പാതയോരത്തെ മദ്യവില്‍പ്പന തടഞ്ഞ സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള പഴുതുകള്‍ തിരഞ്ഞ് വലയുകയാണ് സംസ്ഥാനം. ബിവറേജസ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നീ വിദേശമദ്യവില്‍പ്പനശാലകള്‍ അവ പ്രവര്‍ത്തിച്ച താലൂക്കിലെവിടേക്കും മാറ്റാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
ഇതുവരെ നഗരസഭയോ സമീപപഞ്ചായത്തുകളോ ആയിരുന്നു അതിര്‍ത്തി. ഏപ്രില്‍ ഒന്നുമുതല്‍ ഒരുവര്‍ഷത്തേക്കാണ് അനുമതി. മദ്യശാലകള്‍ ഇപ്രകാരം മാറ്റുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ലെന്നാണ് എക്‌സൈസ് വകുപ്പിന്റെ നിലപാട്. എന്നാല്‍ ‘ഡെയ്ഞ്ചറസ് ആന്‍ഡ് ഒഫന്‍സബിള്‍’ ഉത്പന്നങ്ങളുടെ പട്ടികയില്‍പ്പെടുന്നതിനാല്‍ ഡി. ആന്‍ഡ് ഒ. സര്‍ട്ടിഫിക്കറ്റ് വേണമെന്ന് തദ്ദേശസ്ഥാപനങ്ങള്‍ വാശിപിടിക്കുകയാണ്. മദ്യവിരുദ്ധരുടെ എതിര്‍പ്പു ഭയന്നാണിത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചു. മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായ അധികാരമില്ലെന്നു വ്യക്തമാക്കുന്നതാവും ഓര്‍ഡിനന്‍സ്.
മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതും തിരഞ്ഞെടുപ്പില്‍ പ്രചാരണവിഷയമാകുമെന്നതും കാരണമാണ് ഓര്‍ഡിനന്‍സ് വൈകുന്നതെന്നാണു സൂചന. സാധ്യമായ മാര്‍ഗങ്ങളെല്ലാമുപയോഗിച്ച് മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം.
എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി. സുധാകരനും തിങ്കളാഴ്ച തിരുവനന്തപുരത്തില്ലാതിരുന്നതിനാല്‍ ഇക്കാര്യത്തില്‍ അന്തിമധാരണയായിട്ടില്ല. മലപ്പുറം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പുതിയ മദ്യനയത്തിന് അന്തിമരൂപം നല്‍കുന്നതിനുള്ള ചര്‍ച്ച തുടങ്ങും. ബിയര്‍വൈന്‍ പാര്‍ലറുകളുടെ കാര്യത്തിലും ബാര്‍ ലൈസന്‍സ് നല്‍കുന്ന കാര്യത്തിലും മൂന്നുമാസത്തിനപ്പുറം നിലവില്‍വരുന്ന പുതിയ മദ്യനയത്തോടെയേ തീര്‍പ്പുണ്ടാകൂ.
സുപ്രീം കോടതി വിധി മറികടക്കുന്നതിനായി സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനങ്ങള്‍ ഇവയാണ്.
സംസ്ഥാനത്തെ പകുതിയോളം മദ്യവില്പനകേന്ദ്രങ്ങള്‍ പൂട്ടിയതിനെത്തുടര്‍ന്ന് നിലവിലുള്ള മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനസമയം ഒരുമണിക്കൂര്‍ നീട്ടാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ 136 വില്പനകേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ രാത്രി ഒമ്പതുവരെയായിരുന്നു നിലവിലെ സമയം. കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങാനും നിര്‍ദേശിച്ചു.
പാതയോരത്തുനിന്ന് മദ്യവശാലകള്‍ മാറ്റണമെന്ന വിധിയുടെ പശ്ചാത്തലത്തില്‍ നിലവിലുള്ള കള്ളുഷാപ്പുകളില്‍ വിദേശമദ്യം വില്‍ക്കാമെന്ന നിര്‍ദേശം ആലോചനയിലാണെന്ന് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി. സുധാകരന്‍. തര്‍ക്കമില്ലാത്തിടത്ത് കച്ചവടം മാറ്റിസ്ഥാപിക്കണമെന്നതാണ് സര്‍ക്കാരിന്റെ നയം. പ്രശ്‌നമുണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി മലപ്പുറത്ത് പറഞ്ഞു.
