ഗാന്ധി സ്മാരകത്തില്‍ സംഭാവനപ്പെട്ടി !.രാഷ്ട്രപിതാവിനെ അപമാനിക്കരുതെന്ന് ദല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: രാഷ്ട്രപിതാവിന്റെ സമാധി മന്ദിരത്തിൽ നേർച്ചപ്പെട്ടി!  ഡൽഹിയിൽ രാജ്ഘട്ടിലെ ഗാന്ധിസമാധിയിലെ സംഭാവനപ്പെട്ടി മഹാത്മാ ഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ദല്‍ഹി ഹൈക്കോടതി. സമാധിസ്മാരകം കൃത്യമായി പരിപാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേ ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സംഭാവനപ്പെട്ടി സ്ഥാപിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തിയത്.

‘ആരാണ് സംഭാവനപ്പെട്ടി സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. അതില്‍ നിന്നു ലഭിക്കുന്ന പണം എവിടേക്കാണു പോകുന്നത്.’

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്ഘട്ട് സമാധി സമിതിക്കാണ് ഗാന്ധിസമാധി സ്മാരകത്തിന്റെ സംരക്ഷണ ചുമതല. മഹാത്മാഗാന്ധി സ്ഥാപിച്ച ഹരിജന്‍ സേവക് സംഘിന് ആണ് സംഭാവനപ്പെട്ടിയില്‍ നിന്നുള്ള പണം ലഭിക്കുന്നത്. ഇവര്‍ തന്നെയാണ് പെട്ടി സ്ഥാപിച്ചതെന്നും കൗണ്‍സില്‍ ഫോര്‍ സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു. തുടര്‍ന്ന് ഗാന്ധിസമാധിയില്‍ സംഭാവനപ്പെട്ടി വയ്ക്കരുതെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

ഇന്ത്യയില്ല് നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഗാന്ധിസമാധിയിലേക്കെത്തുന്ന സന്ദര്‍ശകര്‍ക്കു മുന്നില്‍ ഇങ്ങനെയാണോ രാഷ്ട്രപിതാവിനോടുള്ള ബഹുമാനം നാം പ്രകടിപ്പിക്കേണ്ടതെന്നും സമാധി സ്മാരകം എല്ലാ ബഹുമാനവും അര്‍ഹിക്കുന്ന ഇടമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അധികൃതര്‍ ഇത് കൃത്യമായി സംരക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

രാജ്ഘട്ടിലെ സന്ദര്‍ശകര്‍ക്ക് എന്തെല്ലാം സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന കാര്യം വ്യക്തമാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എത്രയും പെട്ടെന്നു നടപടിയുണ്ടാകണമെന്നാണ് രാജ്ഘട്ട് സമാധി സമിതി സെക്രട്ടറിയോട് ഉത്തരവിട്ടിരിക്കുന്നത്. ജനുവരി 30നു ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും.

സ്മാരകത്തിന്റെ അവസ്ഥ സംബന്ധിച്ച് നഗരവികസന മന്ത്രാലയത്തെയും സമിതിയെയും അറിയിച്ചെങ്കിലും നടപടിയില്ലാതിരുന്നതിനെ തുടര്‍ന്ന് ശ്യാം നാരായണ്‍ എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്. സമാധിയുടെ പ്രവേശന കവാടത്തില്‍ നിറയെ മുറുക്കാന്‍ തുപ്പിയ പാടുകളായിരുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

തറ പൊട്ടിപ്പൊളിയുകയും സമാധിയിലെ വെളുത്ത മാര്‍ബിള്‍ വൃത്തിയാക്കാത്തതിനെത്തുടര്‍ന്ന് കറുപ്പുനിറമാവുകയും ചെയ്തു. സന്ദര്‍ശകര്‍ക്കായുള്ള പരവതാനിയും മോശം അവസ്ഥയിലാണ്. രണ്ട് ശുചിമുറികളുടെയും അവസ്ഥ പരിതാപകരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2014ലും 2015ലും 2016ലും സമാധി സന്ദര്‍ശിച്ചപ്പോള്‍ കണ്ട മോശം അവസ്ഥയുടെ ചിത്രങ്ങള്‍ സഹിതമാണു കോടതിയില്‍ സമര്‍പ്പിച്ചത്.

Top