കൊച്ചി:ഭാര്യയുടെ തിരോധാനത്തിന്‍റെ കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി വിദേശവനിത ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദ്ദന്‍. ഐറിഷ് പത്രമായ സന്‍ഡേ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളാ പൊലീസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. അവളെ തട്ടിക്കൊണ്ടു പോയത് തന്നെയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കേരളത്തില്‍ അവയവ വില്‍പ്പനക്കാരുടെ കേന്ദ്രമുണ്ടെന്നും ലിയയുടെ തിരോധാനത്തിനു പിന്നില്‍ ഇവരാകാമെന്നുമാണ് ആന്‍ഡ്രൂ നടത്തിയ പ്രതികരണം. ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തുന്നതിന് മുന്‍പാണ് ആന്‍ഡ്രൂവിന്‍റെ പ്രതികരണം.
ലീഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ തന്നെ മാനസികരോഗിയാക്കി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയാണ് ചെയ്തത് . ലീഗയെ കാണാതായ സ്ഥലത്തിനു അടുത്താണ് പൊലീസ് സ്റ്റേഷനെങ്കിലും കണ്ടെത്താനുള്ള ഒരു ശ്രമവും പൊലീസ് നടത്തിയില്ലെന്നും ആന്‍ഡ്രൂസ് വിദേശ റേഡിയോയില്‍ നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.
കേരളത്തിലെ ഒരു ഹോട്ടലില്‍ ലിഗ താമസിക്കുന്നാണ്ടാകാം എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അവിടെ ചെന്ന് അന്വേഷിച്ചപ്പോള്‍ അവിടുത്തെ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ മര്‍ദ്ദിക്കാന്‍ ഒരുങ്ങുക പോലും ചെയ്തു. പിന്നീട് പൊലീസ് എത്തി തന്നെ രോഗിയാക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്‍റെ അനുവാദമില്ലാതെയാണ് ആറു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലിഗയുടെ കാര്യം പൊലീസിനെ ഭയന്നോ ടൂറിസത്തെ ബാധിക്കുമെന്നോ ഭയന്ന് മാധ്യമങ്ങള്‍ പോലും വേണ്ടവിദത്തില്‍ കൈകാര്യം ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലിഗയുടെ മൃതദേഹം കണ്ടെത്തിയ വിവരം ആന്‍ഡ്രുവും ലിഗയുടെ സഹോദരി ഇലീസും അറിഞ്ഞത് ലീഗയെ അന്വേഷിച്ചുള്ള തെരച്ചിലിനിടയിലാണ്. കാസര്‍ഗോഡു ഭാഗത്തായി ഇദ്ദേഹം ഭാര്യക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. അജ്ഞാതമായ ഒരു മൃതദേഹം തിരുവല്ലം പനത്തുറ ആറിന് സമീപത്തെ കണ്ടല്‍ക്കാടുകള്‍ക്ക് ഇടയില്‍ കണ്ടെത്തിയതോടെ പൊലീസിന്റെ സംശയം ബലപ്പെടുകയും പിന്നീട് ഇത് കാണാതായ വിദേശ വനിതയുടേതാണെന്ന് സഥിരീകരിക്കുകയുമായിരുന്നു.
തലയറുത്തു മാറ്റപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലീഗ ധരിച്ചിരുന്നതിന് സമാനമായ രീതിയിലുള്ള വസ്ത്രമായിരുന്നു മൃതദേഹത്തില്‍ കണ്ടെത്തിയത്. ഇതോടെ ലീഗയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ഇവര്‍ തിരുവന്തപുരത്തെത്തി മൃതദേഹം കണ്ടതോടെ ലീഗയുടേത് തന്നെയെന്ന് സ്ഥീരീകരണം നടത്തുകയായിരുന്നു. എന്നാല്‍ മൃതദേഹം ലീഗയുടേത് തന്നെയെന്ന് ഉറപ്പുവരുത്താന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്.
