വടക്കാഞ്ചേരി നഗരസഭ, കെ.എസ്.ഇ.ബി എന്നിവ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ഇടപാടുകളുടെ രേഖകൾ, ലൈഫ് മിഷൻ ജില്ലാ കോഡിനേറ്ററും ലൈഫ് മിഷൻ പദ്ധതിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകൾ, യൂണിടാക്കും സെയ്ൻ വെഞ്ചേഴ്സും ലൈഫ് മിഷനുമായി നടത്തിയ ഇടപാടുകൾ സംബന്ധിച്ച രേഖകൾ തുടങ്ങിയവയാണ് ഹാജരാക്കാൻ നിർദേശം നൽകിയത്. കേസിൽ യൂണിടാക്ക് എം.ഡി, ജി സന്തോഷ് ഈപ്പൻ, ഭാര്യ, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി, തൃശൂർ ജില്ലാ കോഡിനേറ്റർ തുടങ്ങിയവരെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.