മുംബൈ :അതിഭാവുകത്വങ്ങള്‍ കൊണ്ട് തന്നെ പലപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ ചിരിക്ക് വക നല്‍കുന്നതാണ് തെലുങ്ക് സിനിമാ മേഖല. പ്രത്യേകിച്ചും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ബാലകൃഷ്ണയുടെ സിനിമകളിലെ ഫൈറ്റ് സീനുകള്‍ മലയാളികളുടെ ട്രോള്‍ ലിസ്റ്റില്‍ പണ്ടേക്ക് പണ്ടേ ഇടം പിടിച്ചതാണ്. ബാലകൃഷ്ണയുടെ ഏറ്റവും പുതിയ സിനിമയായ ജയ് സിംഹയിലെ ഒരു രംഗം ഇപ്പോള്‍ ദേശീയ ശ്രദ്ധ വരെ ആകര്‍ഷിച്ചിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമായ മഹീന്ദ്രാ ബൊലേറോയ്ക്കുള്ളില്‍ പെട്ട് പോയ ഒരു പാല്‍ കുപ്പി സമീപത്തുള്ള പിഞ്ചു കുട്ടിക്കായി നായകന്‍ എടുത്ത് കൊടുക്കുന്ന രീതിയാണ് ബാലകൃഷ്ണ ആരാധകര്‍ക്ക് അവേശവും മറ്റുള്ളവര്‍ക്ക് തമാശയ്ക്കും വക നല്‍കുന്നത്. ബൊലേറോയുടെ മുന്‍ഭാഗം തന്റെ വലത് കൈ കൊണ്ട് ആയാസത്തോടെ പൊക്കിയതിന് ശേഷം കുട്ടിയുടെ അമ്മയോട് ‘പാല്‍ കുപ്പി എടുത്ത് പോയ്‌ക്കോളു’ എന്ന് ബാലകൃഷ്ണ പറയുന്നതാണ് സീന്‍. ഈ സമയം മറ്റ് ഗ്രാമവാസികള്‍ നായകന്റെ വീര ശൂര പരാക്രമത്തിന് കൈയ്യടിക്കുന്നതും പൊലീസുകാരന്‍ ചൂളി പോകുന്നതും സീനിലുണ്ട്. ട്രോളന്‍മാര്‍ എല്ലാ തവണത്തേയും പോലെ ഇത്തവണയും ബാലകൃഷണയെ ഒഴിവാക്കാന്‍ ഒരുക്കമായിരുന്നില്ല. ചിത്രം റിലീസായതിന് പിന്നാലെ വ്യാപകമായ ട്രോളുകളാണ് ഈ സീനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒടുവില്‍ ബൊലേറോ വാഹനത്തിന്റെ നിര്‍മ്മാതാക്കളായ മഹീന്ദ്ര കമ്പനിയുടെ ഉടമ ആനന്ദ് മഹീന്ദ്രയും ബാലകൃഷ്ണയ്‌ക്കെതിരെ കിടിലം ട്രോളുമായെത്തി. ട്വിറ്ററില്‍ കൂടെയായിരുന്നു മഹീന്ദ്ര ഉടമയുടെ കമന്റ്. ‘ഇനി ഞങ്ങളുടെ സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ ബൊലേറോയുടെ ചെക്കപ്പിനായി ഹൈഡ്രോളിക് ലിഫ്റ്റിന്റെ ആവശ്യമില്ലല്ലോ’ എന്നായിരുന്നു ആനന്ദ് മഹീന്ദയുടെ കിടിലം ട്രോള്‍. ട്വീറ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് ആനന്ദ് മഹീന്ദ്രയ്ക്ക് ഈ ട്രോളിന് റീട്വീറ്റുമായി എത്തിയത്.
തെലുങ്ക് സിനിമയില്‍ നായകന്‍ ബൊലേറോ എടുത്ത് പൊക്കുന്നത് കണ്ട് അന്തം വിട്ട് മഹീന്ദ്ര കമ്പനി ഉടമ തന്നെ ട്രോളുമായി രംഗത്തെത്തി
Tags: Mahindra NuvoSport