അനുമതി വാങ്ങി മണിക്കൂറുകള്‍ കാത്തു നിന്നിട്ടും മുഖ്യമന്ത്രി അവഗണിച്ചു;ഡിജിപി ഭീഷണിപ്പെടുത്തി.ലിഗയുടെ മരണം അസ്വാഭാവികമെന്ന് ആവർത്തിച്ച് സഹോദരി

കൊച്ചി:കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയ വിദേശവനിത ലിത്വാനിയ സ്വദേശി ലിഗയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് ആവർത്തിച്ച് സഹോദരി ഇലിസ. ലിഗ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നെങ്കിലും ഒരിക്കലും ജീവനൊടുക്കില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ലിഗയ്ക്ക് തനിച്ച് എത്താൻ സാധിക്കില്ല. ആരോ ഇവിടേക്ക് കൊണ്ടുവന്നതാകാമെന്നും ഇലിസ പറഞ്ഞു.

അതേസമയം  ലിഗയുടെ ദുരൂഹമരണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയ ബന്ധുക്കള്‍ അപമാനമേറ്റുവാങ്ങി മടങ്ങി. സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും കടുത്ത അപമാനമാണ് ഈ കുടുംബം നേരിട്ടത്. ലിഗയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി കേള്‍ക്കാന്‍ പോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആക്രോശിച്ച് മടക്കിവിട്ട സംസ്ഥാന പൊലീസ് മേധാവി ബെഹറയും സംസ്ഥാനത്തിനുതന്നെ നാണക്കേടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമൂഹിക പ്രവര്‍ത്തകയായ അശ്വതി ജ്വാലയാണ് ലിഗയുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രിയില്‍ നിന്നും ഡി.ജി.പിയില്‍ നിന്നും കടുത്ത അവഗണന നേരിടേണ്ടി വന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. ലിഗയെ കാണാതായത് മുതല്‍ പൊലീസിന്റെ അനാസ്ഥ താന്‍ നേരില്‍ കണ്ടുവെന്ന് അശ്വതി പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പോത്തന്‍കോട് പൊലീസ് ലിഗയെ കാണാതായെന്ന് പറയുന്ന കോവളത്തെ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചിരുന്നില്ല. പ്രദേശത്ത് ഒന്ന് തെരച്ചില്‍ നടത്താന്‍ പോലും ഏമാന്‍മാര്‍ മിനക്കെട്ടില്ല. ഒടുവില്‍ ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചതിന് ശേഷമാണ് പൊലീസ് അന്വേഷണം കാര്യക്ഷമമായത്.

മുഖ്യമന്ത്രിയെ കാണാനുള്ള മുന്‍കൂര്‍ അനുമതിയെടുത്ത് ഒരു ദിവസം രാവിലെ മുതല്‍ നിയമസഭയ്ക്ക് മുന്നില്‍ കാത്തുനിന്നു. എന്നാല്‍ അനുമതി നല്‍കിയ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനാല്‍ ഞങ്ങളെ അകത്തേക്ക് കടത്തിവിട്ടില്ല. ഒടുവില്‍ 11 മണിയോടെ ഞങ്ങളുടെ മുന്നിലൂടെ അദ്ദേഹം ചീറി പാഞ്ഞ് പോകുമ്പോള്‍ ഈ മുഖ്യമന്ത്രിയെ കാണാന്‍ ആണോ നമ്മള്‍ ഇവിടെ കാത്തു നിന്നതെന്നായിരുന്നു വിദേശികളുടെ ചോദ്യം.

പിന്നീട് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ കാണാന്‍ പോയപ്പോഴും നേരിട്ടത് ദുരനുഭവമായിരുന്നു. ആദ്യ ദിവസം മൂന്ന് മണിക്കൂര്‍ കാത്തുനിര്‍ത്തിച്ച ശേഷം അടുത്ത ദിവസം കാണാമെന്ന് പറഞ്ഞ് തിരിച്ചയച്ചു. പിറ്റേന്ന് അദ്ദേഹം തങ്ങളെ സ്വീകരിച്ചത് തന്റെ സമയം കൊല്ലാനെത്തുന്നവരെ പോലെയാണ്. കേരളാ പൊലീസിനെ പഠിപ്പിക്കേണ്ടെന്നും കേസ് അന്വേഷിക്കാന്‍ തങ്ങള്‍ക്കറിയാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പൊലീസിനെ കുറ്റം പറഞ്ഞാല്‍ ഒരു മിസിംഗ് കേസ് എന്ന നിലയില്‍ പരാതി എഴുതിത്തള്ളുമെന്നും അദ്ദേഹം ഭീഷണിമുഴക്കി. ഒടുവില്‍ താങ്കളുടെ ഭാര്യയെ കാണാതായാല്‍ ഇങ്ങനെ പെരുമാറുമോ എന്ന ചോദ്യത്തിന് മുന്നിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കാമെന്ന് അദ്ദേഹം സമ്മതിച്ചത്.

അതേസമയം കേസിൽ ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇലിസ പറഞ്ഞു. ലിഗയുടേത് വിഷക്കായ കഴിച്ചുള്ള മരണമാകാമെന്ന കണ്ടെത്തൽ കെട്ടുകഥയെന്നും ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് പറഞ്ഞു. ശനിയാഴ്ച തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു.ലിഗയുടെ തലമുടി, വസ്ത്രങ്ങൾ, ശരീരത്തിലെ തിരിച്ചറിയൽ പാടുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണു മരിച്ചത് ലിഗയാണെന്നു സ്ഥിരീകരിച്ചത്. വിഷാദ രോഗത്തിനു ചികിത്സയ്ക്കായി പോത്തൻകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ലിഗയെ ഒരു മാസം മുൻപാണ് കാണാതായത്.

ലിഗയുടെ മരണശേഷം നഷ്ടപരിഹാരവുമായി ഓടിയെത്തിയ ജനപ്രതിനിധികള്‍ ഇതിന് മുമ്പ് അവരുടെ ബന്ധുക്കളെ കണ്ടിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഒരു വിദേശവനിതയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും അശ്വതി പറഞ്ഞു. ഒരല്‍പം കരുണ അന്ന് നിങ്ങളൊക്കെ കാണിച്ചിരുന്നെങ്കില്‍ ഈ നാടിന് ഇങ്ങനെ തല കുനിച്ച് നില്‍ക്കേണ്ടി വരില്ലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Top