
കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ പ്രതിഷേധിച്ച് നട അടയ്ക്കുമെന്ന് തന്ത്രി പ്രസ്താവിച്ചത് വന്‍ വിവാദമായിരുന്നു. തന്ത്രിക്ക് ഇങ്ങനെ നട അടയ്ക്കാനുള്ള അധികാരമുണ്ടോ എന്ന ചര്‍ച്ച ഇപ്പോഴും സജീവമാണ്. എന്നാല്‍ ഇങ്ങനൊരു അധികാരം തന്ത്രിക്കില്ലെന്നും ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ നിയമപരമായ അവകാശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെയാണെന്നും മുന്‍ പ്രസിഡന്റ്എം.രാജഗോപാലന്‍ നായര്‍.
ക്ഷേത്രത്തിന്റെ താന്ത്രിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മാത്രമേ തന്ത്രിക്ക് അധികാരമുള്ളൂ. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്. നിലവിലെ പ്രതിഷേധങ്ങളൊന്നും സര്‍ക്കാരിനെ ബാധിക്കില്ല. ശബരിമല സ്ത്രീ പ്രവേശന വിഷയം ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ ചര്‍ച്ചയിലേക്കും കടന്ന സാഹചര്യത്തില്‍ രാജഗോപാലന്‍ നായര്‍ നിയമപരമായ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കുകയാണ്.
യുവതികള്‍ പ്രവേശിച്ചാല്‍ ശബരിമല ക്ഷേത്രത്തിന്റെ നട അടച്ചിടുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത് ശുദ്ധ വിഡ്ഢിത്തമാണ്. ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണ ചുമതലയുള്ള ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള വെറുമൊരു ജീവനക്കാരന്‍ മാത്രമാണ് തന്ത്രി. നട അടച്ചാല്‍ തന്ത്രിക്കെതിരെ കടുത്ത നടപടി എടുക്കാം. നോട്ടീസ് പോലും നല്‍കാതെ തന്ത്രിയെ പിരിച്ചുവിട്ട് പകരം മറ്റൊരു തന്ത്രിയെ ദേവസ്വം ബോര്‍ഡിന് നിയമിക്കാനാവും. ഇത് സംബന്ധിച്ച ചട്ടങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ നിയമാവലിയിലുണ്ട്. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.
ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെ നിയമപരമായ അവകാശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ്. പന്തളം കൊട്ടാരത്തിനും അവകാശമില്ല. തന്ത്രിമാര്‍ക്കും ഉടമസ്ഥാവകാശം ഉന്നയിക്കാന്‍ അര്‍ഹതയില്ല. ദേവസ്വം ബോര്‍ഡിന്റെ ഭരണനിയന്ത്രണത്തിലുള്ള അവര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ മാത്രം ബാദ്ധ്യസ്ഥരായവരാണ്.
എന്താണോ സുപ്രീംകോടതിയുടെ വിധി അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണ്. അതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാരിന് അറിയാം. ഒരുസംഘം സ്ത്രീകള്‍ സമരം ചെയ്തത് കൊണ്ട് സര്‍ക്കാര്‍ മുട്ടുമടക്കില്ല. വരുന്ന മണ്ഡലകാലത്ത് ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാകുമെന്ന് കരുതുന്നില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമുള്ള ഒരു സംഘമാണ് ഇപ്പോള്‍ നടന്ന പ്രതിഷേധത്തിന് പിറകില്‍. അത്തരക്കാരെ കണ്ടുപിടിച്ച് തടഞ്ഞാല്‍ പിന്നെ യാതൊരു പ്രശ്‌നവുമുണ്ടാകില്ല. മണ്ഡലകാലം ആവുമ്പോഴേക്കും സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നത്.