കോവളം കണ്ടല്‍ക്കാടിനുള്ളില്‍ ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ സാഹചര്യമനുസരിച്ച് ഇതൊരു കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. തലയറുക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതും സംശയത്തിന് ആഴംകൂട്ടുന്നുണ്ട്. മൃതദേഹത്തിനു സമീപത്തു നിന്നും സിഗരറ്റ് പായ്ക്കറ്റുകളും ലൈറ്ററും കുപ്പിവെള്ളവും പോലീസ് കണ്ടെത്തിയിരുന്നു. ഇവ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.
അമൃതാനന്തമയി മഠത്തിലെ ദീര്‍ഘകാല അന്തേവാസിയായിരുന്ന ലീഗ പിന്നീട് മഠത്തോടുള്ള വിയോജിപ്പുകൊണ്ടാണ് അവിടെനിന്നും പുറത്തേക്ക് പോയത്. വിഷാദരോഗത്തിന്‍റെ ചികിത്സയ്ക്കായാണ് ലിഗ കേരളത്തിലെത്തിയത്.
അതേസമയം ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും അന്വേഷണം നടത്തിയിരുന്നത് അതീന്ത്രിയജ്ഞാനമുള്ള റഷ്യന്‍ വനിതയുടെ നിര്‍ദേശപ്രകാരം ആയിരുന്നു . ലക്ഷണങ്ങള്‍ പ്രകാരം ഇലീസും സുഹൃത്തും ഈ സ്ഥലത്തിന് 500 മീറ്റര്‍ അടുത്തു വരെ എത്തിയിരുന്നു; തൊട്ടടുത്ത കരയിലെ വീടുകളില്‍ കയറി അന്വേഷണവും നടത്തിയിരുന്നു .മൃതദേഹം കണ്ടെത്തിയ ഭാഗത്തേയ്ക്ക് പോകാനും തീരുമാനിച്ചു. തുടര്‍ന്നു കണ്ടല്‍ക്കാടുള്ള ഭാഗത്തേക്കു നീങ്ങാന്‍ ശ്രമിച്ചെങ്കിലും സ്വകാര്യ ഭൂമിയാണെന്ന തോന്നലിലാണു പിന്‍വാങ്ങിയത്. പിന്നീട് ഇവിടെനിന്നു മടങ്ങുകയും ചെയ്തു. കാണാതായ ലിഗയ്ക്കായി പൊലീസ് നടത്തിയ അന്വേഷണം എങ്ങുമെത്താതായപ്പോഴാണ് ആന്‍ഡ്രൂസും ഇലീസും അതീന്ദ്രിയജ്ഞാനിയായ സ്ത്രീയുടെ ഉപദേശം തേടിയത്.
കഴിഞ്ഞ 20 ദിവസമായി അവരുടെ നിര്‍ദേശപ്രകാരമായിരുന്നത്രേ തിരച്ചില്‍. വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപിനു സമാനമായ സ്ഥലം, ഉപ്പുരസമില്ലാത്ത വെള്ളം, ബോട്ടിലെ യാത്ര ഉള്‍പ്പെടെ ചിഹ്‌നങ്ങളുള്ള പ്രത്യേക ആകൃതിയുള്ള സ്ഥലത്തു ലിഗയുണ്ടെന്നായിരുന്നു പ്രവചനം. ഇതേക്കുറിച്ച് ഇലീസും ആന്‍ഡ്രൂസും ഫെയ്‌സ്ബുക്കില്‍ കുറിപ്പിടുകയും ഈ സൂചനകള്‍ക്കനുസരിച്ചുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ സുഹൃത്തുക്കളുടെ സഹായം തേടുകയും ചെയ്തിരുന്നു. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ഇരുവരും സമാനമായ സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്തു.ഇവിടങ്ങളിലെല്ലാം തിരച്ചില്‍ നടത്തുകയായിരുന്നു അടുത്ത ഘട്ടം. അങ്ങനെയാണു പനത്തുറയിലെത്തിയത്. പൊഴിയൂരിലും മറ്റും പോയ ഇവര്‍ കാസര്‍കോട്ടെ ഉപ്പളയില്‍ എത്തിയതും ഇങ്ങനെ. കാസര്‍കോട്ടു നില്‍ക്കുമ്പോഴാണു പനത്തുറയില്‍ മൃതദേഹം കണ്ടെത്തിയ വിവരമറിയുന്നത്.