പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസ് ചുമത്തിയ തിരുവനന്തപുരം നെടുമങ്ങാട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്.
ഷഫീഖ് അല്‍ ഖാസിമിയുടെ സ്വദേശമായ ഈരാറ്റ്‌പേട്ടയിലും പ്രതി പോകാന്‍ സാധ്യതയുള്ളതുമായ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെന്നും എന്നാല്‍ കണ്ടെത്താനായില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, അല്‍ ഖാസിമി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കമുണ്ടെന്നും സൂചനയുണ്ട്. കീഴടങ്ങണമെന്ന് അല്‍ ഖാസിമിയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
സ്‌കൂളില്‍ നിന്നും മടങ്ങി വരുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തത്. പേപ്പാറ വന മേഖലയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി പീഡനത്തിനിരയായത്. തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടതോടെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് കരയുകയായിരുന്നു.
അതേസമയം, പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മൊഴി നന്‍കാന്‍ തയ്യാറായിരുന്നില്ല. പള്ളി കമ്മറ്റി പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് പിന്നീട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇയാള്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. പീഡന വാര്‍ത്ത പുറത്ത് വന്നതോടു കൂടി കൗണ്‍സിലില്‍ നിന്നും ഷെഫീക്ക് അല്‍ ഖാസ്മിയെ പുറത്താക്കിയിരുന്നു.