ക്ലബ്ബ് ഫുഡ്ബാളിലെ സ്വപ്‌ന മത്സരമായ എല്‍ ക്ലാസിക്കോയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കേ പരസ്പരം പോരടിക്കേണ്ടവര്‍ ചുംബിച്ച് നില്‍ക്കുന്നത് ആരാധകര്‍ക്ക് കൗതുകമാകുന്നു. റോസാ പുഷ്പം നല്‍കുന്ന മെസ്സിയെ ചേര്‍ത്ത് പിടിച്ച് ആലിംഗനം ചെയ്ത് ചുണ്ടില്‍ ചുംബിച്ചു നില്‍ക്കുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആരാധകര്‍ക്ക് വിരുന്നാവുകയാണ്. നേരിട്ടുള്ള ചുംബനമാണെന്ന് ആരും കരുതരുത്, ഇത് ഗ്രാഫിറ്റിയാണ്. ബാഴ്‌സലോണയിലെ ബസ് സ്‌റ്റോപ്പിലാണ് ഈ താര ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്.
ഗ്രാഫിറ്റി തകര്‍ത്തെങ്കിലും ഇരുവരെയും ഇത്തരത്തില്‍ ചിത്രീകരിച്ചതില്‍ ഇരു ക്ലബുകളുടേയും ആരാധകര്‍ക്കിടയില്‍ മുറുമുറുപ്പ് ഉയരുന്നുണ്ട്. ഗ്രാഫിറ്റിയെ എതിര്‍ത്തും അനുകൂലിച്ചും ആരാധകര്‍ രണ്ട് പക്ഷമായി തിരിഞ്ഞിട്ടുണ്ട്.
ടിവ്‌ബോയ് എന്ന കലാകാരനാണ് ഗ്രാഫിറ്റിയ്ക്ക് പിന്നില്‍. ഏപ്രില്‍ 23 ഞായറാഴ്ച്ചയാണ് എല്‍ ക്ലാസിക്കോ. ബാഴ്‌സ ഉള്‍പ്പെടെയുള്ള കാറ്റലോണിയ മേഖലയില്‍ വര്‍ഷംതോറും ഏപ്രില്‍ 23നാണ് പ്രണയ ദിനം ആഘോഷിക്കാറുള്ളത്. ഇതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഗ്രാഫിറ്റിയെന്ന് ടിവ്‌ബോയ് പറയുന്നു. ഗ്രാഫിറ്റി ക്യാമറയിലാക്കാന്‍ നിരവധി ടൂറിസ്റ്റുകളാണ് മേഖലയില്‍ എത്തുന്നത്.
പ്രതീക്ഷയുടേയും പോസിറ്റിവിറ്റിയുടേയും സന്ദേശം പകരുകയാണ് എന്റെ ഉദ്ദേശ്യം. തെമ്മാടിക്കൂട്ടങ്ങള്‍ തമ്മിലാണ് ഫുട്‌ബോള്‍ ഏറ്റുമുട്ടലുകളെല്ലാം. ‘ശാന്തമായിരിക്കൂ’ എന്നാണ് എനിക്ക് പറയാനുള്ളത്. മെസിയും ക്രിസ്റ്റിയാനോയും എതിരാളികളാണ്. അവര്‍ ഒരിക്കലും ചുംബിക്കില്ലെന്ന് എനിക്കറിയാം. പക്ഷെ കാല്‍പ്പനികമായ ലോകത്തെ ചിത്രീകരിക്കാന്‍ ഒരു ആര്‍ട്ടിന് കഴിയും. അത് പ്രകോപിപ്പിക്കും, അമ്പരപ്പിക്കും. ടിവ്‌ബോയ് പറയുന്നു.
ഇറ്റാലിയന്‍ പൗരനായ ടിവ്‌ബോയ് കഴിഞ്ഞ 13 വര്‍ഷമായി ഹാഴ്‌സലോണയിലാണ് താമസം. ബാഴ്‌സ തെരുവുകളാണ് ടിവ്‌ബോയുടെ കാന്‍വാസ്. ‘പ്രണയത്തിന് കാഴ്ച്ചയില്ല’ എന്ന് വിളിക്കുന്ന പ്രൊജക്ടിന്റ് ഭാഗമായാണ് ടിവ്‌ബോയ് മെസിറോണോ ചുംബന ചിത്രം വരച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് റിപ്ലബിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ യുഎസ് പ്രസിഡണ്ടുമായ ഡൊണാള്‍ഡ് ട്രംപും എതിരാളി ആയിരുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും തമ്മില്‍ ചുംബിക്കുന്ന ചിത്രം ടിവ്‌ബോയ് വരച്ചിരുന്നു.