അണക്കെട്ട് കമ്മീഷന്‍ ചെയ്ത ദിവസം ജനിച്ച മകന് മെഗാവാട്ട് എന്ന് പേരിട്ടു; വളര്‍ന്നപ്പോള്‍ ലൈന്‍മാനായി; അറംപറ്റിയതു പോലെ മെഗാവാട്ടിന്‍റെ ജീവിതം കറന്‍റ് എടുത്തു

അണക്കെട്ട് കമ്മീഷൻ ചെയ്ത ദിവസം ജനിച്ച മകന് ഇടാൻ ഇതിലും നല്ല പേര് വേറെ ഒന്നും ഇല്ലെന്നായിരുന്നു അന്ന് ആ അച്ഛൻ വിചാരിച്ചത്. അതുകൊണ്ടാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി മകന് മെഗാവാട്ട് എന്ന് പേരും ഇട്ടത്. എന്നാൽ മെഗാവാട്ട് എന്ന വ്യത്യസ്തമായ പേരിടുമ്പോൾ തന്റെ വാക്കുകൾ അറംപറ്റുമെന്ന് ആ പിതാവ് ഒരിക്കലും വിചാരിച്ച് കാണില്ല. പേര് അന്വർത്ഥമാക്കുന്നത് തന്നെയായിരുന്നു മെഗാവാട്ടിന്റെ ജീവിതം. ഇയാൾക്ക് ഉപജീവനമായതും അവസാനം ഉയിരെടുത്തതും മെഗാവാട്ട് വൈദ്യുതി തന്നെ.
പേര് അന്വർത്ഥമാക്കി ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരനായിരുന്നു ലേക്ക് മെഗാവാട്ട് എന്ന 39കാരൻ. വൈദ്യുതി തകരാർ പരിഹരിക്കാൻ 11 കെ.വി. ലൈനിൽ കയറിയതായിരുന്നു ലൈന്മാനായ മെഗാവാട്ട്. എന്നാൽ വൈദ്യുതി തന്നെ മെഗാവാട്ടിന്റെ ജീവൻ എടുക്കുക ആയിരുന്നു. തമിഴ്‌നാട് മേലേഗൂഡല്ലൂർ നിവാസിയാണ് മെഗാവാട്ട്. പോസ്റ്റിനു മുകളിൽ നിന്ന് പണി ചെയ്യുന്നതിനിടെ പെട്ടെന്നു വൈദ്യുതി പ്രവഹിക്കുകയായിരുന്നു. ഗുഡല്ലൂർ ഇ. ബി. സ്റ്റേഷനിലെ ജീവനക്കാരനായിരുന്നു.
മെഗാവാട്ടിന് ഈ പേര് വീഴാൻ ഒരു കാരണം ഉണ്ട്. ലേക്ക് മേഗാവാട്ടിന്റെ പിതാവ് ശേഖർ ചുരുളി വൈദ്യുതി പദ്ധതിയിൽ ജീവനക്കാരനായിരുന്നു. 1978-ൽ ചുരുളിയിൽ വൈദ്യുതി ഉത്പാദനം ആരംഭിച്ച ദിവസം ജനിച്ച മകന് ശേഖർ ഇവിടത്തെ തടാകവും വൈദ്യുതി ഉത്പാദനവും അനുസ്മരിപ്പിക്കുന്ന വേറിട്ട പേരു കണ്ടെത്തുകയായിരുന്നു. കടമലൈക്കുണ്ട് സ്വദേശിയായ ലേക്ക് മെഗാവാട്ട് ആറുവർഷം മുമ്പാണു ജോലിസംബന്ധമായി മേലേഗൂഡല്ലൂരിലെത്തിയത്. കമ്പം സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ഭാര്യയും രണ്ടുമക്കളുമുണ്ട്.

Top