
തിരുവനന്തപുരം: ലാത്വിയൻ സ്വദേശി ലിഗ സ്‌ക്രൊമനെ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. പ്രതികളിൽ ഒരാൾ പുരുഷ ലൈംഗിക തൊഴിലാളിയും മറ്റുള്ളവർ മയക്കുമരുന്ന് വിതരണ സംഘത്തിലെ അംഗങ്ങളുമാണ്. പുരുഷ ലൈംഗിക തൊഴിലാളിയായ യുവാവാണ് ലിഗയെ പ്രലോഭിപ്പിച്ച് പനത്തുറയിലെ ചെന്തിലക്കരയിൽ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഇതുവരെ കേസുമായി ബന്ധപ്പെട്ട് 170 ഓളം പേരെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത ചിലർ നൽകിയ മൊഴി കള്ളമാണെന്നും തെളിഞ്ഞിരുന്നു. കൊലപാതകം നടന്നുവെന്ന് കരുതുന്ന 14ന് കോവളത്ത് പ്രതികളെന്നു സംശയിക്കുന്ന നാലു പേരെ കണ്ടവരുണ്ട്. ഇതും അന്വേഷണത്തിൽ നിർണ്ണായകമായി. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പ് അമിതമായ അളവിൽ ലഹരി വസ്തു ഇവരുടെ ശരീരത്തിൽ എത്തിട്ടുണ്ട് എന്ന് പോസ്റ്റമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിരുന്നു. എന്നാൽ രാസപരിശോധന ഫലം വന്നാൽ മാത്രമെ ഇത് എന്തു വസ്തു ആണ് എന്നു പറയാൻ കഴിയു. ഇതിന് രണ്ട് ദിവസം കൂടി വേണ്ടി വരും. നിർണ്ണായക തെളിവുകൾ ഉടൻ ലഭിച്ചില്ലെങ്കിൽ രണ്ട് ദിവസം കഴിഞ്ഞു മാത്രമേ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തൂവെന്നാണ് സൂചന.
ലിഗ കൊല്ലപ്പെട്ടതു സംഘം ചേർന്നുള്ള ആക്രമത്തിലാണെന്നു വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. കഴുത്തിനേറ്റ കനത്ത ക്ഷതമാണു മരണകാരണമെന്നും ശരീരത്തിൽ പത്തിലേറെ മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴുത്തിലേറ്റ ക്ഷതം മൂർച്ചയുള്ള ആയുധം കൊണ്ടുള്ളതല്ല. ചവിട്ടി ഞെരിച്ചതോ ശ്വാസം മുട്ടിച്ചതോ ആകാം. ഇതു പരിശോധിച്ചപ്പോഴാണ് ഒന്നിലധികം പേർ ചേർന്നാണ് ആക്രമിച്ചതെന്ന നിഗമനത്തിൽ എത്തിയത്. പോത്തൻകോട് നിന്ന് കോവളത്ത് എത്തിയ ലിഗയെ തന്ത്രപരമായി പനത്തുറയിൽ എത്തിച്ച് പീഡിപ്പിക്കാനായിരുന്നു ശ്രമം. ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന സ്വഭാവക്കാരിയാണ് ലിഗ. ഇത് പ്രതികൾ മുതലെടുത്തു. പീഡന ശ്രമത്തിനിടെ കൊലപാതകം നടന്നു.
കസ്റ്റഡിയിലുള്ള നാലുപേരുടെ മൊഴികൾ പരസ്പരവിരുദ്ധം. ഉമേഷ്, ഉദയൻ, ലാലു, ഹരി എന്നിവരാണു പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണു സൂചന. ഇവരുടെ മൊഴികളെല്ലാം കളവാണെന്നു കേസിലെ ശാസ്ത്രീയപരിശോധനകളിൽനിന്നു വ്യക്തമായി.
ലിഗ കൊല്ലപ്പെട്ട ദിവസം ഇവർ നാലുപേരും വാഴമുട്ടത്തെ കണ്ടൽക്കാട്ടിൽ ഉണ്ടായിരുന്നെന്നാണു സൂചന. ലിഗ കണ്ടൽക്കാട്ടിലേക്കു പോകുന്നതു കണ്ടെന്നാണു സമീപവാസിയായ ഉദയൻ പൊലീസിനോടു പറഞ്ഞത്. അപ്പോൾ താൻ വീട്ടിലെ ബാത്ത്റൂമിലായിരുന്നെന്നും ഉദയൻ മൊഴി നൽകി. മൃതദേഹം കിടന്ന സ്ഥലത്തുനിന്നു ലഭിച്ച മുടിനാര് കസ്റ്റഡിയിലുള്ളവരിൽ ഒരാളുടേതാണെന്നു തിരിച്ചറിഞ്ഞു. ബലാത്സംഗശ്രമം ലിഗ ചെറുത്തതാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസ് നിഗമനം. പ്രതികൾക്കു കോടതിയിൽനിന്നു സംശയത്തിന്റെ ഒരാനുകൂല്യവും ലഭിക്കാൻ പാടില്ലെന്ന് അന്വേഷണസംഘത്തിനു നിർദ്ദേശമുണ്ട്. പഴുതുകൾ അടച്ച് അന്വേഷണം പൂർത്തിയാക്കുമെന്ന് അന്വേഷണസംഘത്തലവനായ കമ്മിഷണർ പി. പ്രകാശ് പറഞ്ഞു. കൊലപാതകം നടന്ന ദിവസം തങ്ങൾ വീടുകളിലായിരുന്നെന്നു പ്രതികൾ മൊഴി നൽകിയെങ്കിലും വീട്ടുകാരുടെ മൊഴി മറിച്ചായിരുന്നു. ആദ്യത്തെ ചോദ്യംചെയ്യലിൽ, ലിഗയെ കണ്ടിട്ടില്ലെന്നായിരുന്നു ഇവരുടെ മൊഴി. പിന്നീടു പൊന്തക്കാട്ടിൽ മൃതദേഹം കണ്ടെന്നും പേടിമൂലം പുറത്തുപറഞ്ഞില്ലെന്നും തിരുത്തി. ഇതെല്ലാമാണ് കേസിൽ നിർണ്ണായകമായത്.