ബിവറേജസ് ഔട്ടലറ്റുകള്‍ കാണാനില്ല; ബാറുകളും ബിയര്‍ പാര്‍ലറുകളും കള്ള് ഷാപ്പുകളും പൂട്ടിയതോടെ ഗുരുതര പ്രതിസന്ധി

കൊച്ചി: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യ വില്‍പ്‌ന ശാലകള്‍ അടച്ച് പൂട്ടണമെന്ന സുപ്രീംകോടതി വിധി പ്രകാരം സംസ്ഥാനത്ത് 1956 മദ്യശാലകള്‍ക്ക് പൂട്ട് വീണു. ബാറുകളും ബിയര്‍ പാര്‍ലറുകളും കള്ള് ഷാപ്പുകളും പൂട്ടിയിട്ടുണ്ട്. മദ്യം വിറ്റ് കിട്ടുന്നതില്‍ നിന്ന് വരുമാനം കണ്ടെത്തുന്ന കേരളം പോലൊരു സംസ്ഥാനത്തിന് താങ്ങാന്‍ കഴിയുന്നതല്ല ഇത്. ഇപ്പോള്‍ ബിവറേജസ് ഔട് ലെറ്റുകള്‍ കാണാനില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേര്‍ക്ക് ജോലി നഷ്ടമാകുന്ന സ്ഥിതി വിശേഷവുമുണ്ട്. മദ്യവില്‍പനശാലകള്‍ക്ക് താഴുവീണ സാഹചര്യത്തില്‍ വ്യാജമദ്യവില്‍പന വന്‍തോതില്‍ കൂടിയേക്കാമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.

കേരളത്തില്‍ താഴുവീണ മദ്യശാലകളുടെ കണക്ക് ഇങ്ങനെ: 207 ബവ്‌റിജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകള്‍, 11 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, 18 ക്ലബുകള്‍, 586 ബിയര്‍വൈന്‍ പാര്‍ലറുകള്‍, 1132 കള്ളുഷാപ്പുകള്‍. ആകെ താഴുവീണത് 1956 മദ്യശാലകള്‍ക്ക്. ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: തിരുവനന്തപുരം 84, കൊല്ലം 103, പത്തനംതിട്ട 54, ആലപ്പുഴ 168, കോട്ടയം 236, ഇടുക്കി 195, എറണാകുളം 295, തൃശൂര്‍ 251, പാലക്കാട് 204, മലപ്പുറം 77, കോഴിക്കോട് 95, വയനാട് 25, കണ്ണൂര്‍ 105, കാസര്‍കോട് 64 എണ്ണം. ഈ സാഹചര്യത്തില്‍ വ്യാജമദ്യം ഒഴുകുന്നത് തടയുന്നതിന് ഈമാസം 20 വരെ കര്‍ശനമായ പരിശോധന നടത്താന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ മദ്യവില്‍പന, കുറയാതെ പിടിച്ചുനിര്‍ത്തുന്നതിനായി നിലവിലുള്ള ഔട്‌ലെറ്റുകളിലെ കൗണ്ടറുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ബവ്‌റിജസ് കോര്‍പറേഷന്‍ തീരുമാനം എടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നു മുതല്‍ മദ്യം വാങ്ങാന്‍ വന്‍തിരക്ക് അനുഭവപ്പെടുമെന്നതിനാല്‍ പൂട്ടിയ കേന്ദ്രങ്ങളിലെ ജീവനക്കാരെക്കൂടി തുറന്നു പ്രവര്‍ത്തിക്കുന്ന ഷോപ്പുകളില്‍ വിന്യസിക്കും. പൂട്ടിയ ഷോപ്പുകള്‍ക്കു പകരം പുതിയവ അതിവേഗം തുറക്കാന്‍ ശ്രമിക്കും. ഓരോ ദിവസവും നാലെണ്ണം വീതമെങ്കിലും ദൂരപരിധി പാലിച്ചു തുറക്കാനാണു ശ്രമം. രണ്ടു ദിവസത്തിനകം ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിയനുസരിച്ചു സംസ്ഥാനത്തെ 1,956 മദ്യവില്‍പന കേന്ദ്രങ്ങള്‍ പൂട്ടിയതോടെ സര്‍ക്കാര്‍ ഖജനാവിനു നഷ്ടം 2,500 കോടിയോളം രൂപയാണ്. ഇന്ധന നികുതി കഴിഞ്ഞാല്‍ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ നികുതി വരുമാനം മദ്യത്തില്‍ നിന്നാണ്. ഇന്ധനത്തില്‍നിന്നു പ്രതിവര്‍ഷം 8,000 കോടി കിട്ടുമ്പോള്‍ മദ്യത്തില്‍ നിന്ന് 7,500 കോടിയിലേറെ രൂപ ലഭിക്കുന്നു.

