പള്‍സര്‍ സുനി ഇത്രവലിയ ക്രിമിനലാണെന്ന് അറിയില്ലായിരുന്നു:മുകേഷ്

കൊല്ലം:പ്രശസ്ത ചലച്ചിത്ര നടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍കുമാര്‍ തന്റെയും ഡ്രൈവറായി ജോലിചെയ്തിട്ടുണ്ടെന്ന് മുകേഷ് എംഎല്‍എ.താനും ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നുവെന്നും മുകേഷ് കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.എന്നാല്‍ ഇത്രവലിയ ക്രിമിനലാണ് ഇയാളെന്ന് അറിയില്ലായിരുന്നു.നടിക്കെതിരെ നടന്ന അതിക്രമം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. പ്രതികളായവരെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും മുകേഷ് പറഞ്ഞു.

അതേസമയം പ്രശസ്ത നടിയെ തട്ടിക്കൊണ്ട് പോയ പള്‍സര്‍ സുനി വളരെയധികം കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന തെളിവുകള്‍ പുറത്ത് വരുന്നു. മുമ്പ് 2010-ല്‍ ഒരു നടിയെ തട്ടിക്കൊണ്ട് പോയെങ്കിലും അവര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നെന്നും റിപ്പോര്‍ട്ട്. സിനിമ നടിമാരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്ത് പണം തട്ടുന്നത് സ്ഥിരം ഏര്‍പ്പാടാണെന്ന രീതിയിലുള്ള ഞെട്ടിക്കുന്ന വിവരങ്ങളും സിനിമാ പ്രവര്‍ത്തകര്‍ പങ്ക് വയ്ക്കുന്നു. സുനി അഞ്ചുകൊല്ലം മുമ്പ് പ്രശസ്ത നടി മേനകാ സുരേഷിനേയും തട്ടിക്കൊണ്ടുപോയി ബല്‍ക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നെന്ന് വെളിപ്പെടുത്തി മുന്‍നിര പ്രൊഡ്യൂസറും മേനകയുടെ ഭര്‍ത്താവുമായ ജി സുരേഷ്‌കുമാറും രംഗത്തെത്തി. അന്ന് പരാതി നല്‍കിയിട്ടും പൊലീസ് ഇക്കാര്യം അന്വേഷിച്ചില്ലെന്ന ഞെട്ടിപ്പിക്കുന്നവെളിപ്പെടുത്തലാണ് സുരേഷ് കുമാര്‍ ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാള സിനിമയില്‍ ആദ്യമായാണ് ഇത്തരത്തില്‍ മുന്‍നിര നടിയെ തട്ടിക്കൊണ്ടുപോകാനും ബല്‍ക്ക്മെയില്‍ ചെയ്യാനുമെല്ലാം ശ്രമം നടക്കുന്നതും ഇത്രയേറെ വിഷയം ചര്‍ച്ചയാകുന്നതും. എന്നാല്‍ അഞ്ചുവര്‍ഷം മുമ്പ് സമാനമായ സംഭവം നടന്നുവെന്നാണ് മേനകയുടെ ഭര്‍ത്താവ് സുരേഷ് തന്നെ വെളിപ്പെടുത്തുന്നത്.

മേനക കൊച്ചിയില്‍ ഒരു പടത്തിന്റെ സിനിമാ ഷൂട്ടിംഗിന് പോയപ്പോഴായിരുന്നു സംഭവം. റെയില്‍വെ സ്റ്റേഷനില്‍ പിക്ക് ചെയ്യാന്‍ കാര്‍ വരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കാറിന് പകരം ടെമ്പോ ട്രാവലര്‍ ആണ് വന്നത്. റമഡാ ഇന്‍ എന്ന ഹോട്ടലിലേക്കാണ് പോകുന്നതെന്നാണ് പറഞ്ഞത്. മേനകയുടെ ഒരു സുഹൃത്തും കൂടെയുണ്ടായിരുന്നു. ഇയാളെ ലേക്ഷോറില്‍ ഇറക്കാനുണ്ടായിരുന്നു. ലേക്ഷോര്‍ കഴിഞ്ഞുവേണം റമഡാ ഇന്നില്‍ എത്താന്‍. എന്നാല്‍ ലേക്ഷോറില്‍ സുഹൃത്ത് ഇറങ്ങിയ ശേഷം വാഹനം പലയിടത്തും വെറുതെ കറക്കുകയായിരുന്നു. രണ്ടുമൂന്നുതവണ ഇത് ആവര്‍ത്തിച്ചപ്പോള്‍ മേനക ഉടന്‍ ഫോണ്‍ചെയ്ത് സുരേഷിനോട് കാര്യം പറഞ്ഞു. സുരേഷ് ഉടന്‍ തന്നെ പ്രൊഡ്യൂസര്‍ ജോണി സാഗരികയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. ഉടന്‍തന്നെ ജോണി വണ്ടിയുമെടുത്ത് പിന്നാലെ പോയി. അയാള്‍ പിന്നെയും വണ്ടിയുംകൊണ്ട് കറങ്ങുകയായിരുന്നു. ഇതിനിടയില്‍ തന്നെ മേനകയും ഡ്രൈവറോട് ചോദിച്ചു എന്താണ് ഇങ്ങനെ കറങ്ങുന്നതെന്ന്. ഇതോടെ പന്തിയല്ലെന്ന് കണ്ട് റമഡ ഇന്നിന് മുന്നില്‍ മേനകയെ ഇറക്കിവിടുകയായിരുന്നു. പിന്നാലെ അവിടെയെത്തിയ ജോണി സാഗരികയാണ് മേനകയെ അവിടെനിന്ന് പിക്ക് ചെയ്ത് യഥാര്‍ത്ഥത്തില്‍ ഏര്‍പ്പാടാക്കിയിരുന്ന താമസസ്ഥലത്തുകൊണ്ടുചെന്നാക്കുകയായിരുന്നുവെന്ന് സുരേഷ് പറയുന്നു.

