ഇടുക്കി: തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് ട്രക്കിങ്ങിനു പോയ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നു. തേനി കുരങ്ങണി കൊളുക്കുമലയില്‍ പടര്‍ന്ന് പിടിച്ച വന്‍ കാട്ടുതീയില്‍ വിനോദസഞ്ചാരസംഘത്തില്‍പ്പെട്ട 10 വിദ്യാര്‍ഥികള്‍ മരിച്ചതായി സൂചന. അഞ്ചു പേരെ രക്ഷപ്പെടുത്തി. ഇവരെ തേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 25 വിദ്യാര്‍ഥികള്‍ വനത്തില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. വനംവകുപ്പം അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.
കുരങ്ങണിയിലെ കുളുക്ക് മലയില്‍ ട്രക്കിങ്ങിന് പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. സംഘത്തിലുണ്ടായിരുന്ന 40 പേരില്‍ 15 പേരെ രക്ഷിച്ചു. ഏഴ് വിദ്യാര്‍ഥികളെ ബോഡിനായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുള്ളതായാണ് വിവരം. വിദ്യാര്‍ഥികള്‍ ഈറോഡ് സ്വദേശികളാണെന്നാണ് സൂചന. ഒരു പെണ്‍കുട്ടി മരിച്ചെന്നും വാര്‍ത്തയുണ്ടെങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മലയ്ക്കു മുകളില്‍ പരിക്കേറ്റു കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ ആശുപത്രികളിലെത്തിക്കുന്നതിന് ബുദ്ധിമുട്ടുള്ള സാഹചര്യമാണ്. കൂടാതെ ഇരുട്ടായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും വെളിച്ചക്കുറവുമൂലം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.
കാട്ടിലകപ്പെട്ട വിദ്യാര്‍ഥികളിലൊരാള്‍ വീട്ടിലേക്ക് വിവരമറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ജീവനക്കാരിലേക്ക് വിവരമെത്തിയതും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും.
വാഹനം എത്തുന്ന സ്ഥലത്തുനിന്ന് 25 കിലോമീറ്ററോളം ദൂരെയാണ് അപകടമുണ്ടായത്. അനധികൃത ട്രക്കിങ് പാതയാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടുതീ പടര്‍ന്നിരുന്നതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ആവശ്യപ്രകാരം സഹായം ലഭ്യമാക്കാന്‍ പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യോമസേനയോട് നിര്‍ദേശിക്കുകയായിരുന്നു. തേനി ജില്ലാകളക്ടറുടെ സഹായത്തോടെയാണ് ദക്ഷിണമേഖലാ കമാന്‍ഡിന്റെ ഹെലികോപ്ടറുകള്‍ കുരങ്ങണിയിലേക്ക് തിരിച്ചിരിക്കുന്നത്. ?