ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലിയോ.. കാല്‍പന്ത് കളിയുടെ ഒരേ ഒരു രാജാവ് ലിയോണല്‍ ആന്ദ്രേ മെസി

പാരീസ്: കാല്‍ പന്തുകളിയുടെ സുവര്‍ണ സിംഹാസനത്തില്‍ വീണ്ടും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി. ലോക ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാരം വീണ്ടും സ്വന്തമാക്കി മെസ്സി റെക്കോര്‍ഡിട്ടു. ഇതോടെ കൂടുതല്‍ തവണ ഈ അവാര്‍ഡ് നേടിയ താരമായും അദ്ദേഹം മാറി. നേരത്തേ അഞ്ചു ബാലണ്‍ ഡിയോറുകളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു മെസ്സി. 2015നു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ബാലണ്‍ ഡിയോര്‍ നേട്ടം കൂടിയാണിത്.

ഈ ലോകത്തെ കിരീടങ്ങളെല്ലാം കാല്‍കീഴിലാക്കിയ സുല്‍ത്താന്‍. അവന്‍ തകര്‍ക്കാത്ത പ്രതിരോധ കോട്ടകളില്ല, അവന് മുന്നില്‍ കീഴടങ്ങാത്ത തന്ത്രങ്ങളില്ല, അവന് മുന്നില്‍ തലകുനിക്കാത്ത മാനേജര്‍മാരില്ല, കാല്‍പന്ത് കളിയുടെ ഒരേ ഒരു രാജാവ് ലിയോണല്‍ ആന്ദ്രേ മെസി, തന്റെ കരിയറിലെ ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

അവന്റെ മായാജാലത്തെ വര്‍ണിക്കാന്‍ വര്‍ണനകള്‍ക്ക് ശേഷിയില്ല. അതുകൊണ്ടാണ് പെപ് പറഞ്ഞത് അവനെക്കുറിച്ച് എഴുതാതിരിക്കൂ. അവനെ വിലയിരുത്താതിരിക്കൂ. അവനെ കേവലം ആസ്വദിച്ചുകൊണ്ടിരിക്കൂ എന്ന്. പ്രായം തളര്‍താത്ത മെസിയുടെ മായാജാലത്തില്‍ പലതവണ അത്ഭുതം കൂറിയിട്ടുണ്ട് ഫുട്‌ബോള്‍ ലോകം. കഴിഞ്ഞ സീസണിലും പതിവുപോലെ മെസി ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്, ചാമ്പ്യന്‍സ് ലീഗ് ടോപ് സ്‌കോറര്‍, ലാലീഗ ടോപ് സ്‌കോറര്‍, ലാലീഗയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ്, ലാലീഗയിലെ ഏറ്റവും മികച്ച ഗോള്‍, ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും മികച്ച ഗോള്‍, ഏറ്റവും മികച്ച പ്ലേ മേക്കര്‍ പുരസ്കാരം, ഫിഫയുടെ ഏറ്റവും മികച്ച താരം, ബാലണ്‍ ഡി ഓര്‍ എല്ലാത്തിനും ഒരേ ഒരു പേര് ലിയോണല്‍ മെസി.

Top