ആത്മാഭിമാനമുള്ളവര്‍ക്ക് മാണിയുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് എംഎ ബേബി

22TVTVBABY

കൊച്ചി: മുസ്ലീം ലീഗിനെയും കെഎം മാണിയെയും വിമര്‍ശിച്ച് പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി രംഗത്ത്. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ബേബി പറയുന്നു. മുസ്ലീം ലീഗിനെയും കെഎം മാണിയെയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആത്മാഭിമാനമുളള ആര്‍ക്കും കെ.എം മാണിയുമായും കേരള കോണ്‍ഗ്രസുമായും സഹകരിക്കാന്‍ കഴിയില്ല. അഴിമതി കേസില്‍ ആരോപണ വിധേയനായ രാഷ്ട്രീയ പ്രതിഭാസമായ കെ.എം മാണിയുമായി സഹകരിക്കുന്ന കാര്യം ഇന്നത്തെ സാഹചര്യത്തില്‍ ചിന്തിക്കാന്‍ കഴിയില്ല.

എല്‍ഡിഎഫില്‍ നിന്നും അവസരവാദപരമായ നിലപാട് സ്വീകരിച്ച് ചാടിപോയ ജെഡിയുവും ആര്‍എസ്പിയും തെറ്റുതിരുത്തി തിരികെ വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എല്‍ഡിഎഫ് വിപുലീകരിക്കുക തന്നെയാണ് വേണ്ടത്.

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി തന്നെയാണ്. വര്‍ഗീയ നിലപാട് വെച്ചുപുലര്‍ത്തുന്നിടത്തോളം കാലം ലീഗുമായി ഒരു തരത്തിലും സഹകരിക്കാന്‍ കഴിയില്ല. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top