ലഷ്കര്‍ ഇ തൊയ്ബ ഭീകരസംഘം തമിഴ്നാട്ടില്‍; നുഴഞ്ഞു കയറിയത് മലയാളിയും പാക്ഭീകരനും ഉള്‍പ്പെടെ ആറംഗ സംഘം; നഗരങ്ങളില്‍ അതീവജാഗ്രതാനിര്‍ദ്ദേശം നല്‍കി സുരക്ഷാ ഉദ്യോഗസ്ഥര്‍

ലഷ്കര്‍ ഇ തൊയ്ബയുടെ ഭീകരസംഘം തമിഴ്നാട്ടില്‍. രഹസ്യാന്വേഷണ വിഭാഗമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. മലയാളിയും പാക് ഭീകരനും ഉള്‍പ്പെടെയുള്ള ആറംഗ സംഘം ശ്രീലങ്കയിൽ നിന്ന് കടൽ വഴി തമിഴ്നാട്ടിലേക്കു കടന്നെന്നാണ് വിവരം.

തൃശൂർ കൊടുങ്ങല്ലൂർ മാടവന സ്വദേശി അബ്ദുൾ ഖാദർ റഹീമാണ് ഭീകരസംഘത്തിലുള്ള മലയാളി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥിരീകരണം. ഇയാളുടെ സഹായത്തോടെയാണു ഭീകരര്‍ ശ്രീലങ്കയില്‍നിന്ന് തമിഴ്‌നാട് തീരത്തെത്തിയത്. ബഹ്റൈനിൽ കച്ചവടക്കാരനായിരുന്ന ഇയാള്‍ അടുത്ത കാലത്തായി ബിസിനസ് തകർച്ചയിലായിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

ഇല്യാസ് അൻവർ എന്ന പാക് ഭീകരനാണ് ഭീകരസംഘത്തിലുള്ള പ്രധാനി എന്നാണ് റിപ്പോര്‍ട്ട്. നെറ്റിയിൽ കുറിയും ഭസ്മവും അണി​ഞ്ഞ് വേഷം മാറിയായിരിക്കും ഇവര്‍ എത്തുകയെന്നാണ് വിവരം.

തമിഴ്നാട്ടില്‍ കോയമ്പത്തൂരടക്കം വിവിധ ജില്ലകളിലേക്കാണ് ഭീകരർ കടന്നു കയറിയിരിക്കുന്നതെന്നാണ് വിവരം. വിവരത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയതോടൊപ്പം അതീവജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി തീരദേശ ഗ്രാമങ്ങളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ വാഹനപരിശോധനയടക്കമുള്ള കാര്യങ്ങൾ ശക്തമാക്കി. 1500 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം എന്നിവിടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

Top