എണ്ണക്കമ്പനികളും ബവ്‌റിജസ് കോര്‍പറേഷനും ഈ തുക കൃത്യമായി പിരിച്ചെടുത്തു സര്‍ക്കാരിലേക്കു കൈമാറുന്നതു വഴി മേലനങ്ങാതെ കിട്ടുന്ന സമ്പത്തിലാണു ചോര്‍ച്ച. 40,000 കോടി രൂപയാണു സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ശരാശരി തനതു നികുതി വരുമാനം. ഇതില്‍ 60% ഉല്‍പന്ന വില്‍പന വഴി വാറ്റ് നികുതിയായും ബാക്കി 40% ഇന്ധന, മദ്യ വില്‍പനയിലൂടെ കെജിഎസ്ടിയായും ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഖജനാവിനെ തകര്‍ക്കുന്നതാണ് സുപ്രീംകോടതി വിധി. ബാറുകളിലും ബീയര്‍വൈന്‍ പാര്‍ലറുകളിലും ക്ലബ്ബുകളിലും മദ്യം വിതരണം ചെയ്യുന്നത് ബവ്‌റിജസ് കോര്‍പറേഷനാണ്. സ്വന്തം ഔട്‌ലെറ്റുകള്‍ വഴി നേരിട്ടും വില്‍ക്കുന്നു. മദ്യത്തിന്റെ 90 ശതമാനവും വിതരണം ചെയ്യുന്നതു ബവ്‌റിജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകളിലൂടെയാണ്. ഇവയില്‍ 207 വില്‍പന കേന്ദ്രങ്ങള്‍ പൂട്ടേണ്ടിവന്നതിനാല്‍ വില്‍പനയില്‍ 30 ശതമാനമെങ്കിലും ഇടിവാണു കണക്കുകൂട്ടുന്നത്. 11 പഞ്ചനക്ഷത്ര ബാറുകള്‍ പൂട്ടുന്നതു ടൂറിസം മേഖലയ്ക്കും വന്‍ തിരിച്ചടിയാകും. രാജ്യാന്തര കോണ്‍ഫറന്‍സുകള്‍ പലതും ശ്രീലങ്കയിലേക്കു മാറാനിടയുണ്ട്.

ദേശീയസംസ്ഥാന പാതയോരത്തെ മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നവിധി മറികടക്കാന്‍ വഴിതേടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ നീക്കം തുടങ്ങി. സംസ്ഥാനപാതകളെ ജില്ലാറോഡാക്കിയും മറ്റും ബാറുകള്‍ സംരക്ഷിക്കാനാണ് ചില സംസ്ഥാനങ്ങളുടെ ശ്രമം. ഉത്തര്‍പ്രദേശ്, ചണ്ഡീഗഢ്, ഹരിയാണ, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതിന് തുടക്കമിട്ടത്. ലൈസന്‍സ് കാലാവധി പൂര്‍ത്തിയാകുംവരെ ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാനാവുമെന്ന നിയമവ്യാഖ്യാനത്തില്‍ വിധി നടപ്പാക്കാന്‍ സാവകാശം തേടുകയാണ് ആന്ധ്രയും തെലങ്കാനയും. ഉത്തര്‍പ്രദേശില്‍ വിധി പ്രാബല്യത്തിലായ ഏപ്രില്‍ ഒന്നിന് മുമ്പേ സംസ്ഥാനത്തെ പല പ്രധാനസംസ്ഥാന പാതകളും ജില്ലാറോഡുകളായി പ്രഖ്യാപിച്ചു. ഇതുവഴി ഒട്ടേറെ മദ്യക്കടകളെ നിരോധനത്തില്‍ നിന്ന് രക്ഷിക്കാനായി. ബാറുകളടക്കം 8000ത്തിലേറെ മദ്യവില്‍പ്പന കേന്ദ്രങ്ങളാണുള്ളത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ 221 മദ്യഷാപ്പുകളെയാണ് വിധി ബാധിക്കുക.

മഹാരാഷ്ടയില്‍ ഏതാണ്ട് ആയിരം ബാറുകളടക്കം 15,699 മദ്യഷാപ്പുകളാണ് പൂട്ടിയത്. 7000കോടിയുടെ വരുമാന നഷ്ടം. വിധി മറികടക്കാന്‍ മുംബൈ, പുണെ, ജല്‍ഗാവ്, യവത്മല്‍ എന്നിവിടങ്ങളില്‍ സംസ്ഥാനപാതകള്‍ ജില്ലാറോഡുകളാക്കുന്നതിനുള്ള നടപടിക്രമം തുടങ്ങി. കര്‍ണാടകത്തില്‍ 2767 മദ്യശാലകള്‍ പൂട്ടും. ഇതില്‍ 257 എണ്ണം സര്‍ക്കാരുടമസ്ഥതയിലുള്ളത്. കൂടുതല്‍ പൂട്ടേണ്ടിവരുന്നത് ബെംഗളൂരുവിലാണ്, 286 എണ്ണം. അതിനിടെ ചില പാതകളെ സംസ്ഥാനപാതാ പദവിയില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യവുമായി ബാറുടമകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഗോവയില്‍ മുപ്പത് ശതമാനം മദ്യക്കടകളെയും സുപ്രീംകോടതി തീരുമാനം ബാധിക്കും. എന്നാല്‍, പുതുക്കിയ ഉത്തരവില്‍ ജനസംഖ്യാനുപാതിക ഇളവ് നല്‍കിയത് 1100 കടകള്‍ക്ക് ഗുണം ചെയ്യും. 3200 കടകള്‍(ബാറുകളടക്കം) പൂട്ടേണ്ടിവരുമെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. രാജസ്ഥാനില്‍ ബാറുകളടക്കം 2800 മദ്യക്കടകളെയാണ് വിധി ബാധിച്ചത്. ഇവയില്‍ പലതും ദൂരപരിധി അനുസരിച്ച് മാറ്റിസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.

Top