ന്യൂഡല്‍ഹി: പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് പാചകവാതക സബ്സിഡി നിറുത്തലാക്കിയതിന് പിന്നാലെ, എണ്ണക്കമ്പനികള്‍ സബ്ഡിസിയില്ലാത്ത ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് 49.50 രൂപ വര്‍ദ്ധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 72 രൂപയും വര്‍ദ്ധിപ്പിച്ചു. പുതുവത്സര ദിനത്തില്‍ പുതിയ വില നിലവില്‍ വന്നു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സബ്സിഡിയില്ലാത്ത സിലിണ്ടറിന് കഴിഞ്ഞവര്‍ഷം ഡിസംബര്‍ ആദ്യം 61.50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.സബ്സിഡിയില്ലാത്ത 14.2 കിലോ തൂക്കമുള്ള സിലിണ്ടറുകള്‍ക്കാണ് 49.50 രൂപ വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന് 608 രൂപയില്‍ 657.50 രൂപയായി ഉയര്‍ന്നു.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള 19.2 കിലോ തൂക്കമുള്ള സിലിണ്ടറുകള്‍ക്ക് 72 രൂപ വര്‍ദ്ധിപ്പിച്ചതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന് 1180 രൂപയാണ് പുതിയ വില. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളാണ് ഹോട്ടലുകള്‍ ആശ്രയിക്കുന്നത്.പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള നികുതിദായകര്‍ക്ക് ജനുവരി ഒന്ന് മുതല്‍ പാചകവാതക സബ്സിഡി നിറുത്തലാക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷം നികുതിദായകരാണ് പത്ത് ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളതായി രേഖപ്പെടുത്തിയിട്ടുള്ളത്.രാജ്യത്തെ 16.35 കോടി ഗ്യാസ് കണക്ഷനുകളില്‍ 14.78 കോടിയും സബ്സിഡിയുള്ളതാണ്. സമ്പന്നര്‍ ഗ്യാസ് സബ്സിഡി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹാനം ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം 57.50 ലക്ഷം ഉപഭോക്താക്കള്‍ സബ്സിഡി വേണ്ടെന്നു വച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. കേരളത്തില്‍ 1.31 ലക്ഷം ഉപഭോക്താക്കള്‍ സബ്സിഡി വേണ്ടെന്നു വച്ചു. സംസ്ഥാനത്ത് 77.20 ലക്ഷം ഗ്യാസ് കണക്ഷനുകളാണുള്ളത് .
അതേ സമയം, പാര്‍ലമെന്റ് ഭക്ഷണ കാന്റീനിലെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ എടുത്തു കളഞ്ഞു. കുറഞ്ഞ ചെലവില്‍ ഭക്ഷണം കഴിക്കാനുള്ള അവസരമാണ് എം.പിമാര്‍ക്കു നഷ്‌ടമായത്. പ്രതിവര്‍ഷം 16 കോടി രൂപയായിരുന്നു പാര്‍ലമെന്റ് കാന്റീനായി അനുവദിച്ചിരുന്ന സബ്‌സിഡിത്തുക.ഇനിമുതല്‍ ലാഭവും നഷ്‌ടവും വേണ്ടന്ന രീതിയിലായിരിക്കും പാര്‍ലമെന്റ് കാന്റീന്‍ പ്രവര്‍ത്തിക്കുക. ഇതുവരെ 18 രൂപയ്‌ക്ക് ലഭിച്ചിരുന്ന വെജിറ്റേറിയന്‍ ഊണിന് ഇനി 30 രൂപ നല്‍കണം. 2010-ലായിരുന്നു
പാര്‍ലമെന്റ് കാന്റീനില്‍ അവസാനമായി ഭക്ഷണത്തിന് വിലകൂട്ടിയത്.
പാചകവാതക വില വര്‍ധന സാധാരണക്കാരെ ബാധിക്കില്ലെന്നാണ് എണ്ണക്കമ്പനികളുടെ വാദം. വര്‍ഷത്തില്‍ സബ്‌സിഡിയോടെ 12 സിലിണ്ടറുകളാണ് അനുവദിച്ചിട്ടുള്ളത്. ഇവ ഡല്‍ഹിയില്‍ 419.33 രൂപയ്‌ക്കാണ് ഉപയോക്‌താക്കള്‍ക്കു ലഭിക്കുന്നത്. 12 സിലിണ്ടറുകളിലേറെ ഉപയോഗിക്കുന്ന നഗരവാസികള്‍ക്കു വിലകൂട്ടിയത് തിരിച്ചടിയാകും. അവര്‍ കൂടിയ വില നല്‍കി സിലിണ്ടറുകള്‍ വാങ്ങേണ്ടി വരും. എല്‍.പി.ജി. സിലിണ്ടര്‍ ലഭ്യമല്ലാത്തപ്പോള്‍ മണ്ണെണ്ണയെ ആശ്രയിക്കുന്നവരുമുണ്ട്.രാജ്യാന്തര വിപണിയില്‍ എണ്ണവിലയിലുള്ള ഇടിവ് തുടരുകയാണ്. വില ഇന്നലെ ബാരലിന് 30 ഡോളറിലെത്തി. ഇന്ത്യക്കു ബാധകമായ എണ്ണവില ബാരലിന് 32.90 ഡോളറാണ്. വിമാന ഇന്ധന വിലയില്‍ 10 ശതമാനം കുറവ് വരുത്താനും എണ്ണക്കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്.
വിമാന ഇന്ധന വില ലിറ്ററിന് നാലു രൂപകുറച്ച് 39 രൂപയാക്കി. കഴിഞ്ഞ മാസം ഒന്നിനും വിമാന ഇന്ധന വില കുറച്ചിരുന്നു.