മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ അനുമതി തേടി.കേരളം സർക്കാരിനെ വരിഞ്ഞുമുറുക്കാൻ കേന്ദ്ര ഏജൻസികൾ

കൊച്ചി:ഇടതുസർക്കാരിന്റെ പ്രതിസന്ധിയിലാക്കാൻ ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കാന്‍ നീക്കം. അനുമതി തേടി സി.ബി.ഐ. ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ച ഫയല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍. സി.ബി.ഐ, കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവര്‍ക്കുവേണ്ടി പഴ്‌സണല്‍ മന്ത്രാലയമാണ് അനുമതി തേടിയത്.കേന്ദ്രാനുമതിയില്ലാതെ ലൈഫ് മിഷനുവേണ്ടി വിദേശസഹായം സ്വീകരിച്ചതാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്നതിലേക്ക് എത്തിയിരിക്കുന്നത്.

വിദേശത്തുനിന്നു സഹായം സ്വീകരിച്ചത് അനുമതിയില്ലാതെയാണെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയ സ്ഥിതിക്ക്, കുറ്റം നടന്നതു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നാണു വാദം. വിദേശസംഭാവന നിയന്ത്രണനിയമ(എഫ്.സി.ആര്‍.എ)പ്രകാരം, ലൈഫ് ഇടപാടില്‍ കൈക്കൂലി വാങ്ങിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ സി.ബി.ഐക്കു കഴിയില്ല. നിയമ ലംഘനത്തിനു കാരണക്കാരായവരെയും സഹായിച്ചവരെയും കണ്ടെത്താനുള്ള നീക്കമാണു നടത്തുന്നത്.

വിദേശത്തുനിന്നു പണമയച്ചതാര്, സ്വീകരിച്ചതാര്, സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നിയമലംഘനത്തിനു പിന്തുണയുണ്ടായോ എന്നീ കാര്യങ്ങളാണു സി.ബി.ഐ. പരിശോധിക്കുന്നത്. നയതന്ത്ര ബാഗേജിലെത്തിച്ച ഈന്തപ്പഴം പുറത്ത് വിതരണം ചെയ്ത കേസാണു കസ്റ്റംസ് അന്വേഷിക്കുന്നത്. സ്വര്‍ണക്കടത്തില്‍ ഇ.ഡിയുടെ അന്വേഷണം ശിവശങ്കറിന്റെ അറസ്റ്റില്‍ കലാശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റുചിലര്‍ അന്വേഷണവലയത്തിലുമാണ്.

വടക്കാഞ്ചേരി ഭവനസമുച്ചയനിര്‍മാണത്തിനു പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ​ലൈഫ് മിഷനും യു.എ.ഇ. റെഡ്‌ക്രെസന്റും കഴിഞ്ഞവര്‍ഷം ജൂെലെ 11-നു ധാരണാപത്രം ഒപ്പിട്ടതു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ്. അതിനാല്‍ കേസില്‍ അദ്ദേഹത്തിന്റെ മൊഴി നിര്‍ണായകമാണ് എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു . ധാരണാപത്രം തയാറാക്കിയതില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ഇടപെടലിനെപ്പറ്റി ലൈഫ് മിഷന്‍ സി.ഇ.ഒ: യു.വി. ജോസിന്റെ മൊഴിയുമുണ്ട്.

ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 35 വകുപ്പുകള്‍ പ്രകാരമാണ് സി.ബി.ഐ. കേസ്. ജോസിനെതിരായ അന്വേഷണത്തിനു മാത്രമേ സി.ബി.ഐക്കു െഹെക്കോടതിയുടെ വിലക്കുള്ളൂ. ലൈഫ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാരായ ഇ.പി. ജയരാജന്റെയും എ.സി. മൊയ്തീന്റെയും മൊഴിയെടുത്തേക്കും. ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം തടയാനാണോ സംസ്ഥാനസര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന ചോദ്യത്തിന്, തന്നെയും മന്ത്രിമാരെയും ചോദ്യംചെയ്യാമെന്ന പൂതി മനസില്‍വച്ചാല്‍ മതിയെന്നായിരുന്നു ഒരു പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്വര്‍ണക്കടത്ത് കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷിന്റെ മൊഴികളില്‍ മുഖ്യമന്ത്രിയുമായുള്ള പരിചയം വ്യക്തമാണെന്നും ശിവശങ്കറുമായി പ്രതികള്‍ക്കുള്ള ബന്ധം മുഖ്യമന്ത്രിയിലേക്കു നീളുമെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. ഇതു സാധൂകരിക്കുന്ന തെളിവുകളും മൊഴികളും ഫയലിലുണ്ട്. അതിനാല്‍ മുഖ്യമന്ത്രിയുടെ മൊഴി അനിവാര്യമാണെന്നും അറിയിച്ചിട്ടുണ്ട്.

Top