കൊച്ചി: മാഡം ആരാണെന്നു പൾസർ സുനി വെളിപ്പെടുത്തും . മാഡം ഒരു കെട്ടുകഥയല്ല ; മാഡം സിനിമാ രംഗത്ത് നിന്നുള്ള ഒരാളാണ്. ഈ മാസം 16നുള്ളില്‍ വിഐപി കാര്യം പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും പള്‍സര്‍ സുനി പറഞ്ഞു. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്ദംകുളം കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സുനി ഇക്കാര്യം പറഞ്ഞത്.
മാഡം സിനിമാ രംഗത്തു നിന്നുതന്നെയുള്ളയാളാണ്. അക്കാര്യം വി.ഐ.പി തന്നെ പറയട്ടെ. 16ാം തിയതിക്കുള്ളില്‍ മാഡം ആരാണെന്ന് വി.ഐ.പി പറഞ്ഞില്ലെങ്കില്‍ താന്‍ മാധ്യമപ്രവര്‍ത്തകരോട് പേര് വെളിപ്പെടുത്തുന്നുവെന്നും സുനി പറഞ്ഞു. കേസിന്റെ മുഖ്യ ആസൂത്രക ഒരു മാഡം ആണെന്ന് പള്‍സര്‍ സുനി നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥയാണ് മാഡത്തിന്റേത് എന്നായിരുന്നു അന്വേഷണ ഉദ്യേഗസ്ഥര്‍ വിശ്വസിച്ചിരുന്നത്.
അതേസമയം നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. ഈ മാസം 22 വരെ ദിലീപിന്റെ റിമാൻഡ് തുടരുമെന്ന് അങ്കമാലി മജിസ്ട്രേട്ട് കോടതി അറിയിച്ചു. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ദിലീപിനെ കോടതിയിൽ ‘ഹാജരാക്കിയത്’.കോടതിയിൽ നേരിട്ടു ഹാജരാക്കുന്നതിനു പകരമാണു വീഡിയോ കോൺഫറൻസിങ്ങിലൂടെ കേസ് പരിഗണിച്ചത്. ദിലീപിനെ കോടതിയിൽ ഹാജരാക്കുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചാണു കോടതി വീഡിയോ കോൺഫറൻസിങ് അനുവദിച്ചത്.
അതേസമയം, ഡോക്ടർമാർ ദിലീപിനെ പരിശോധിച്ച് ആരോഗ്യനില തൃപ്തികരമെന്നു റിപ്പോർട്ട് ചെയ്തു. രക്തസമ്മർദം സാധാരണ നിലയിലാണ്. ദിലീപിന്റെ ചെവിയുടെ സന്തുലിതാവസ്ഥ തെറ്റി അവശനിലയിലാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ഡോ. നിജി വർഗീസ് ജോഷ്വയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഇന്നലെയും ദിലീപിനെ പരിശോധിച്ചത്. പ്രതിക്കു ചെറിയ ജലദോഷവും നേരിയ കാലുവേദനയുമുണ്ട്. അതിനു ‘വൈറ്റമിൻ ഇ’ അടങ്ങിയ ഗുളിക കൊടുത്തു. ദിലീപ് ജയിലിൽ എത്തിയ ശേഷം മുടിയും താടിയും മുറിച്ചിട്ടില്ലെന്നും ജയിലധികൃതർ സൂചിപ്പിച്ചു.
അതേസമയം, ശനിയാഴ്ച ജയിൽ സന്ദർശിച്ച കന്യാസ്ത്രീ ദിലീപിനു കൗൺസലിങ് നടത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് അധികൃതർ പറഞ്ഞു. ജയിലിൽ കൗൺസലിങ് നടക്കുന്നതു ശനിയാഴ്ചയാണ്. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച അതുണ്ടായില്ല. ഞായറാഴ്ചകളിൽ സന്നദ്ധപ്രവർത്തകരെത്തി പ്രാർഥന നടത്താറുണ്ട്. ദിലീപ് റിമാൻഡിലായ ശേഷം സന്ദർശകർക്കു കർശന നിയന്ത്രണമുള്ളതിനാൽ ഇവരെയും അകത്തു കയറ്റിയിരുന്നില്ല. മൂന്നാഴ്ചയായി മുടങ്ങിയ പ്രാർഥന കഴിഞ്ഞ ഞായറാഴ്ച പുനരാരംഭിച്ചു. സെല്ലുകളുടെ പ്രവേശന കവാടത്തിനരികിലാണു പ്രാർഥന നടത്തുന്നത്. ഇഷ്ടമുള്ള തടവുകാർക്കു പുറത്തു വരാന്തയിൽ ഇരുന്നു പങ്കെടുക്കാം. ഈ സമയത്തും ദിലീപ് സെല്ലിൽ നിന്നു പുറത്തിറങ്ങിയിരുന്നില്ല.
