തിരുവനന്തപുരം: മകന് നീതി തലസ്ഥാനത്തെത്തിയ അമ്മയുടെ നിരാഹാര സമരം അവസാനിപ്പിച്ചു. സര്‍ക്കാര്‍ പ്രതിനിധികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ജിഷ്ണുവിന്റൈ അമ്മ മഹിജയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ജിഷ്ണു മരണക്കേസിലെ പ്രോസിക്യൂട്ടര്‍ ആയ സി.പി. ഉദയഭാനു ആണ് ചര്‍ച്ചയ്ക്കു നേതൃത്വം നല്കിയത്.
കടുത്ത ഭരണവിരുദ്ധ വികാരം സംസ്ഥാനത്തു സൃഷ്ടിക്കുന്ന മഹിജയുടെ സമരം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിരുന്നു. കേസിലെ പിടികിട്ടാപ്പുള്ളിയും മൂന്നാം പ്രതിയുമായ ശക്തിവേലിനെ തമിഴ്‌നാട്ടില്‍നിന്ന് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി മഹിജയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആശുപത്രിയിലെത്തി മഹിജയെ കണ്ടു.
ബുധനാഴ്ച പൊലീസ് ആസ്ഥാനത്തു സമരം നടത്താനെത്തിയ മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു മര്‍ദിച്ചിരുന്നു. തുര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മഹിജ അവിടെ നിരാഹാര സമരം തുടങ്ങുകയായിരുന്നു.