കോട്ടയം: സാദചാര വാദികള്‍ക്കും ഗുണ്ടകള്‍ക്കുമെതിരെ പ്രതിഷേധം കത്തുമ്പോഴും പ്രണയത്തിന്റെ പേരില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മത മൗലീക വാദികളുടേയും വീട്ടുകാരുടെയും പീഡനം. ഈരാറ്റുപേട്ടയിലാണ് സമ്പന കുടുംബത്തില്‍ പെട്ട മുസ്ലീം യുവതിയും പാമ്പാടി സ്വദേശിയായ ഹിന്ദുയുവാവുമാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടുള്‍പ്പെടെയുള്ള സംഘടനകള്‍ ഇവര്‍ക്കെതിരെ തിരിഞ്ഞതോടെ ജീവഭയത്താല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. സംഭവം വാര്‍ത്തയായിട്ടും ആരും ഇവര്‍ക്ക് പിന്തുണയുമായി എത്തിയിട്ടില്ല എന്നതാണ് ശ്രദ്ദേയം. പുരോഗമ വേദികളില്‍ സാദാചാരാ വാദികള്‍ക്കൊപ്പം നില്‍ക്കുന്ന പോപ്പുലര്‍ ഫ്രണ്ടാണ് ഈ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഭീഷണിയുമായി മുന്നിലുള്ളതെന്നാണ് ആരോപണം.
ഞങ്ങള്‍ ഇത്രയും കാലം സ്നേഹിച്ചത് മതത്തെ ഓര്‍ത്തല്ല. മനസ്സിനെ കണ്ടു മാത്രമായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. ഇനിയും അങ്ങനെയായിരിക്കുമെന്ന് പാമ്പാടി സ്വദേശിയായ യുവാവ് പറഞ്ഞു. എന്റെ ഏട്ടനില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് ഈരാറ്റു പേട്ട സ്വദേശിയായ യുവതിയും. സ്വത്തും സമ്പത്തു ഒന്നും വേണ്ടെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ മതത്തിന്റെ വേലിക്കെട്ടുകള്‍ പൊട്ടിച്ചെറിയാനുള്ള ഇവരുടെ തീരുമാനത്തെ ബന്ധുക്കള്‍ അനുവദിക്കുന്നില്ല. വിവാഹപ്രായമായ യുവതീയുവാക്കളായിട്ടും ഇവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കാതെ എതിര്‍പ്പുമായി രംഗത്താണ് സമൂഹം, പ്രത്യേകിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍. എന്തുവില ഇവരുടെ വിവാഹം തടയുമെന്നും കൊന്നു കളയുമെന്നാണ് ഭീഷണി.
കോളേജ് പഠനത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. പൂഞ്ഞാര്‍ ഐഎച്ച്ആര്‍ഡി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് യുവാവ്. യുവതി മറ്റൊരു കോളേജില്‍ ഇപ്പോഴും പഠിക്കുന്നു. മുസ്ലിം യുവതിയുമായുള്ള പ്രണയം യുവാവ് തന്റെ വീട്ടില്‍ തുറന്നു പറഞ്ഞിരുന്നു. ഹിന്ദു കുടുംബത്തില്‍ നിന്ന് പ്രതീക്ഷിച്ചതു പോലെ എതിര്‍പ്പുണ്ടായി. എങ്കിലും വീട്ടുകാര്‍ സമ്മതിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മുസ്ലിം യുവതിക്ക് കുടുംബത്തില്‍ അറിഞ്ഞതോടെ പീഡനമായിരുന്നു ഫലം. ദേഹോപദ്രവവും മാനസിക പീഡനവും തുടര്‍ന്നു.
ഇതിനിടെ പെണ്‍കുട്ടിയുടെ വിവാഹവും ഉറപ്പിച്ചു. പെണ്‍കുട്ടിയുടെ പ്രണയം ബോധ്യപ്പെടുത്തിയായിരുന്നു വിവാഹം ഉറപ്പിച്ചത്. ഒരു കോടി രൂപയാണ് ഇതിന് നിക്കാഹിന് സമ്മതിച്ചയാള്‍ക്ക് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വാഗ്ദാനം ചെയ്തത്. അത്രയ്ക്ക് പ്രമാണിമാരായിരുന്നു പെണ്‍വീട്ടുകാര്‍. ഒരു കോടി ലഭിക്കുമെന്ന് വന്നതോടെ വരന്‍ മറ്റൊന്നും നോക്കിയില്ല. വിവാഹത്തിന് ഇയാള്‍ സമ്മതിച്ചു. എന്തുവന്നാലും ഒരു കോടി കിട്ടിയാല്‍ കെട്ടാമെന്ന നിലപാടിലുമെത്തി.
