മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് മറികടന്ന്‌ വിദേശ വനിതയുടെ മൃതദേഹം സംസ്‌കരിച്ചു; തെളിവുകള്‍ നശിപ്പിക്കാനുള്ള പൊലീസിന്റെ നടപടിയാണെന്ന് ബിജെപി

തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം സംസ്‌കരിച്ചു. തൈക്കാട് ശാന്തി കവാടത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. മൃതദേഹം മറവ് ചെയ്താല്‍ മതിയെന്നും രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

എന്നാല്‍, മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് തരംതാണതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കമ്മീഷന്റെ നടപടി മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തെളിവുകള്‍ നശിപ്പിക്കാനുള്ള പൊലീസിന്റെ നടപടിയാണ് ഇതെന്ന് ബിജെപി ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദേശ വനിതയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ  ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

ലഹരിമരുന്ന് നല്‍കിയ ശേഷമാണ് വിദേശവനിതയെ പീഡിപ്പിച്ചത്. മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചത് ആത്മഹത്യയാണെന്ന് വരുത്താനായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതികള്‍ മുന്‍പും സമാനമായ സംഭവം നടത്തിയിട്ടുണ്ടെന്ന് പൊലീസിന് സംശയം ഉണ്ട്.

വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പറഞ്ഞതാണ് ലിഗയെ വാഴമുട്ടത്ത് കൊണ്ടുവന്നത്. ഫൈബര്‍ ബോട്ടിലാണ് വനിതയെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ചത്. കഞ്ചാവും കാഴ്ച്ചകളും വാഗ്ദാനം ചെയ്തുവെന്നും പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ പറഞ്ഞു.

മാര്‍ച്ച് 14 വൈകുന്നേരം 5.30വരെ പ്രതികളും വിദേശ വനിതയും കണ്ടല്‍ക്കാട്ടില്‍ ഉണ്ടായിരുന്നു. അതിന് ശേഷമാണ് വിദേശ വനിതയെ കൊലപ്പെടുത്തിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.  കണ്ടല്‍ക്കാട്ടില്‍ നിന്ന് കണ്ടെത്തിയ മുടിയിഴകള്‍ ഉമേഷിന്റേതാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.

മുഖ്യപ്രതി ഉമേഷാണെന്ന് പൊലീസ് പറയുന്നു. വിദേശ വനിതയുടെ ദേഹത്ത് കണ്ട ജാക്കറ്റ് ഉദയന്റേതാണ്.  ഉമേഷ്  മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.

വിദേശ വനിതയുടെ സഹോദരി ഇലീസ് അടുത്ത വ്യാഴാഴ്ച നാട്ടിലേക്കു മടങ്ങും. അതിന് മുമ്പ് ആറിനു വൈകിട്ട് അഞ്ചിനു നിശാഗന്ധി ഓഡിറ്റോറിയത്തിലെ സംഗീതസാന്ദ്രമായ അന്തരീക്ഷത്തിൽ വിദേശ വനിതയുടെ ഓർമകളുമായി മെഴുകുതിരി വെളിച്ചത്തിൽ‌ ചടങ്ങ് സംഘടിപ്പിക്കും. വിദേശ വനിതയുടെ തേടിയുള്ള യാത്രയില്‍ ഒപ്പം നിന്നവര്‍ക്ക് ഇലീസ് നന്ദി അറിയിക്കും. ഇന്ത്യൻ സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന വിദേശ വനിതയുടെ ഓർമയ്ക്കായി വയലിൻ സംഗീതനിശയും ഉണ്ടായിരിക്കും. ബെലബഹാർ എന്ന സംഗീതോപകരണത്തിലൂടെ പ്രശസ്തനായ സംഗീതജ്ഞൻ നവീൻ ഗന്ധർവിന്റെ ആരാധികയായിരുന്നു വിദേശ വനിത. ചടങ്ങിനെക്കുറിച്ചറിഞ്ഞ നവീൻ മുംബൈയിൽ നിന്നെത്തി വിദേശ വനിതയ്ക്കായി പാടും.

കാണാതായ വിദേശ വനിതയ്ക്കായി ഭർത്താവ് ആൻഡ്രുവും താനും ചേർന്നു രണ്ടു മാസത്തോളമായി നടത്തിയ തിരച്ചിലിന്റെ അനുഭവങ്ങൾ ഇലീസ് പങ്കുവയ്ക്കും. വിദേശ വനിതയെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഇലീസിന്റെ വിഡിയോ അവതരണത്തിനു ശേഷം വിദേശ വനിതയുടെ ഓർമയ്ക്കായി കനകക്കുന്നിൽ മരത്തൈ നടും. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചടങ്ങിലേക്ക് ഇലീസ് ക്ഷണിച്ചിട്ടുണ്ട്. പരിപാടിക്കായി ടൂറിസം വകുപ്പ് നിശാഗന്ധി ഓഡിറ്റോറിയം സൗജന്യമായി വിട്ടുനൽകി.

Top