പിന്നീടാണ് അറിഞ്ഞത് റമഡ ഇന്നില്‍ റൂം ഏര്‍പ്പാടാക്കിയിരുന്നില്ലെന്നത്. ഇന്നലെ നടിയെ തട്ടിക്കൊണ്ടുപോയ സംഭവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ പേര് വാര്‍ത്തകളില്‍ വന്നു തുടങ്ങിയപ്പോഴാണ് ജോണിസാഗരിക സുരേഷിനെ ഫോണില്‍ വിളിച്ച് അന്ന് ഈ കക്ഷി തന്നെയാണ് മേനകയെ പിക്ക് ചെയ്യാന്‍ എത്തിയിരുന്ന ട്രാവലറും ഓടിച്ചിരുന്നതെന്ന് വ്യക്തമാക്കുന്നത്. അവര്‍ അന്ന് ഇപ്പോള്‍ ചെയ്തതുപോലെ തന്നെ എന്തോ പല്‍ന്‍ ചെയ്താണ് മേനകയുമായി കറങ്ങിയിരുന്നതെന്നും താനുമായി മേനക ഫോണില്‍ ബന്ധപ്പെട്ടതുകൊണ്ടാണ് കാര്യങ്ങള്‍ പന്തിയല്ലെന്നു കണ്ട് പിന്മാറിയതെന്നും അന്ന് കഷ്ടിച്ച് ആ ഗൂഢാലോചനയ്ക്ക് ഇരയാകാതെ മേനക രക്ഷപ്പെടുകയായിരുന്നുവെന്നും സുരേഷ് വ്യക്തമാക്കുന്നു.

ഇപ്പോള്‍ നടിക്കു നേരിട്ടതുപോലെ അനിഷ്ടങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കിലും ഇക്കാര്യത്തില്‍ അന്ന് സുരേഷും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അഞ്ചുകൊല്ലം മുമ്പ് കൊടുത്ത പരാതിയില്‍ ഇന്നേവരെ പിന്നീട് പൊലീസ് ബന്ധപ്പെട്ടിട്ടേയില്ലെന്ന് സുരേഷ് പറയുന്നു.
സുരേഷിന്റെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ തന്നെ സമാനമായ രീതിയില്‍ പള്‍സര്‍ സുനിയെന്ന ക്രിമിനല്‍ സിനിമാ മേഖലയില്‍ പലരേയും ഇത്തരത്തില്‍ ചതിയില്‍പെടുത്താന്‍ ശ്രമിച്ചിരുന്നതായ സൂചനകളും ചിലര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ സംഭവത്തിനുശേഷം ജോണി സാഗരിക പള്‍സര്‍ സുനിയെ തന്റെ കീഴില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ നടന്‍ മുകേഷ് അടക്കം രണ്ട് മുന്‍നിര നടന്മാരുടെ ഡ്രൈവറായി പിന്നീടും ഇയാള്‍ സിനിമാരംഗത്തുതന്നെ തുടര്‍ന്നതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്.