ഇതോടെ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ വീടുവിട്ടിറങ്ങുകയായിരുന്നു. എന്നാല്‍ ഇവരെ കൊന്നു കളയുമെന്ന ഭീഷണിയുമായി ചില സംഘടനാ പ്രവര്‍ത്തകര്‍ എത്തി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നിര്‍ബന്ധപ്രകാരമായിരുന്നു ഇവരുടെ രംഗപ്രവേശം. ഈരാറ്റുപേട്ടയിലെ അറിയപ്പെടുന്ന ബിസിനസ്സ് കുടുംബത്തിന് വേണ്ടി പൊലീസുമെത്തി. കേസ് രജിസ്റ്റര്‍ ചെയ്യാത്ത രഹസ്യമായുള്ള അന്വേഷണമാണ് നടക്കുന്നത്. ഈരാറ്റുപേട്ട പൊലീസ് ഒളിച്ചോടിയവര്‍ക്കായി എങ്ങും വലവിരിച്ചു. ഇതോടെ പുറത്തിറങ്ങി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥ. സഹായിക്കാന്‍ തയ്യാറാവുമെന്ന് കരുതുന്നവര്‍ക്കെതിരെയും ഭീഷണി ഉയരുന്നുണ്ട്.
തങ്ങളുടെ ജീവന്‍ പോലും ഭീഷണിയിലായതിനാല്‍ ഭയപ്പാടിലാണ് ഇവര്‍. ഇവരുടെ ജീവന് പോലും ഭീഷണിയുള്ളത് കണക്കിലെടുത്ത് വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരാളെ പ്രണയിച്ച് മറ്റൊരാളുമായി ജീവിക്കാന്‍ തനിക്ക് തയ്യാറല്ലെന്ന് പെണ്‍കുട്ടിയുടെ പക്ഷം. കല്ല്യാണം കഴിക്കാന്‍ തയ്യാറായി വന്നയാള്‍ക്ക് എല്ലാം അറിയാം. ഒരു കോടി രൂപയിലാണ് കണ്ണ്. അതുകൊണ്ട് തന്നെ എന്തുവന്നാലും വിവാഹത്തിന് ഇയാള്‍ ഇപ്പോഴും തയ്യാറാണെന്ന് പെണ്‍കുട്ടി പറയുന്നു. തങ്ങള്‍ക്ക് സ്വത്ത് വേണ്ടെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം.
ഈ മാസം 17നാണ് ഇരുവരും വീടുവിട്ടിറങ്ങയത്. രജിസ്റ്റര്‍ വിവാഹം കഴിക്കാനായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഒളിച്ചോട്ടം പുറത്തറിഞ്ഞതോടെ മത സംഘടനകളെ വീട്ടുകാര്‍ രംഗത്തിറക്കി. ഉന്നത രാഷ്ട്രീയക്കാര്‍ പോലും ഇടപെടലിന് എത്തി. ഇരുവരേയും കൊല്ലുമെന്ന ഭീഷണി ഇവരുമായി ബന്ധപ്പെട്ടവരുടെ അടുക്കലും എത്തിക്കുന്നുണ്ട്. ഇതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലുമായി. പിറകേ ഗുണ്ടകളുണ്ടെന്ന തിരിച്ചറിയുന്ന യുവാവ് ഈ ഭീഷണിക്കൊന്നും ഒരുമിച്ച് ജീവിക്കാനുള്ള തങ്ങളുടെ ആഗ്രഹത്തെ തടയാനാകില്ലെന്നും പറയുന്നു. വിവാഹം ചെയ്ത ശേഷം രണ്ടു പേരും മതംമാറില്ല. അവരവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുമെന്നും പറയുന്നു.