കേസിൽ ദിലീപിനു പങ്കുണ്ടെന്ന പ്രാഥമിക നിഗമനത്തിനു കോടതി ആധാരമാക്കുന്ന വസ്തുതകൾ:
∙ കൊച്ചിയിലെ ഹോട്ടലിൽ ഉൾപ്പെടെ അഞ്ചിടങ്ങളിൽ ദിലീപ് സുനിൽകുമാറിനെ കണ്ടുവെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. കൃത്യം നടത്താൻ നിർദേശിച്ചു വൻതുക വാഗ്ദാനം ചെയ്തതു ഹോട്ടൽ മുറിയിൽ വച്ചാണെന്നു പറയുന്നു. ദിലീപിന്റെ പേരിൽ മുറി ബുക്ക് ചെയ്തതിനു ഹോട്ടൽ രേഖകളും അഞ്ചിടങ്ങളിൽ പ്രതികൾ ഒന്നിച്ചെത്തിയതിനു മൊബൈൽ ടവർ ലൊക്കേഷൻ തെളിവുകളും കോൾ വിവരങ്ങളും മൊഴികളും പ്രോസിക്യൂഷൻ ആശ്രയിക്കുന്നു. ഗൂഢാലോചനയെക്കുറിച്ചു സുനിൽകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷകർ തെളിവുകളും ശേഖരിച്ചു.
∙ സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) 2017 ഏപ്രിൽ 20നു ദിലീപ് പരാതി നൽകിയതു തന്റെ പേരു സുനിൽ വെളിപ്പെടുത്തുന്നതു മുൻകൂട്ടി കണ്ടു പ്രതിരോധിക്കാനുള്ള സൂത്രമായിരുന്നുവെന്ന് അന്വേഷകർ കരുതുന്നു. സുനിൽകുമാർ ദിലീപിന് അയച്ചതായി പറയുന്ന കത്ത് ഭീഷണിയുടെ സ്വരത്തിലുള്ളതോ ബ്ലാക്ക്മെയിൽ ചെയ്യാൻ ഉദ്ദേശിച്ചുള്ളതോ അല്ലെന്നാണു വിലയിരുത്തൽ.
∙ ഗുഢാലോചനയെക്കുറിച്ചു സുനിൽകുമാർ പറഞ്ഞതായി മറ്റു ചിലരുടെ മൊഴികളുമുണ്ട്. ജയിലിൽ ഒളിച്ചുകടത്തിയ മൊബൈൽ വഴി സുനിൽകുമാർ പലരെയും വിളിച്ചു. ദിലീപുമായി ബന്ധപ്പെട്ടു സംശയമുനയിലുള്ള ചിലരെ മൊബൈലും കോയിൻ ബോക്സ് ലൈൻ വഴിയും വിളിച്ചതായി രേഖകളുണ്ട്. സുനിലിന്റെ സഹതടവുകാരനായിരുന്ന വിഷ്ണു മറ്റു ചിലർ വഴി ദിലീപിനെ ബന്ധപ്പെടാൻ ശ്രമിച്ചതായി രേഖകളിൽ കാണാം. സുനിൽകുമാർ ജയിലിൽ നിന്നു കത്തയച്ചതായും കാണുന്നു.
കുറ്റകൃത്യം നടത്തിയ ഉടൻ സുനിൽ കൂട്ടുപ്രതികൾക്കൊപ്പം മൊബൈൽ ഫോണും മെമ്മറി കാർഡും ദിലീപിന്റെ കൂട്ടാളികൾക്കു കൈമാറാൻ ശ്രമിച്ചതായും രേഖകളിലുണ്ട്. റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന 19 സാഹചര്യങ്ങളും പ്രതിയുമായി ബന്ധപ്പെട്ടതല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, ദിലീപ് കുറ്റകൃത്യത്തിന്റെ മുഖ്യ ആസൂത്രകനാണെന്നും പകപോക്കാൻ ലൈംഗികാതിക്രമ ക്വട്ടേഷൻ നൽകിയതു ക്രിമിനൽ നിയമചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.