തിരുവനന്തപുരം: കോൺഗ്രസിൽ തമ്മിലടി രൂക്ഷമായി !ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ജനവിധി തേടുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പേരുകൾ ഇതുവരെ ഫൈനൽ ആക്കിയിട്ടില്ല .എന്നാൽ
മാർച്ച് നാല് തിങ്കളാഴ്‌ച ഡൽഹിയിൽ പ്രഖ്യാപിച്ചേക്കും. സ്ക്രീനിംഗ് കമ്മിറ്റി തയ്യാറാക്കിയ പട്ടികയില്‍ ചര്‍ച്ചക്കായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉടൻ തലസ്ഥാനത്തെത്തും എന്നാണ് അറിയിച്ചിട്ടുള്ളത്. ഈ ചർച്ചയ്ക്ക് ശേഷമാവും അന്തിമ തീരുമാനം.
ഇന്നലെ രാത്രി വൈകിയും തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കളുടെ യോഗം നടന്നിരുന്നു. കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം സ്ഥാനാർത്ഥി നിർണയമാണ് ചർച്ച ചെയ്‌തത്. രാഹുൽ ഗാന്ധി ഉൾപ്പെടെ 15 സിറ്റിങ് എംപിമാരുടെ പേരുകളാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ അതിൽ ആലപ്പുഴ, കണ്ണൂർ, വയനാട് സീറ്റുകളിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
വയനാട്ടിൽ അവസാന വാക്ക് രാഹുൽ ഗാന്ധിയുടേതാണ്. പക്ഷേ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐക്കെതിരെ രാഹുൽ മത്സരിക്കുന്നതിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തിൽ ഇതിൽ കൂടിയാലോചനകൾക്ക് ശേഷമാവും തീരുമാനം. മത്സരിക്കുന്നതിൽ തെറ്റില്ലെന്നാണ് കോൺഗ്രസിന്റെ അഭിപ്രായം. ഒപ്പം രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കുമ്പോൾ കഴിഞ്ഞ തവണത്തെ നേട്ടം അവർത്തിക്കാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
കണ്ണൂരിലാവട്ടെ മത്സര ചിത്രം തെളിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, സുധാകരന് പുറമേ രണ്ട് പുതിയ പേരുകൾ കൂടി ഉയർന്നു വന്നിട്ടുണ്ട്. കെ സുധാകരന്റെ അടുത്ത അനുയായിയായ ജയന്തിനെ മത്സരിപ്പിക്കുന്നതിനോട് മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർക്ക് ഒട്ടും താൽപര്യമില്ല. ഇതിനിടെ യൂത്ത് കോൺഗ്രസ് നേതാവ് വിപി അബ്‌ദുൽ റഷീദും മണ്ഡലത്തിൽ പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. ഇവിടെ സുധാകരൻ മത്സരിക്കുമെന്ന് തന്നെ ഉറച്ച് വിശ്വസിക്കുന്ന ഒരു വിഭാഗവുമുണ്ട്. ഇല്ലെന്ന് പറഞ്ഞെങ്കിലും നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങി സുധാകരൻ ഒരുവട്ടം കൂടി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുമെന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ വിശ്വാസം.
എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനം കൈവിട്ട് പോകുന്നതിൽ സുധാകരന് വിമുഖത ഉണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ആലപ്പുഴയിലും ഏതാണ്ട് സമാന സാഹചര്യമാണ് ഉള്ളത്. മുതിർന്ന നേതാവ് കെസി വേണുഗോപാൽ മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു കഴിഞ്ഞു. എന്നാൽ ഹൈക്കമാൻഡ് ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം ആകാത്തതിനാൽ മറ്റൊരു സ്ഥാനാർത്ഥിയെ കുറിച്ച് ആഴത്തിലുള്ള ആലോചന നടത്താൻ പാർട്ടിക്ക് കഴിയുന്നുമില്ല.
ഈ മൂന്ന് മണ്ഡലങ്ങൾ കൂടാതെ കോൺഗ്രസിന് തലവേദനയാകുന്ന ഒന്ന് രണ്ടിടങ്ങങ്ങൾ കൂടിയുണ്ട്. പത്തനംതിട്ടയിൽ ആന്റോ ആന്റണിയും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും വീണ്ടും മത്സരിക്കുന്നതിൽ പാർട്ടിയിലെ ഒരുവിഭാഗത്തിന് എതിർപ്പുണ്ട്. 9 തവണ മത്സരിച്ച കൊടിക്കുന്നിലിനെ മാറ്റണമെന്നാണ് ആവശ്യം. കൂടാതെ പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് ജയസാധ്യത ഇല്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.