സര്‍ക്കാര്‍ ആശുപത്രിയില്‍ മരുമകള്‍ക്ക് പ്രസവമൊരുക്കിയ ഛത്തിസ്ഗഡ് മുഖ്യമന്ത്രി വിവാദത്തില്‍; രോഗികളെ കൂട്ടത്തോടെ ഒഴിപ്പിച്ചു

റായ്പുര്‍: പുത്രന്റെ ഭാര്യയുടെ പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രിനിലയിലെ രോഗികളെ മുഴുവന്‍ ഒഴിപ്പിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിവാദത്തില്‍. പുത്രഭാര്യയെ പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രശംസ നേടിയ രമണ്‍സിംഗാണ് വിവാദത്തിലായത്. എംപിയായ മകന്‍ അഭിഷേകിന്റെ ഭാര്യ ഐശ്വര്യയുടെ പ്രസവത്തിനായി റായ്പുരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഒരു നിലയിലെ രോഗികളെ മുഴുവന്‍ ഒഴിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. നവജാത ശിശുവിനെയുമായി നില്‍ക്കുന്ന ചിത്രം രമണ്‍ സിങ് പുറത്തുവിട്ടതിനെത്തുടര്‍ന്നു പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രി തിരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ അഭിനന്ദനം ചൊരിഞ്ഞു സന്ദേശങ്ങളെത്തിയത്.

ഭീംറാവു അംബേദ്കര്‍ സ്മാരക ആശുപത്രിയിലെ മൂന്നാം നിലയാണ് ഐശ്വര്യയുടെ പ്രസവത്തിനായി ഒഴിപ്പിച്ചത്. 1,200ല്‍ അധികം രോഗികളെയാണ് ഈ നിലയില്‍നിന്നു മറ്റു നിലകളിലേക്കു മാറ്റിയത്. എന്നാല്‍ ആവശ്യത്തിനു കിടക്കകള്‍ ഇല്ലാത്തതിനാല്‍ പല രോഗികളും കിടക്കകള്‍ പങ്കിട്ടാണു കഴിഞ്ഞതെന്ന വാര്‍ത്ത പിന്നാലെ പുറത്തുവന്നു. സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയാണു മുഖ്യമന്ത്രി വിഐപി ട്രീറ്റ്‌മെന്റ് തേടിയതെന്നു പ്രതിപക്ഷവും പൊതുജനങ്ങളും അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കായി രണ്ടു മുറികളാണു നല്‍കിയത്. ബാക്കി മുറികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കായി നല്‍കിയതാണ് ഒരു നില മുഴുവന്‍ ഒഴിപ്പിക്കാന്‍ കാരണമെന്നാണു റിപ്പോര്‍ട്ട്. ആശുപത്രിയിലെ സുരക്ഷാ സംവിധാനങ്ങള്‍ക്കായി 50 പൊലീസുകാരെയാണ് ആ നിലയില്‍ താമസിപ്പിച്ചതത്രേ. എന്നാല്‍ സ്വകാര്യ ആശുപത്രിയെ സമീപിക്കാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ പുത്രഭാര്യയെ അഡ്മിറ്റ് ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ ആദരിക്കണമെന്ന് അഭിപ്രായപ്പെട്ടു ബിജെപിയും രംഗത്തെത്തി.

രോഗികള്‍ക്കായി കിടക്കകള്‍ കുറവാണെന്ന പരാതി മുന്‍പേതന്നെ ആശുപത്രിയെക്കുറിച്ചുണ്ട്. ഐശ്വര്യയ്ക്കായി 700 കിടക്കകളാണ് ഒഴിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ രോഗികള്‍ കൂടുതലായിരുന്നുവെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കുന്നത്. ആശുപത്രി വളപ്പില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സ്വതവേതന്നെ സ്ഥലം കുറവായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. വിവേക് ചൗധരി ദേശീയ മാധ്യമങ്ങളോട് അറിയിച്ചു.

ഡോക്ടര്‍മാരില്ലാത്തതിനാല്‍ കൊടുംശൈത്യത്തില്‍ ജമ്മുവില്‍ ഒരു യുവതിക്ക് ആശുപത്രി ഗേറ്റിനുമുന്നില്‍ പ്രസവിക്കേണ്ടിവന്നെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് ഈ വാര്‍ത്തയും വരുന്നത്.

Top