ക്വാണ്ടോയുടെ പരിഷ്കരിച്ച പതിപ്പുമായി മഹീന്ദ്ര വീണ്ടുമെത്തുന്നു. നുവൊ സ്പോര്‍ട്ട് എന്നു പേരിട്ടിരിക്കുന്ന മോഡല്‍ ഏപ്രില്‍ നാലിന് വിപണിയിലെത്തും. സബ് കോംപാക്റ്റ് എസ്യുവി വിഭാഗത്തില്‍ മഹീന്ദ്രയുടെ ആദ്യ മോഡലായിരുന്നു ക്വാണ്ടോ. ഇതിന്‍റെ നവീകരിച്ച മോഡലെന്നാണ് കമ്പനി വുനോ സ്പോര്‍ട്ടിനെ വിശേഷിപ്പിക്കുന്നത്.
ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയിലാണ് പുതിയ എസ്യുവി വികസിപ്പിച്ചെടുത്തത്. ക്വാണ്ടോയുടെ പിന്‍ഗാമിയെന്നാണ് അറിയപ്പെടുന്നതെങ്കിലും എസ്യുവിയുടെ മുന്‍ഭാഗം ക്വാണ്ടോയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്.
ഹെഡ് ലാംപുകള്‍ക്ക് മുകളില്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍ പ്രത്യേകതയാണ്. ഗ്രില്‍ , ബംപര്‍ , അലോയ്സ് എന്നിവയും പുതിയതാണ്. ബോണറ്റിനു മുന്‍ഭാഗത്തായി എയര്‍ സ്കൂപ്പ് നല്‍കിയിരിക്കുന്നു. അതേസമയം പിന്‍ഭാഗത്ത് കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടുമില്ല. ക്ലിയര്‍ ലെന്‍സ് ടെയ്ല്‍ ലാംപുകള്‍ കൊണ്ട് പിന്‍ഭാഗത്തെ കൂടുതല്‍ മനോഹരമാക്കിയിട്ടുമുണ്ട്. ഇന്‍റീരിയറിലും പരമാവധി പുതുമ കൊണ്ടുവരാന്‍ മഹീന്ദ്ര ശ്രദ്ധിച്ചിട്ടുണ്ട്. ഏഴു പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് സീറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
നുവൊ സ്പോര്‍ട്ടിന്‍റെ ചിത്രം പുറത്തു വിട്ടെങ്കിലും എന്‍ജിനെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പെട്രോള്‍- ഡീസല്‍ വകഭേദങ്ങള്‍ ഇതിനുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍ വകഭേദത്തിന് എഎംടി ഗീയര്‍ബോക്സ് ലഭ്യമാക്കുമെന്നും വാഹനപ്രേമികള്‍ മോഹിക്കുന്നുണ്ട്.
നാലു വര്‍ഷം മുന്‍പ് 2012 ലാണ് ക്വാണ്ടോയെ മഹീന്ദ്ര വിപണിയിലിറക്കിയത്. സൈലോയുടെ ചെറിയ പതിപ്പ് പോലെയുള്ള ക്വാണ്ടോയ്ക്ക് പക്ഷേ വിപണിയില്‍ വേണ്ടത്ര വിജയം നേടാനായില്ല. അതോടെയാണ് എസ്യുവിയില്‍ പുതുമുഖത്തെ കൊണ്ടുവരാന്‍ മഹീന്ദ്ര തീരുമാനിച്ചത്. ടിയുവി 300 ന്‍റെ മുകളിലായിരിക്കും നുവൊ സ്പോര്‍ട്ടിന്‍റെ സ്ഥാനം. വിപണിയില്‍ ഇക്കോ സ്പോര്‍ട്ടുമായാണ് മഹീന്ദ്ര എസ്യുവി മത്സരിക്കാനെത്തുന്നത്. ഏകദേശം 5.50 ലക്ഷം രൂപ – 8 ലക്ഷം രൂപ വരെയായിരിക്കും നുവോയുടെ വില.