ലക്നൗ: സര്‍ക്കാര്‍ അംഗീകൃത മദ്രസ്സകളില്‍ മുസ്ലീംമത ആഘോഷങ്ങള്‍ക്ക് അവധി വെട്ടിക്കുറച്ചും മറ്റ് മത ആഘോഷങ്ങള്‍ക്ക് അവധി കൂട്ടിയും യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് മദ്രാസ് ബോര്‍ഡ് രജിസ്ട്രാര്‍ പുറത്തിറക്കിയ 2018ലെ അധ്യായന വര്‍ഷത്തിന്റെ കലണ്ടറാണ് വിവാദമായിരിക്കുന്നത്. മദ്രസകള്‍ക്കെതിരെ തിരിഞ്ഞിരിക്കയാണ് യോഗി സര്‍ക്കാര്‍.
രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്കാത്തതിനാല് യുപിയില്‍ 2,300 മദ്രസകളുടെ അംഗീകാരം നഷ്ടപ്പെടാനും സാധ്യത. സംസ്ഥാനത്ത് ആകെയുള്ള 19,108 മദ്രസകളില്‍ 16,808 എണ്ണം മാത്രമേ, മദ്രസാ ബോര്‍ഡിന്റെ വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കിയിട്ടൂള്ളൂവെന്നും ബാക്കിയുള്ളവയെ ‘വ്യാജ’മെന്നു കണക്കാക്കുമെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് അറിയിച്ചു. ഈ മാസാവസാനത്തോടെ അംഗീകാരം എടുത്തുകളയും.
ഇതിനിടെ, ഹിന്ദുമത ആഘോഷ ദിവസങ്ങളില്‍ മദ്രസകള്‍ക്ക് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചതും റമസാന്‍ അവധി ദിവസങ്ങളുടെ എണ്ണം കുറച്ചതും വിവാദമായി. മൊത്തം ഒഴിവുകള്‍ വെട്ടിക്കുറിച്ചതിനെ സ്വാഗതം ചെയ്തെങ്കിലും റമസാന്‍ മാസത്തിലെ അവധി കുറച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നു.
യുപി മദ്രസ ബോര്‍ഡ് സംസ്ഥാനത്തെ മദ്രസകള്‍ക്കായി പുതിയ അവധിക്കാല കലണ്ടര്‍ പുറത്തിറക്കി. മഹാനവമി, ദസറ, ദീപാവലി, രക്ഷാബന്ധന്, ബുദ്ധപൂര്‍ണിമ, മഹാവീര്‍ ജയന്തി എന്നീ ആഘോഷങ്ങളില്‍ മദ്രസകള്‍ക്ക് അവധി നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. മഹത് വ്യക്തികളെപ്പറ്റി കൂടുതലറിയാന്‍ പുതിയ അവധി ദിനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മദ്രസ ബോര്‍ഡ് രജിസ്ട്രാര്‍ വ്യക്തമാക്കി.