കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടിയതോടെ പ്രതിസന്ധിയിലായത് ഒരു കൂട്ടം വിദ്യാര്‍ത്ഥികളായിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി പോലും നോക്കാതെയാണ് കോടതി പൂട്ടണമെന്ന ഉത്തരവിട്ടത്. എന്നാല്‍, കുട്ടികള്‍ക്ക് കൈത്താങ്ങായി കോഴിക്കോടിന്റെ സ്വന്തം കളക്ടര്‍ ബ്രോ എന്‍ പ്രശാന്ത് എത്തി. കുട്ടികള്‍ക്ക് ഇനി സ്‌കൂള്‍ കളക്ട്രേറ്റായിരിക്കും. സ്‌കൂള്‍ തുറക്കുന്നതുവരെ ഇവരുടെ പഠനം കളക്ട്രേറ്റില്‍ നടക്കുമെന്ന് എന്‍ പ്രശാന്ത് അറിയിച്ചു.
അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി കഴിഞ്ഞു. വിദ്യാര്‍ത്ഥികളെ കോഴിക്കോട് കളക്ടറേറ്റിലേക്കാണ് മാറ്റിയത്. കളക്ടര്‍ എന്‍ പ്രശാന്തിന്റെ നേതൃത്വത്തിലാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്‌കൂള്‍ കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടിയെങ്കിലും വിദ്യാര്‍ഥികളുടെ പഠനം ഒരുതരത്തിലും മുടങ്ങില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിക്കും. കുട്ടികളുടെ പഠനത്തെ അത് ഒരുതരത്തിലും ബാധിക്കില്ല.
അടച്ചുപൂട്ടുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ ഇക്കാര്യം പഠിച്ച് വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുവിദ്യാഭ്യാസം തകര്‍ക്കുന്ന ഒരു പരിപാടിക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിനായി കെഇആര്‍ പരിഷ്‌കരണമോ, ഓര്‍ഡിനന്‍സോ ഏതാണ് വേണ്ടതെന്ന് നിയമവിദഗ്ദരുമായി ആലോചിച്ച് നടപടി സ്വീകരിക്കും. വിഷയത്തില്‍ രക്ഷിതാക്കള്‍ ആശങ്കപ്പെടേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.