കേരളത്തിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്‍ണ്ണമാകുന്നു. പത്തനംതിട്ട സീറ്റിനായി പിടിവലി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, കെ.സുരേന്ദ്രന്‍, എം.ടി.രമേശ് എന്നിവരാണു രംഗത്തുള്ളത്. ഇവര്‍ക്കു പുറമെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പത്തനംതിട്ട സീറ്റിനായി താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണു വിവരം.
ശബരിമല യുവതീപ്രവേശനത്തില്‍ ചര്‍ച്ചയായ മണ്ഡലമാണ് പത്തനംതിട്ട. അയ്യപ്പ വിശ്വാസികളുടെ പിന്തുണയോടെ ജയിക്കാമെന്ന പ്രതീക്ഷയാണ് ബിജെപി ഇവിടെ പങ്കുവയ്ക്കുന്നത്. കേരളത്തിലെ ബിജെപി ഘടകം കേന്ദ്രനേതൃത്വത്തിന് നല്‍കിയ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ടോം വടക്കന്റെ പേരില്ല എന്നും റിപ്പോര്‍ട്ടുണ്ട്. പട്ടിക തയ്യാറാക്കി കഴിഞ്ഞതിന് ശേഷമാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് എന്നതാണ് കാരണമായി അറിയുന്നത്.
ടോം വടക്കന്‍ മത്സരിക്കണോ വേണ്ടയോ എന്ന് കേന്ദ്രനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. കൊല്ലം സീറ്റില്‍ സുരേഷ് ഗോപി എംപിയേയും പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേതൃത്വം നിര്‍ബന്ധിച്ചാല്‍ മത്സരിക്കാമെന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.
പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, ചാലക്കുടി സീറ്റുകളെ ചൊല്ലിയാണ് ബിജെപിയില്‍ ആശയക്കുഴപ്പം രൂക്ഷമായി നിലനില്‍ക്കുന്നത്. തൃശ്ശൂരോ പത്തനംതിട്ടയോ ലഭിക്കാതെ മത്സരത്തിനില്ല എന്ന നിലപാടിലാണ് കെ. സുരേന്ദ്രന്‍.
അതേപോലെ പാലക്കാട് സീറ്റില്‍ മുരളീധര വിഭാഗം സി കൃഷ്ണകുമാറിന്റെ പേര് നിര്‍ദ്ദേശിച്ചതോടെ അവിടെയും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇവിടെ നേരത്തെ നിശ്ചയിച്ചിരുന്നത് ശോഭാ സുരേന്ദ്രനേയായിരുന്നു.
കോഴിക്കോട് സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിശ്ചയിച്ചത് എം.ടി രമേശിനെയാണ്. എന്നാല്‍ പത്തനതിട്ടയില്‍ മത്സരിക്കാനാണ് രമേഷ് താത്പര്യപ്പെടുന്നത്. കോഴിക്കോട് സീറ്റിലേക്ക് കെ.പി. ശ്രീശന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്. മറ്റ് സീറ്റുകളില്‍ ഏകദേശ ധാരണയായിട്ടുണ്ട്.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍, കൊല്ലം- ആനന്ദബോസ്, മാവേലിക്കര- പി.എം. വേലായുധന്‍, ആറ്റിങ്ങല്‍- പി.കെ കൃഷ്ണദാസ്, കണ്ണൂര്‍- സി.കെ. പത്മനാഭന്‍ തുടങ്ങിയവയാണ് പുറത്തുവന്ന പേരുകള്‍. ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഡല്‍ഹിയില്‍ ചേരുകയാണ് ഇപ്പോള്‍.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/