ശബരിമലയില്‍ നടവരവ് കുറയ്ക്കാന്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും ശ്രമമെന്ന് കടകംപള്ളി

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ നടവരവ് കുറയ്ക്കാന്‍ ബിജെപിയുടെയും സംഘപരിവാറിന്റെയും ശ്രമമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ മണ്ഡലകാലത്ത് നടവരവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡിന് പ്രതിസന്ധിയുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കും. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് രണ്ട് ദിവസത്തേക്ക് നിജപ്പെടുത്താനുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കോടതി തീരുമാനം എന്തായാലും അത് അനുസരിക്കും. തന്ത്രിയും മുഖ്യമന്ത്രിയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി അറിയില്ലെന്നും അദ്ദേഹം അറിയിച്ചു.
ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നു ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാര്‍. നടവരവ് കുറഞ്ഞതില്‍ ആശങ്കയില്ല. ക്ഷേത്രവരുമാനം ഹൈന്ദവര്‍ക്ക് വേണ്ടി തന്നെയാണ് ചെലവഴിക്കുന്നത്. സര്‍ക്കാര്‍ എക്കാലവും ബോര്‍ഡിനെ സഹായിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top