നികുതിവെട്ടിപ്പ് കേസില്‍ അര്‍ജന്റീനയുടെ സൂപ്പര്‍ താരമായിരുന്ന ലയണല്‍ മെസിക്ക് കുരുക്കു വീണു. 21മാസം തടവു ശിക്ഷയാണ് കോടതി വിധിച്ചത്. 20ലക്ഷം യൂറോ പിഴയും അടയ്ക്കണം. പിതാവ് ഹൊറാസിയോ മെസ്സിയ്ക്കും കോടതി 21 മാസത്തെ ജയില്‍ ശിക്ഷ നല്‍കിയിട്ടുണ്ട്. ബാര്‍സിലോന കോടതിയുടേതാണ് വിധി.
കഴിഞ്ഞ ദിവസമാണ് തോല്‍വികള്‍ ഏറ്റുവാങ്ങി മെസി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചത്. മെസിയെ കൊന്നു കൊലവിളിച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു. തന്റെ കരിയറില്‍ അര്‍ജന്റീനയ്ക്കായി കിരീടം നേടിക്കൊടുക്കാന്‍ പറ്റാത്ത വിഷമത്തിലാണ് മെസി വിടപറഞ്ഞത്.
53 ലക്ഷം ഡോളര്‍ (മുപ്പതുകോടിയോളം രൂപ) ഇരുവരും ചേര്‍ന്നു വെട്ടിച്ചതായാണ് നികുതി വകുപ്പ് പ്രോസിക്യൂഷന്റെ വാദം. 2006-09 കാലയളവില്‍ തെറ്റായ വിവരങ്ങളടങ്ങുന്ന റിട്ടേണുകളാണ് ഇവര്‍ സമര്‍പ്പിച്ചതെന്നും പ്രോസിക്യൂഷന്‍ വിഭാഗം വക്താവ് പറഞ്ഞു.
അതേസമയം, തടവുശിക്ഷ രണ്ടുവര്‍ഷത്തില്‍ കുറവായതിനാല്‍ സ്‌പെയിനിലെ നിയമമനുസരിച്ച് ഇരുവരും ജയിലില്‍ പോകേണ്ടിവരില്ലെന്നാണ് സൂചന. മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുകയും ചെയ്യാം. നികുതി വെട്ടിപ്പു നടത്തിയതിന്റെ പേരില്‍ ആരോപണമുയര്‍ന്നതോടെ മെസ്സിയും പിതാവും 50,16,542 യൂറോ (44 കോടിയോളം രൂപ) സ്പെയിനിലെ നികുതി വകുപ്പില്‍ അടച്ചിരുന്നു. ഫുട്‌ബോള്‍ കളിക്കാരനായ തനിക്കു സാമ്പത്തിക കാര്യങ്ങളെക്കുറിച്ചു ധാരണയില്ലെന്നും ഇക്കാര്യത്തില്‍ പിതാവിനേയും അഭിഭാഷകരേയും വിശ്വസിക്കുകയായിരുന്നെന്നും വിചാരണ വേളയില്‍ മെസ്സി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
2000 മുതല്‍ ബാര്‍സിലോനയില്‍ സ്ഥിര താമസക്കാരനായ മെസ്സി 2005ല്‍ സ്പാനിഷ് പൗരത്വവും നേടിയിരുന്നു. നെയ്മര്‍, മഷറാനോ തുടങ്ങിയവര്‍ക്കെതിരെയും സ്‌പെയിനില്‍ നികുതി വെട്ടിപ്പ് കേസുകളുണ്ട്. ഫോര്‍ബ്സ് മാഗസിന്റെ കണക്കു പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരങ്ങളില്‍ ഒരാളാണ് മെസ്സി. 113 കോടി രൂപയോളം ശമ്പള ഇനത്തിലും 116 കോടിയോളം പരസ്യ വരുമാനത്തിലും മെസ്സിക്കു കഴിഞ്ഞ സീസണില്‍ ലഭിച്ചിരുന്നു.