ന്യൂഡല്‍ഹി: വ്യാജ സിദ്ധന്‍മാരുടെയും സന്യാസിമാരുടെയും പേരുകള്‍ പുറത്ത് വിടുന്ന സംഘടനയാണ് അഖില ഭാരതീയ അഖണ്ഡ പരിഷത്ത്. ഇന്ത്യയിലെ സന്യാസിമാരുടെ ഉന്നതാധികാര സമിതിയായാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ വ്യാജ സന്യാസിമാരുടെ പട്ടിക തന്നെ തയ്യാറാക്കിയിരിക്കുകയാണ് സംഘടന. ഇത് രണ്ടാം തവണയാണ് വ്യാജ സന്യാസിമാരുടെ പട്ടിക ഭാരതീയ അഖണ്ഡ പരിഷത്ത് തയ്യാറാക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പുറത്തിറക്കിയ ആദ്യ പട്ടികയില്‍ അവര്‍ 14 വ്യാജ സന്യാസിമാരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. പുതിയ പട്ടികയില്‍ 17 പേരുണ്ട്.
ബലാത്സംഗക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഗൂര്‍മീത് റാം റഹീം സിംഗ്, ആശാറാം ബാപ്പു, രാധേ മാ തുടങ്ങിയവരാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. വീരേന്ദ്ര ദേവ് ദീക്ഷിത്, സച്ചിദാനന്ദ് സരസ്വതി, ത്രികാല്‍ ഭവന്ത് എന്നിവരാണ് രണ്ടാം പട്ടികയിലുള്ളത്. വീരേന്ദ്ര ദേവ് ദീക്ഷിതിന്റെ യു.പിയിലേയും ഡല്‍ഹിയിലേയും ആശ്രമത്തില്‍ നിന്നും 47 സ്ത്രീകളേയും മൂന്ന് പെണ്‍കുട്ടികളെയും കഴിഞ്ഞ ആഴ്ച പോലീസ് മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീക്ഷിത് പട്ടികയില്‍ സ്ഥാനം പിടിച്ചത്.
ദീക്ഷിതിന്റെ ആശ്രമത്തില്‍ ലൈംഗിക ചൂഷണത്തിനായാണ് സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. ജയിലിന് സമാനമായാണ് സ്ത്രീകളെ പാര്‍പ്പിച്ചിരുന്നത്. സ്വാമി ഒംജി, നിര്‍മല്‍ ബാബ, ഇച്ഛാദാരി ഭീമാനന്ദ്, സ്വാമി അസീമാനന്ദ്, നാരയന്‍ സായി, രാംപാല്‍, ആചാര്യ കുഷ്മുനി, ബൃഹസ്പതി ഗിരി, ഓം നമശിവായ ബാബ, മല്‍ഖന്‍ സിങ് എന്നിവരാണ് പരിഷത്ത് തയ്യാറാക്കിയ പട്ടികയിലുള്ള മറ്റ് സന്യാസിമാര്‍.