താനും ഇയാളെ പുറത്താക്കുകയായിരുന്നുവെന്നും ഇയാള്‍ ഇത്രയും വലിയ ക്രിമിനലായിരുന്നു എന്ന് അറിയില്ലായിരുന്നുവെന്നുമാണ് മുകേഷ് പ്രതികരിച്ചിട്ടുള്ളത്. ഇതിന് ശേഷമാണ് ഇപ്പോള്‍ ആക്രമിക്കപ്പെട്ട നായികയുടേയും ഡ്രൈവറായി എത്തുന്നത്. ഇയാളുടെ ഇടപാടുകളില്‍ സംശയം തോന്നിയ നടി സുനിയെ പിരിച്ചുവിട്ടിരുന്നുവെന്നും ഇതിലെ വൈരാഗ്യത്തോടെയാണ് ഇപ്പോള്‍ തട്ടിക്കൊണ്ടുപോകാനും ബ്ലാക്ക്മെയില്‍ ചെയ്യാനും ശ്രമം നടത്തിയതെന്നും ആണ് പൊലീസ് സംശയിക്കുന്നത്.
കൂടാതെ മറ്റൊരു നടിയെ തട്ടിക്കൊണ്ട് പോയി ചിത്രങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ട്. 2010ല്‍ കൊച്ചിയില്‍ വച്ചാണ് സംഭവം നടന്നത്. നടി പൊലീസില്‍ പരാതി നല്‍കാത്തതിനാല്‍ വിവരം പുറത്തറിഞ്ഞില്ല. തട്ടിെകാണ്ടുപോകല്‍ കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. 2010 ല്‍ നടന്ന ഒരു പരിപാടിയിലേക്ക് വരാമെന്നേറ്റ നടിയെ കൂട്ടിക്കൊണ്ടുവരാന്‍ സംഘാടകര്‍ കാര്‍ ഏല്‍പ്പിച്ചത് പള്‍സര്‍ സുനിലിനെയാണ്. ഇയാള്‍ നടിയെയും കൊണ്ട്? ഒരു മണിക്കൂേറാളം നഗരത്തില്‍ കറങ്ങിയെന്നും അതിനിടെ ഇയാളുടെ സുഹൃത്തുക്കളും വാഹനത്തില്‍ കയറി നടിയെ ഉപദ്രവിക്കുകയും വിഡിയോകളും ഫോട്ടോകളും പകര്‍ത്തുകയും ചെയ്തുവെന്നും പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു..

എന്നാല്‍ മുമ്പ് പെരുമാറ്റദൂഷ്യം മൂലം മുന്‍നിര സിനിമാ പ്രവര്‍ത്തകര്‍ ഒഴിവാക്കിയ പള്‍സര്‍ സുനി പിന്നീട് ഇപ്പോള്‍ ആക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായി എത്തിയത് എങ്ങനെയെന്നതിലും ദുരൂഹതയേറെയാണെന്ന് സിനിമാലോകത്തുള്ളവര്‍ തന്നെ പ്രതികരിക്കുന്നു. ചാനലുകളില്‍ സുരേഷ് ഇന്നലെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ കഴിഞ്ഞ സര്‍ക്കാര്‍ തന്നെ ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുത്തിരുന്നെങ്കില്‍ പള്‍സര്‍ സുനിയെപ്പോലൊരു ക്രിമിനല്‍ ഇത്തരത്തില്‍ വീണ്ടും തട്ടിപ്പിനിറങ്ങില്ലായിരുന്നുവെന്നുവെന്ന വിലയിരുത്തലുകളും ഉയരുകയാണ്. ഇപ്പോള്‍ നടിയെ തട്ടിക്കൊണ്ടുപോയ തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി തന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ വീഴ്ചയെ തുടര്‍ന്നാണ് ഇത്തരം സഭവങ്ങള്‍ ഉണ്ടാകുന്നതെന്ന വിമര്‍ശനമാണ് ചാനല്‍ ചര്‍ച്ചകളിലും മറ്റും ഉന്നയിക്കപ്പെട്ടത്.

കേരളത്തിലെ ക്രമസമാധാനം പാടെ തകര്‍ന്നുവെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് സ്ത്രീസംരക്ഷണത്തിന് ഉള്‍പ്പെടെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും മറ്റും സിനിമാ പ്രവര്‍ത്തക ഭാഗ്യലക്ഷ്മിയും പാര്‍വതിയും ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി ആരോപിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് കര്‍ശന നടപടിയെടുത്തിരുന്നെങ്കില്‍ പള്‍സര്‍ സുനിയെ പോലുള്ള ക്രിമിനലുകള്‍ ഇപ്പോള്‍ വീണ്ടും അത്തരമൊരു തട്ടിപ്പിന് ഇറങ്ങുന്ന സാഹചര്യം ഒഴിവാകുമായിരുന്നുവെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സജീവമാകുന്നത്.

Top