കോടതിവിധിക്കെതിരേ അപ്പീലിനവസരമുണ്ടെങ്കില്‍ അതിനും ശ്രമിക്കും. പ്രശ്‌നം യാന്ത്രികമായി പരിഹരിക്കാനാകില്ല. മദ്യം നിരോധിക്കാത്ത സാഹചര്യത്തില്‍ നല്ല മദ്യം ലഭ്യമാക്കുകയെന്നത് അനിവാര്യമാണ്. വ്യാജമദ്യത്തെ തടയുന്നതിനും ഇതാവശ്യമാണ്. കുടിക്കേണ്ടവന് കുടിക്കാമെന്നും എന്നാല്‍, മറ്റുള്ളവര്‍ക്ക് ശല്യമാകരുതെന്നുമാണ് സര്‍ക്കാരിന്റെ നയമെന്നും സുധാകരന്‍ വിശദീകരിച്ചു.
സംസ്ഥാനപാതകള്‍ ജില്ലാപാതകളാക്കി മാറ്റുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് കോഴിക്കോട്ട് പറഞ്ഞു. മദ്യശാലകള്‍ പൂട്ടുന്നതുകൊണ്ട് 40005000 കോടി രൂപയുടെ നഷ്ടമുണ്ടാവും. ഇതു മറികടക്കാനുള്ള എല്ലാ പോംവഴികളും ആലോചിക്കും. ഇത്രയും വരുമാനം മറ്റുവിധത്തിലുണ്ടാക്കാന്‍ സാധിക്കില്ല. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ട് എന്തൊക്കെ തീരുമാനങ്ങളെടുക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പരിശോധിക്കും. പാതകള്‍ സംബന്ധിച്ച് ധനവകുപ്പിനു മാത്രമായി തീരുമാനമെടുക്കാനാവില്ല. ഇവിടെ മദ്യം മുഴുവനായും ഇല്ലാതാക്കാന്‍ കഴിയില്ല. ഹോട്ടല്‍, ടൂറിസം എന്നിവയെ അത് ക്ഷീണിപ്പിക്കും. സര്‍ക്കാരിന്റെ സാമൂഹികക്ഷേമപദ്ധതികളെ ബാധിക്കും.
കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പൂട്ടിയ, ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും വില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ കൂടുതല്‍ സമയമാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കണമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് പ്രാഥമികനിയമോപദേശം നല്‍കി. 207 ചില്ലറവില്പനശാലകള്‍ പൂട്ടാന്‍ മൂന്നുമാസത്തെ സമയം തേടണമെന്നാണ് നിയമോപദേശം.
പ്രവര്‍ത്തനം നിര്‍ത്തിയ കള്ളുഷാപ്പുകള്‍ അതിന്റെ നിലവിലുള്ള പ്രവര്‍ത്തനപരിധിക്കകത്തുതന്നെ മാറ്റി സ്ഥാപിക്കാന്‍ എക്‌സൈസ് വകുപ്പ് അനുമതി നല്‍കി. ഷാപ്പുകള്‍ക്കുള്ള അനുമതി കഴിഞ്ഞവര്‍ഷത്തെ അതേ കരാറുകാര്‍ക്ക് മൂന്നുമാസത്തേക്ക് നീട്ടിനല്‍കി. പുതിയ മദ്യനയം വരുമ്പോള്‍ തൊഴിലാളികളുടെ സഹകരണസംഘത്തിന് ഷാപ്പുനടത്തിപ്പ് കരാര്‍ നല്‍കാനാണാലോചന. ഇതുവഴി പ്രാദേശിക എതിര്‍പ്പ് ഇല്ലാതാക്കാനാകുമെന്നും കരുതുന്നു. മാര്‍ച്ച് 31ന് സുപ്രീംകോടതിവിധി വരുന്നതിനു മുന്പുതന്നെ നിലവിലുള്ള മുഴുവന്‍ ഷാപ്പിനും ലൈസന്‍സ് പുതുക്കിനല്‍കിയിരുന്നു.
മദ്യവില്പനശാല സ്ഥാപിക്കുന്നതിനുനേരേ ജനകീയപ്രതിഷേധങ്ങളുയരുന്ന സ്ഥലങ്ങളില്‍ സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ആലോചന.